thiruvananthapuram local

ആറ്റിങ്ങലില്‍ രണ്ടിടത്തുനിന്നായി രണ്ടര കിലോ കഞ്ചാവ് പിടികൂടി

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ രണ്ടിടത്ത് കഞ്ചാവുവേട്ട. നാലു പേര്‍ പിടിയില്‍. ഇവരില്‍ നിന്ന് രണ്ടര കിലോയോളം കഞ്ചാവ് എക്‌സൈസ്, പോലിസ് സംഘം പിടികൂടി. ഇതില്‍ ചിറയിന്‍കീഴ് റെയില്‍വേ സ്‌റ്റേഷനിലെ ഫ്‌ളൈഓവറിനു സമീപത്തു നിന്ന് ഒന്നര കിലോയും കടയ്ക്കാവൂര്‍ മണനാക്കില്‍ നിന്ന് ഒരു കിലോയുമാണ് പിടികൂടിയത്. ചെറുപാക്കറ്റുകളിലായി പൊതിഞ്ഞ് വില്‍പനയ്ക്ക് തയ്യാറാക്കി വലിയ പാര്‍സല്‍ പാക്കറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനു സമീപത്തു നിന്ന് എക്‌സൈസ് അധികൃതര്‍ പിടിച്ചെടുത്ത കഞ്ചാവ്.
ആറ്റിങ്ങല്‍ എക്‌സൈസ് സിഐ ചന്ദ്രമോഹനന്‍ നായര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ചിറയിന്‍കീഴ് കോളിച്ചിറ ചരുവിള പുത്തന്‍വീട്ടില്‍ റജി (29), ശാര്‍ക്കര മൊറട്ടവിളാകം ആറ്റുവരമ്പില്‍ വീട്ടില്‍ മണികണ്ഠന്‍ (28) എന്നിവരാണ് പിടിയിലായത്. സ്‌കൂള്‍, ഐടിഐ, കോളജ് വിദ്യാര്‍ഥികള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ എന്നിവര്‍ക്ക് വില്‍ക്കാനായി തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ചതായിരുന്നു ഇത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
സ്‌കൂള്‍കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിപ്പോന്ന സംഘത്തെയാണ് കടയ്ക്കാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പള്ളിക്കല്‍ വയലില്‍കട വീട്ടില്‍ അന്‍സാര്‍ (31), പെരുമാതുറ മാടന്‍വിള പണ്ടാരത്തോപ്പില്‍ ഹംസ (38) എന്നിവരാണ് പോലിസിന്റെ പിടിയിലായത്. പിടികൂടുമ്പോള്‍ ഇവരുടെ പക്കല്‍ ഒരു കിലോയോളം കഞ്ചാവുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍ നിന്നാണ് കഞ്ചാവ് ഇവിടേക്ക് എത്തിച്ചത്. കടയ്ക്കാവൂര്‍ എസ്‌ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Next Story

RELATED STORIES

Share it