ആര്‍എസ്പിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി വിപിആര്‍; വി പി രാമകൃഷ്ണപിള്ളയുടെ മകള്‍ ബി ജയന്തി സിപിഎമ്മിലേക്ക്

കൊല്ലം: ആര്‍എസ്പി മുന്‍ സംസ്ഥാന സെക്രട്ടറിയും പാര്‍ട്ടിയിലെ പ്രമുഖനുമായ വി പി രാമകൃഷ്ണപിള്ളയുടെ മകള്‍ ബി ജയന്തി സിപിഎമ്മിലേക്ക്. ആര്‍എസ്പി നേതൃത്വത്തെ വിമര്‍ശിച്ചാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ ബി ജയന്തി സിപിഎമ്മില്‍ ചേരുന്നത്. അതേസമയം ആര്‍എസ്പിയുടെ പോക്ക് ശരിയല്ലെന്ന വിമര്‍ശനവുമായി മകള്‍ക്ക് പിന്തുണ നല്‍കി വി പി രാമകൃഷ്ണപിള്ള രംഗത്തെത്തി.
ആര്‍എസ്പിയില്‍ നേതാക്കളടക്കമുള്ളവരുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന സാഹചര്യത്തിലാണ് വി പി രാമകൃഷ്ണപിള്ള വിമര്‍ശനം ഉന്നയിച്ചത്. ആര്‍എസ്പിയുടെ പോക്ക് ശരിയല്ലെന്നും നേതൃതലത്തില്‍ തിരുത്തല്‍ വേണമെന്നും വി പി രാമകൃഷ്ണപിള്ള പറഞ്ഞു.
ചിലരുടെ ഏകപക്ഷീയ നിലപാടുകളാണ് പാര്‍ട്ടി വിടാന്‍ ഇടയാക്കിയതെന്നാണ് ബി ജയന്തി മാധ്യമങ്ങളോട് പറഞ്ഞത്. സ്വേച്ഛാധിപത്യ പ്രവര്‍ത്തനങ്ങളാണ് പാര്‍ട്ടിയില്‍ നടക്കുന്നത്. ചില നേതാക്കളുടെ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് പാര്‍ട്ടിയെ യുഡിഎഫ് പാളയത്തില്‍ എത്തിച്ചത്. പാര്‍ട്ടി നിലപാടുകളുമായി യോജിച്ചുപോവാനാവാത്തതുകൊണ്ടാണ് സിപിഎമ്മുമായി സഹകരിക്കാന്‍ തീരുമാനിച്ചതെന്നും പിതാവിന്റെ അറിവോടെയല്ല താന്‍ സിപിഎമ്മില്‍ ചേരുന്നതെന്നും ജയന്തി വ്യക്തമാക്കി.
ആര്‍എസ്പി കൊല്ലം ജില്ലാ കമ്മറ്റിയംഗം, യുടിയുസി സംസ്ഥാന കമ്മിറ്റിയംഗം എന്നീ പദവികള്‍ ജയന്തി വഹിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്നു.
അതിനിടെ, ആര്‍എസ്പിയിലെ വിഭാഗീയതയെയും കൊഴിഞ്ഞുപോക്കിനെയും സിപിഎം ജില്ലാ നേതൃത്വം പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. ആര്‍എസ്പി നിലപാടുകളില്‍ അസംതൃപ്തരായവരെ ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയമാണ് ശരിയെന്നു മനസ്സിലാക്കിയതുകൊണ്ടാണ് കൂടുതല്‍ പേര്‍ ആര്‍എസ്പി വിട്ടു വരുന്നതെന്നും ഇത്തരക്കാരെ ഇനിയും സ്വാഗതം ചെയ്യുമെന്നും സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.
Next Story

RELATED STORIES

Share it