wayanad local

ആലത്തൂര്‍ എസ്റ്റേറ്റ് : മരങ്ങളില്‍ തറച്ച ആണി മാറ്റണമെന്ന നിര്‍ദേശം നടപ്പായില്ല



മാനന്തവാടി: കാട്ടിക്കുളം തൃശ്ശിലേരി വില്ലേജിലെ ആലത്തൂര്‍ എസ്‌റ്റേറ്റിലെ മരങ്ങളില്‍ തറച്ച ആണി എടുത്തു മാറ്റണമെന്ന ജില്ലാ കലക്ടറുടെ ഉത്തരവ് മാനേജ്‌മെന്റ് അവഗണിക്കുന്നു. കേരളം അന്യം നില്‍പ്പും കണ്ടുകെട്ടലും നിയമം 1964 സെക് ഷന്‍ 5 പ്രകാരം ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനായി  21/12/17ന് എസ്റ്റേറ്റ് മാനേജ്‌മെന്റിന് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കിയിട്ടുള്ളതായിരുന്നു. അത് പ്രകാരം നടപടികള്‍ പുരോഗമിക്കുന്നതിനിടയിലാണ് എസ്റ്റേ റ്റിലെ 500ല്‍ പരം ഈട്ടിമരങ്ങള്‍ക്ക് അനധികൃതമായി ആണിയടിച്ച് നമ്പര്‍ പ്ലെയിറ്റിട്ടത്. മരങ്ങള്‍ക്ക് ആണിയടിച്ച സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മരങ്ങളില്‍ തറച്ച ആണി പറിച്ച് മാറ്റാന്‍ ജില്ലാ കലക്ടര്‍ മാനേജ്‌മെന്റിന് നോട്ടീസ് നല്‍കിയിരുന്നു. 11.4.2017ന് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ മരത്തില്‍ തറച്ച ആണികള്‍ എടുത്ത് മാറ്റാന്‍ മാനേജ്‌മെന്റ് തയ്യാറായിട്ടില്ല. ഇതേ പോലെ 2010ല്‍ 50ഓളം ഈട്ടിമരങ്ങള്‍ക്ക് ആണിയടിച്ച് ഉണക്കിയാണ് എസ്റ്റേറ്റില്‍ നിന്ന് മരങ്ങള്‍ മുറിച്ച് കടത്തിയത്. വിവാദമായ ആലത്തൂര്‍ എസ്റ്റേറ്റില്‍ നിന്ന് ഒരു മരത്തിന്റെ ശിഖരം പോലും മുറിക്കാന്‍ പാടില്ലന്ന് ഉത്തരവ് ഉണ്ടായിട്ടും രാഷട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ ലക്ഷങ്ങളുടെ മരങ്ങളും മുറിച്ച് കടത്തി. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമികള്‍ വീണ്ടെടുക്കണമെന്ന മനുഷ്യവകാശ കമ്മീഷന്റെ നിര്‍ദേശവും  ഉണ്ടായിരുന്നു. കമ്മീഷന്റെ നിര്‍ദേശ പ്രകാരം ഐജി എസ് ശ്രീജിത്ത് നടത്തിയ അന്വേഷണത്തില്‍ അയ്യായിരത്തിലധികം’ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനുള്ളത്. തുടര്‍ന്നാണ് ഇത്തരം ഭൂമികള്‍ പിടിച്ചെടുക്കാന്‍ കമ്മീഷന്‍ രണ്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഇന്‍ഡിപെന്‍ഡന്റ് ആക്ട്, 1947 ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ എന്നിവ പ്രകാരം ആലത്തൂര്‍ എസ്റ്റേറ്റിലെ 250ല്‍ പരം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഭൂമിയാണന്ന് തെളിഞ്ഞിട്ടും എസ്റ്റേറ്റിനെ ചുറ്റിപ്പറ്റി മാത്രം ജീവിക്കുന്ന ചില രാഷ്ട്രിയ വമ്പന്‍മാരും ഉദ്യോഗസ്ഥ ലോബിയുമാണ് എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. അഞ്ഞൂറില്‍പ്പരം ഈട്ടിമരങ്ങള്‍ക്കാണ് മാസങ്ങള്‍ക്ക് മുന്‍പ് ആണികള്‍ തറച്ച് കയറ്റിയിട്ടുള്ളത്. പക്ഷേ ഒരു മാസം കഴിഞ്ഞിട്ടും ജില്ലാ കലക്ടറുടെ നിര്‍ദേശം മാനേജ്‌മെന്റ് പാലിച്ചിട്ടില്ല.
Next Story

RELATED STORIES

Share it