ആറാം ദിവസവും പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെട്ടു

ന്യൂഡല്‍ഹി: ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവാദ പരാമര്‍ശത്തില്‍ മോദി വിശദീകരണം നല്‍കാതെ പിന്നോട്ടില്ലെന്ന നിലപാടില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നതോടെ ശൈത്യകാല സമ്മേളനത്തിന്റെ തുടര്‍ച്ചയായ ആറാം ദിവസവും രാജ്യസഭ തടസ്സപ്പെട്ടു. ഇന്നലെ സഭ സമ്മേളിക്കാന്‍ കഴിയാതെയാണ് പിരിഞ്ഞത്. സഭ സമ്മേളിച്ച ഉടന്‍ വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങുകയായിരുന്നു. ശൂന്യവേള സുഗുമമായി നടത്താന്‍ അനുവദിക്കണമെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു അഭ്യര്‍ഥിച്ചെങ്കിലും അംഗങ്ങള്‍ തയ്യാറായില്ല. തുടര്‍ന്ന് ക്രിസ്മസ് അവധി കഴിഞ്ഞ് 26 വരെ സഭ പിരിഞ്ഞു. ഇന്നലെ സഭ ചേര്‍ന്നപ്പോള്‍ വിഷയത്തില്‍ പരിഹാരം കാണുന്നതിന് ഉച്ച വരെ സഭാനടപടികള്‍ നിറുത്തിവയ്ക്കണമെന്ന് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. വിഷയം പരിഹരിക്കുന്നതിന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ നേതൃത്വത്തിലുള്ള സമിതി രണ്ട് വട്ടം യോഗം ചേര്‍ന്നെങ്കിലും സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനിടെ, ക്രമപ്രശ്‌നം ഉന്നയിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കി. കഴിഞ്ഞദിവസം കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധം നടക്കവേ രാജ്യസഭാ ടിവിയുടെ തല്‍സമയ സംപ്രേഷണം നിര്‍ത്തിവച്ചത് തൃണമൂല്‍ അംഗം ഡെറിക് ഒബ്രെയിന്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യ രീതിയുടെ ഭാഗമാണ് പ്രതിഷേധങ്ങളെന്നും അത് കാണിക്കാതിരിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എംപിമാരുടെ ശമ്പള വര്‍ധനവാണ് സമാജ്‌വാദി പാര്‍ട്ടി അംഗം നരേഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടിയത്. മാധ്യങ്ങളുടെ വിമര്‍ശനങ്ങള്‍ ഭയന്ന് എംപിമാരുടെ ശമ്പളം വര്‍ധിപ്പിക്കാതിരുന്നത് ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it