Kottayam Local

ആറു മാസമായി ശമ്പളം ലഭിച്ചില്ല; യാക്കോബായ വൈദികന്‍ നിരാഹാരം ആരംഭിച്ചു

കോട്ടയം: ആറു മാസക്കാലമായി ശമ്പളം ലഭിക്കാതിരുന്നതില്‍ പ്രതിഷേധം അറിയിച്ച് യാക്കോബായ വൈദികന്‍ നിരാഹാര സമരം തുടങ്ങി. ഫാ. ജിബി വാഴൂരാണ് യാക്കോബായ സഭയുടെ കോട്ടയം ശാസ്ത്രി റോഡിലുള്ള ഭദ്രാസന ഓഫിസില്‍ ഇന്നലെ ഉച്ചമുതല്‍ നിരാഹാര സമരം ആരംഭിച്ചത്. യാക്കോബായ സഭയിലെ വൈദികനായി പട്ടമേറ്റിട്ട് 10 വര്‍ഷത്തിലധികമായി ജിബി. ആറു മാസമായി ഫാ. ജിബിക്ക് വികാരി സ്ഥാനമോ പള്ളിയോ ഇല്ല. കല്ലുങ്കത്ര പള്ളിയിലാണു വൈദികന്‍ അവസാനമായി വികാരിയായിരുന്നത്. അവിടെ വികാരിമാരുടെ സ്ഥലം മാറ്റവുമായി ഒരു കേസ് ഇടവക മെത്രാപ്പോലീത്താ തോമസ് മാര്‍ തീമോത്തിയോസുമായി നിലനിന്നിരുന്നു. അതിന്റെ വിധിയില്‍ 1934ലെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം കാര്യങ്ങള്‍ നടക്കണമെന്ന് വിധിച്ചിരുന്നു. ഇതോടെയാണ് തീമോത്തിയോസിന്റെ കണ്ണിലെ കരടായി ഫാ. ജിബി മാറിയത്. അന്ന് യാതൊരു വിധ നടപടിയും ഉണ്ടാവില്ലെന്ന ധാരണ ഉണ്ടായിരുന്നെങ്കിലും പിന്നീട് നയം മാറുകയായിരുന്നു. കല്ലുങ്കത്ര പള്ളിയുടെ വികാരി സ്ഥാനത്തു നിന്ന് നീക്കിയതോടെ പള്ളിയുമില്ല ശമ്പളവും ഇല്ലാത്ത അവസ്ഥയായി. ഇടവക മെത്രാപ്പോലീത്തായുമായി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. മറ്റു വൈദികര്‍ പ്രതിമാസം 20,000 രൂപ ശമ്പളം വാങ്ങുമ്പോള്‍ ഇദ്ദേഹത്തിന് 5000 രൂപ നല്‍കാമെന്ന തീരുമാനത്തിലാണ് സഭാ നേതൃത്വം. വികാരി സ്ഥാനവും നല്‍കില്ല എന്ന തീരുമാനമാണ് എടുത്തിരിക്കുന്നത്. വിദേശ പര്യടനവും ഉപരി പഠനവും മറ്റും നടത്തുന്നതിനായി അവധിയില്‍ ആയിരിക്കുന്നവര്‍ക്ക് വരെ വികാരി സ്ഥാനം നല്‍കിയിരിക്കുമ്പോഴാണ് ഫാ. ജിബി ദുസ്ഥിതി നേരിടുന്നത്.
Next Story

RELATED STORIES

Share it