wayanad local

ആര്‍ടി ഓഫിസ് പ്രവര്‍ത്തനം കുത്തഴിഞ്ഞെന്നു പരാതി



കല്‍പ്പറ്റ: വയനാട് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം കുത്തഴിഞ്ഞതായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് പി കെ ഹരിദാസ്, ജോയിന്റ് സെക്രട്ടറി ബീരാന്‍കുട്ടി ഹാജി, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം സി പി കുര്യാക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഓഫിസില്‍ ഒരു മാസമായി ആര്‍ടിഒ ഇല്ല. ദീര്‍ഘകാല അവധിയിലാണ് അദ്ദേഹം. ഇത് വാഹനസംബന്ധമായ രേഖകള്‍ യഥാസമയം ലഭിക്കുന്നതിനു തടസ്സമാവുകയാണ്. ജോയിന്റ് ആര്‍ടിഒയ്ക്കാണ് ഓഫിസ് ചുമതല. വിവിധ ആവശ്യങ്ങള്‍ക്ക് ഓഫിസിലെത്തുന്നവരോട് മാന്യമായി പെരുമാറാന്‍ ജോയിന്റ് ആര്‍ടിഒ ഉള്‍പ്പെടെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ കൂട്ടാക്കുന്നില്ല. എജന്റുമാരെ ഒഴിവാക്കി ആവശ്യങ്ങള്‍ക്ക് നേരിട്ടു സമീപിക്കുന്നവര്‍ക്ക് പലപ്പോഴും കയര്‍ത്തുള്ള സംസാരം കേള്‍ക്കേണ്ടിവരുന്നു. അടുത്തിടെ താല്‍ക്കാലിക പെര്‍മിറ്റിനായി ഓഫിസിലെത്തിയ സ്വകാര്യ ബസ്സുടയ്ക്ക് തിക്താനുഭവമാണ് ഉണ്ടായത്. പെര്‍മിറ്റ് അനുവദിക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് മിതമായ ഭാഷയില്‍ പ്രതികരിച്ച അദ്ദേഹത്തെ ഓഫിസില്‍ 15 വര്‍ഷമായി തുടരുന്ന വനിതാ ജീവനക്കാരി അസഭ്യം വിളിച്ചു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് പോലിസില്‍ പരാതി നല്‍കി. അറസ്റ്റിലായ ബസ്സുടമയ്ക്ക് കോടതി ജാമ്യം അനുവദിക്കുകയാണുണ്ടായത്. സര്‍വീസ് നടത്താന്‍ പ്രയാസപ്പെടുന്ന ബസ്സുടമകളോട് പ്രതികാരബുദ്ധിയോടെയാണ് ഉദ്യോഗസ്ഥരില്‍ ചിലര്‍ പെരുമാറുന്നത്. പരാതികള്‍ അന്വേഷിച്ച് വ്യക്തത വരുത്താതെയാണ് പിഴ ചുമത്തുന്നത്. ആര്‍ടി ഓഫിസിന്റെ പ്രവര്‍ത്തനം ജനസൗഹൃദമാക്കുന്നതിന് അധികാരികള്‍ ഇടപെടണം. എല്ലാ സേവനങ്ങളും ഇടനിലക്കാരില്ലാതെ പൊതുജനത്തിനു ലഭിക്കണം. പ്രവര്‍ത്തനം സുതാര്യമാക്കുന്നതിനായി ഓഫിസില്‍ സിസിടിവി കാമറ സ്ഥാപിക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it