ആറുദിന യുദ്ധത്തിന് അരനൂറ്റാണ്ട്‌

ആറുദിന യുദ്ധത്തിന് അരനൂറ്റാണ്ട്‌
X


സയണിസ്റ്റ് അധിനിവേശം അറബ്‌ലോകത്ത് പിടിമുറുക്കുന്നതിന് ആക്കംകൂട്ടിയ സുപ്രധാന ഘടകമാണ് 1967 ജൂണ്‍ 5 മുതല്‍ 10 വരെ നീണ്ടുനിന്ന ആറുദിന യുദ്ധം. അറബ്-ഇസ്രായേല്‍ സംഘര്‍ഷങ്ങളിലെ ഈ യുദ്ധത്തിന് അരനൂറ്റാണ്ട് പൂര്‍ത്തിയാവുകയാണ്. 1967ലെ യുദ്ധത്തില്‍ അറബികള്‍ പരാജയപ്പെടാനിടയായ കാരണങ്ങളെക്കുറിച്ചോ സൈനിക, രാഷ്ട്രീയ ഉത്തരവാദികള്‍ ആരൊക്കെയെന്നോ ഔദ്യോഗികമായ ഒരു പരിശോധനയും അറബ് സര്‍ക്കാരുകള്‍ നടത്തിയിട്ടില്ലെന്ന് പ്രമുഖ ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ യൂസുഫുല്‍ ഖഈദ് പറയുന്നു. പലപ്പോഴായി നടന്ന മാധ്യമ ചര്‍ച്ചകളിലൂടെ 'മുന്‍ വീരശൂരര്‍' നടത്തിയ വെളിപ്പെടുത്തലുകളോ ഇസ്രായേല്‍പക്ഷ അമേരിക്കന്‍ ഏജന്‍സികള്‍ പുറത്തുവിടുന്ന പഠനങ്ങളോ മാത്രമാണ് അറബ്ജനതയുടെ ആശ്രയം. എന്നാലും പരാജയങ്ങള്‍ക്കു പേരിടാന്‍ അറബ്ജനത മിടുക്കരാണ്. 1948ല്‍ ഫലസ്തീന്‍ഭൂമിയില്‍ സയണിസ്റ്റ് രാജ്യം സ്ഥാപിച്ചതിന് 'നക്ബ' (തകര്‍ച്ച) എന്നു പേരിട്ടപ്പോള്‍ 1967ലെ യുദ്ധത്തിലൂടെ സയണിസ്റ്റ് അധിനിവേശം നാലിരട്ടി വര്‍ധിപ്പിച്ചതിനെ 'നക്‌സ' (പതനം) എന്നും വിളിക്കുന്നു.ഇസ്രായേല്‍ ഒരുഭാഗത്തും ഈജിപ്ത്, സിറിയ, ജോര്‍ദാന്‍ എന്നീ അറബ് രാജ്യങ്ങള്‍ മറുഭാഗത്തുമായി ആറുദിവസം നടന്ന സൈനിക ഏറ്റുമുട്ടലുകള്‍ക്ക് ഇസ്രായേലിന് അമേരിക്കന്‍പക്ഷത്തിന്റെ പൂര്‍ണ സഹായമുണ്ടായിരുന്നു. അറബ് രാജ്യങ്ങള്‍ക്കിടയിലുള്ള ഭിന്നത മുതലെടുത്ത് അപ്രതീക്ഷിത ആക്രമണം നടത്താന്‍ അമേരിക്കയാണ് ഇസ്രായേലിനെ പ്രേരിപ്പിച്ചതെന്നു പിന്നീട് വ്യക്തമാക്കപ്പെടുകയുണ്ടായി. ലബ്‌നാന്‍, ഇറാഖ്, അല്‍ജീരിയ, സൗദി അറേബ്യ, കുവൈത്ത് എന്നീ രാജ്യങ്ങളുടെ ലോജിസ്റ്റിക് സഹായം അറബ്പക്ഷത്തിനുണ്ടായിരുന്നു. എന്നാല്‍, അവര്‍ക്കിടയിലെ അഭിപ്രായവ്യത്യാസവും സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടിയുള്ള ഒറ്റും ഇസ്രായേലിനാണ് ഉപകരിച്ചത്. 1950കളില്‍ രാജഭരണങ്ങള്‍ നിലംപൊത്തി ജനകീയ കുപ്പായമിട്ട സ്വേച്ഛാധിപതികള്‍ ഭരണമേറിയ അറബ്‌രാജ്യങ്ങള്‍ക്കിടയില്‍ സംയുക്ത സഹകരണ നീക്കങ്ങളും സൈനികശക്തി സംഭരണവും ശക്തിപ്പെടുന്നത് ഇസ്രായേലിനെയും സഖ്യത്തെയും അലോസരപ്പെടുത്തിയിരുന്നു. നൂതന യുദ്ധക്കോപ്പുകള്‍ ഇസ്രായേലിനു നല്‍കി എത്രയും പെട്ടെന്ന് അറബ്‌സഖ്യത്തെ ആക്രമിക്കാന്‍ അമേരിക്ക ധൃതികൂട്ടിയിരുന്നുവെന്ന് 2001ല്‍ അമേരിക്ക 'പുറത്തുവിട്ട' രേഖകള്‍ വ്യക്തമാക്കുന്നു. ശേഷിച്ച അറബ് രാജഭരണകൂടങ്ങളില്‍ ചിലര്‍ ഒറ്റുകാരായി പ്രവര്‍ത്തിച്ചിട്ടുമുണ്ട്. 1965ല്‍ മൊറോക്കോയിലെ കസാബ്ലാങ്കയില്‍ നടന്ന അറബ് ഉച്ചകോടി പൂര്‍ണമായി ചിത്രീകരിച്ച് ഇസ്രായേലിനു കൈമാറാന്‍ അന്നത്തെ മൊറോക്കോ രാജാവ് ഉണ്ടാക്കിയ കരാര്‍ ഉദാഹരണം. ഇതിലൂടെ, ഇസ്രായേലുമായി യുദ്ധത്തില്‍ ഏര്‍പ്പെടുന്നതു സംബന്ധിച്ച് അറബ് രാജ്യങ്ങള്‍ക്കിടയിലെ ഭിന്നതയുടെ പൂര്‍ണരൂപം അപ്പടി ഇസ്രായേലിനു ലഭിക്കുകയും ആക്രമണത്തിന് അവര്‍ക്കു ധൈര്യം വര്‍ധിക്കുകയും ചെയ്തു.പുറത്തുവന്ന വിവരങ്ങള്‍പ്രകാരം, അമേരിക്കന്‍ പ്രസിഡന്റ് ജോണ്‍സണുമായി ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗം (മൊസാദ്) തലവന്‍ അമീത് നടത്തിയ കൂടിക്കാഴ്ചയില്‍, ഇപ്പോള്‍ ആക്രമിക്കുകയാണെങ്കില്‍ അറബികളെ തകര്‍ക്കാന്‍ എത്ര സമയം വേണ്ടിവരുമെന്നാണ് ജോണ്‍സണ്‍ ചോദിച്ചത്. 10 ദിവസത്തിനകം എന്ന് മൊസാദ് തലവന്‍ പറഞ്ഞപ്പോള്‍, പിന്നെന്തിനു നോക്കിയിരിക്കണം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണം. ആക്രമണത്തിന്റെ തുടക്കത്തില്‍ തന്നെ അറബ് വ്യോമശക്തി തകര്‍ക്കണമെന്നതും അമേരിക്കന്‍ പദ്ധതിയുടെ ഭാഗമായിരുന്നു. മറുവശത്ത്, സോഷ്യലിസ്റ്റ് തേരിലേറി അറബ് ദേശീയതയുടെ ലഹരി നുണഞ്ഞിരുന്ന ഈജിപ്ത്, സിറിയ, ഇറാഖ് തുടങ്ങിയ രാജ്യങ്ങള്‍ റഷ്യന്‍ സൈനികശക്തിയിലും സഹായത്തിലും വിശ്വാസമര്‍പ്പിച്ച് രംഗത്തിറങ്ങിയെങ്കിലും അമേരിക്കന്‍ ആയുധങ്ങളെ നേരിടാന്‍ തക്ക സൈനിക സഹായമോ വിദഗ്‌ധോപദേശങ്ങളോ മേഖലയിലെ മിത്രങ്ങള്‍ക്കു റഷ്യ നല്‍കിയില്ലെന്നു മാത്രമല്ല, ഇസ്രായേല്‍ സന്നാഹങ്ങളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് അവര്‍ ഈജിപ്തിനു കൈമാറിയത്. ഇത് ഇസ്രായേല്‍രാഷ്ട്രത്തെ ആദ്യമായി അംഗീകരിക്കാന്‍ തയ്യാറായ റഷ്യക്ക് വിവരശേഖരണത്തില്‍ വന്ന പിഴവാകാന്‍ വഴിയില്ലെന്ന് അറബ് നിരീക്ഷകര്‍ കരുതുന്നു. ഈജിപ്തിനെ ഇസ്രായേല്‍ ആക്രമിക്കുമെന്ന് യുദ്ധം തുടങ്ങുന്നതിന്റെ ഏതാനും ദിവസം മുമ്പ് സൈനിക അന്വേഷണവിഭാഗം വിവരം കൈമാറിയപ്പോഴും തിരിച്ചടിക്കാന്‍ കാര്യമായ നീക്കങ്ങളൊന്നും നടത്താതെ അബ്ദുന്നാസറിനെ വഴിതിരിച്ചുവിടുന്നതില്‍ ഇസ്രായേലിനു വേണ്ടി അമേരിക്കയും റഷ്യയും ഒത്തുകളിച്ചുവെന്നും പിന്നീട് വ്യക്തമാവുകയുണ്ടായി. ഈജിപ്ത് ആക്രമിക്കപ്പെട്ടാല്‍ റഷ്യ നോക്കിയിരിക്കില്ലെന്ന് ഈജിപ്ത് വിദേശകാര്യമന്ത്രിക്ക് നേരിട്ടു റഷ്യ നല്‍കിയ ഉറപ്പ് വെറുംവാക്ക് മാത്രമായിരുന്നുവെന്ന് എല്ലാം കഴിഞ്ഞശേഷമാണ് തിരിച്ചറിയുന്നത്. 1967 ജൂണ്‍ അഞ്ചിനു രാവിലെ ഒമ്പതോടെ ഇസ്രായേല്‍ വ്യോമസേന ഈജിപ്തിലെ സിനായ്, ഡെല്‍റ്റ, കെയ്‌റോ, വാദിനൈല്‍ പ്രദേശങ്ങളില്‍ ഒരേസമയം ആക്രമണം നടത്തി യുദ്ധത്തിനു തുടക്കമിട്ടു. ഈജിപ്തില്‍ നിന്നു സിനായ് ഉപദ്വീപും ഗസാചീന്തും ജോര്‍ദാനില്‍ നിന്നു കിഴക്കന്‍ ഖുദ്‌സും വെസ്റ്റ്ബാങ്കും സിറിയയില്‍ നിന്നു ഗോലാന്‍കുന്നുകളും ഇസ്രായേല്‍ അധീനപ്പെടുത്തിയതാണ് യുദ്ധത്തിന്റെ പ്രധാന ദുരന്തം. അറബ് ഭാഗത്ത് ഏകദേശം 25,000 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ഇസ്രായേലിന്റെ ആള്‍നഷ്ടം ആയിരത്തില്‍ താഴെയാണെന്നാണ് കണക്ക്. ഇസ്രായേലിനെതിരേ വീണ്ടുമൊരു അറബ് തിരിച്ചടി തടയുന്നവിധം യുഎന്‍ പ്രമേയം 242 അംഗീകരിക്കപ്പെട്ടു. ഈജിപ്തിലെ സൂയസ് കനാല്‍ നഗരങ്ങളില്‍ നിന്നും സിറിയയിലെ ഖുനൈതിറ പ്രദേശത്തുനിന്നും ഫലസ്തീനിലെ വെസ്റ്റ്ബാങ്കില്‍ നിന്നും ലക്ഷക്കണക്കിന് അറബ്ജനത പലായനം ചെയ്തതും ഫലസ്തീന്‍ പ്രദേശങ്ങളിലെ ഗ്രാമങ്ങളുടെ അടയാളങ്ങള്‍ പോലും നീക്കം ചെയ്ത് അവിടങ്ങളില്‍ ജൂതര്‍ കുടികെട്ടിയതുമടക്കം വേറെയും ഫലങ്ങളുണ്ട്. പ്രമുഖ അറബ് രാജ്യങ്ങളെ മുട്ടുകുത്തിച്ച പരാജയം ആറുദിവസത്തെ യുദ്ധത്തിലൂടെയായിരുന്നുവെങ്കില്‍ അരനൂറ്റാണ്ട് പിന്നിട്ടപ്പോള്‍ അതേ രാജ്യങ്ങളെ ഇന്ന് ആക്രമിച്ചു തകര്‍ക്കാന്‍ തങ്ങള്‍ക്ക് ആറു മണിക്കൂര്‍ മതിയാവുമെന്ന് ഇസ്രായേല്‍ വീമ്പടിക്കുകയാണ്.1967ലെ യുദ്ധത്തെ തുടര്‍ന്നാണ് ഇസ്രായേലിനെ ഒരു സൈനികശക്തിയായി പാശ്ചാത്യലോകം കണക്കാക്കുന്നത്. ഇസ്രായേല്‍ ആരെയും വകവയ്ക്കാതെ ഫലസ്തീന്‍പ്രദേശങ്ങള്‍ കൈയടക്കുകയും കുടിയേറ്റം വര്‍ധിപ്പിക്കുകയും ചെയ്തു. തങ്ങളുടെ ഭൂമിശാസ്ത്ര വിസ്തൃതി വര്‍ധിപ്പിച്ച ഇസ്രായേല്‍, 1948ലെ വിസ്തൃതിയുടെ നാലുമടങ്ങോളം വലുതായി. എല്ലാ അന്താരാഷ്ട്ര ധാരണകളെയും കാറ്റില്‍പ്പറത്തി അധിനിവേശം മുന്നോട്ടുകൊണ്ടുപോവാന്‍ സയണിസ്റ്റ് രാജ്യത്തിനു ചങ്കൂറ്റം കൂടി. ഈജിപ്തിന്റെ സിനായ് പ്രദേശത്തെ എണ്ണവിഭവങ്ങളും സിറിയന്‍ പ്രദേശങ്ങളിലെ ജലവിഭവവും അവര്‍ നിര്‍ബാധം കൊള്ളയടിക്കുന്നു.ഇന്നോളം നടന്ന സമാധാനശ്രമങ്ങളെല്ലാം ഇസ്രായേലിന്റെ മര്‍ക്കടമുഷ്ടി കാരണമായി വിഫലമാവുകയായിരുന്നു. ഏകപക്ഷീയമായ ഫലസ്തീന്‍ സമാധാനശ്രമങ്ങളുടെ ഫലമായി ഇസ്രായേലിനു പൂര്‍ണ നിയന്ത്രണവും സ്വാധീനവുമുള്ള ഫലസ്തീന്‍ അതോറിറ്റിയുടെ കീഴില്‍ വെസ്റ്റ്ബാങ്കില്‍ ഒരു പഞ്ചായത്ത് ഭരണമുണ്ടെങ്കിലും പ്രധാന പണി ഒരുതരത്തിലുമുള്ള വിമോചനപ്പോരാട്ടവും അവിടെ നടക്കില്ലെന്ന് ഉറപ്പുവരുത്തലാണ്. അതോറിറ്റിയെ കൂടാതെ അവിടെ ലാഭം കൊയ്യുന്നവര്‍ അനധികൃത ജൂതകുടിയേറ്റ പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്ന കോണ്‍ട്രാക്ടര്‍മാരും ജൂതമുതലാളിമാരുടെ സ്വകാര്യ സുരക്ഷാ കമ്പനികളുമാണ്. 1987ലും 2002ലും നടന്ന രണ്ട് ഇന്‍തിഫാദകളിലൂടെ ഇസ്രായേലിനെ ഗസയില്‍ നിന്നു കെട്ടുകെട്ടിച്ചതും ലോകത്തെ വമ്പന്‍ സൈനികശക്തി നടത്തിയ എല്ലാ യുദ്ധങ്ങളെയും ഫലപ്രദമായി പ്രതിരോധിച്ചതും ജനകീയ ഇസ്‌ലാമിക മുന്നേറ്റങ്ങള്‍ക്കു മാത്രം അവകാശപ്പെട്ട വിജയഗാഥയാണ്. 1956ലെ മുക്കൂട്ടുയുദ്ധത്തെ തോല്‍പിച്ചതില്‍ ഈജിപ്തിലെ ഇസ്‌ലാമിക, ജനകീയ പ്രതിരോധ സംരംഭങ്ങള്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു. എന്നാല്‍, പൊള്ളയായ സോഷ്യലിസ്റ്റ് അടിത്തറയില്‍ കെട്ടിപ്പൊക്കാന്‍ ശ്രമിച്ച അറബ് ദേശീയതാ വാദത്തിന്റെ ദൗര്‍ബല്യവും അപ്രായോഗികതയും തെളിയിക്കുന്നതായിരുന്നു തുടര്‍ന്നുണ്ടായ സയണിസ്റ്റ് അക്രമങ്ങള്‍. വെറും ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തിലും ലോകത്തെ വംശവെറിയന്മാരുടെ പിന്തുണയിലും മാത്രം പിടിച്ചുതൂങ്ങാന്‍ ശ്രമിക്കുന്ന അധിനിവേശത്തെ തോല്‍പിക്കാന്‍ ജനങ്ങളുടെ വിശ്വാസമാര്‍ജിച്ച നീതിയുടെ പോരാളികള്‍ക്കു മാത്രമേ സാധിക്കൂ.
Next Story

RELATED STORIES

Share it