kannur local

ആറളം ഫാമില്‍ വന്യമൃഗശല്യം രുക്ഷം: അധികൃതര്‍ക്ക് മൗനം

ഇരിട്ടി: കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ശല്യം കാരണം നിലനില്‍പ്പ് ഭീഷണിയിലായ ആറളം ഫാമിനെ രക്ഷിക്കാന്‍ തൊഴിലാളികള്‍ സംഘടിക്കുന്നു. തൊഴിലാളികളുടെ ജീവനും തൊഴിലിനും ഭീഷണിയാവുന്ന കാട്ടാനക്കൂട്ടത്തിന്റെ ആക്രമത്തെ ചെറുക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കാതതില്‍ പ്രതിഷേധിച്ച് ആറളം ഫാമിലെ സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ നാളെ ആറളം വന്യജീവി സങ്കേതം ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. 10 മാസത്തിനിടെ ഫാമിലെ 3700ഓളം ഫലവ്യക്ഷ തൈകളാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ഇത് സാമ്പത്തിക പ്രതിസന്ധിമൂലം നട്ടം തിരിയുന്ന ഫാമിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കുകയാണ്. ഫാം മാനേജ്‌മെന്റ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വനംവകുപ്പിന് നല്‍കിയ കണക്കില്‍ 873 കായ്ഫലമുള്ള തെങ്ങുകളാണ് ആനക്കൂട്ടം 10 മാസത്തിനിടെ കുത്തിവീഴ്ത്തി നശിപ്പിച്ചതെന്നു പറയുന്നു. 1800ഓളം തെങ്ങിന്‍ തൈകളും ആനക്കൂട്ടം പിഴുതെറിഞ്ഞു. കശുമാവ്-229, കുരുമുളക്- 323,കമുങ്ങ്- 233, കൊക്കോ- 174, റബര്‍-149 എന്നിവയാണ് പത്ത് മാസത്തിനിടയില്‍ ആനക്കൂട്ടം നശിപ്പിച്ചത്. ആറളം വനത്തില്‍ നിന്നാണ് ആനക്കൂട്ടം ഫാം അധീന മേഖലയിലേക്ക് പ്രവേശിക്കുന്നത്. വനാതിര്‍ത്തിയില്‍ ആനമതില്‍ ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ ഉണ്ടായിട്ടും ആനക്കൂട്ടം ജനവാസമേഖലയിലേക്കും കൃഷിയിടത്തിലേക്കും പ്രവേശിക്കുന്നത് തടയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഫാമിനകത്തേക്ക് പ്രവേശിച്ച ആനകളെ വനത്തിലേക്ക് തുരത്തിയോടിക്കാനുള്ള ഫലപ്രദമായ നടപടികള്‍ ഒന്നും വനം വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാവുന്നില്ല. വനംവകുപ്പിന്റെ റാപിഡ് റെസ്‌പോണ്ട്‌സ് ടീം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും ഫലപ്രദമല്ല. കശുവണ്ടി സീസണ്‍ ആരംഭിക്കാനിരിക്കെ ഫാമിനകത്തേക്ക് പ്രവേശിച്ച ആറോളം ആനകളെ വനത്തിലേക്ക് തുരത്തിയോടിക്കാന്‍ നടപടിയെടുക്കാത്തത് തൊഴിലാളികളെ ഭീതിയിലാഴ്ത്തുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിലെല്ലാം കശുവണ്ടി സീസണ്‍ സമയത്താണ് പലര്‍ക്കും ആനയുടെ അക്രമണത്തില്‍ പരിക്കേറ്റത്. വന്യമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടായ വരുമാന ചേര്‍ച്ചയാണ് തൊഴിലാളികളുടെ കൂലി മുടങ്ങാനുള്ള  കാരണങ്ങളില്‍ പ്രധാനം. ഫാമിന്റെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടാണ് സംയുക്ത തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നത്.
Next Story

RELATED STORIES

Share it