Flash News

ആര്‍എസ്എസില്‍ ചേരാത്തതിന് ദലിത് വിദ്യാര്‍ഥിക്കു മര്‍ദനം



തിരുവനന്തപുരം: ആര്‍എസ്എസില്‍ ചേരാന്‍ വിസമ്മതിച്ചതിനു ദലിത് വിദ്യാര്‍ഥിയെ നഗ്‌നനാക്കി മര്‍ദ്ദിച്ചതായി ആരോപണം. ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളജിലെ ഒന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയും നേമം സ്വദേശിയുമായ അഭിജിത്തിനാണു കോളജില്‍ വച്ച് എബിവിപി പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റത്. ആഴ്ചയിലൊരിക്കല്‍ കോളജില്‍ നടക്കുന്ന ക്യാംപില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. എസ്എഫ്‌ഐക്കാരനായ അഭിജിത്തിന്റെ മൊബൈലില്‍ ചെഗുവേരയുടെ ചിത്രം സ്‌ക്രീന്‍സേവറായി ഇട്ടതു ചൂണ്ടിക്കാട്ടിയും എബിവിപിക്കാര്‍ അക്രമിച്ചുവെന്നാണു പരാതി. അഭിജിത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ എസ്എഫ്‌ഐയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ കണ്ടതോടെ എബിവിപിക്കാര്‍ പ്രകോപിതരാവുകയായിരുന്നു. കാന്റീനിലേക്ക് പോയപ്പോള്‍ എബിവിപിക്കാര്‍ സംഘംചേര്‍ന്ന് കോളജ് ഗ്രൗണ്ടിലേക്ക് കൊണ്ടുപോയി ബലമായി വസ്ത്രങ്ങള്‍ ഉരിഞ്ഞെടുത്ത് നഗ്‌നനാക്കി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അഭിജിത്ത് പറഞ്ഞു. കല്ലു കൊണ്ടു കഴുത്തിനു പുറകിലും മുതുകിലും മര്‍ദ്ദിച്ചു. രാഖി കെട്ടാതെ കോളജില്‍ വരരുതെന്നു താക്കീത് നല്‍കുകയും ചെയതു. തന്റെ ബാഗില്‍ ഡിവൈഎഫ്‌ഐയുടെ മെംബര്‍ഷിപ്പ് കണ്ട കാര്യം സഹപാഠി എബിവിപിക്കാരെ അറിയിച്ചിരുന്നതായി അഭിജിത്ത് പറയുന്നു. നിലവില്‍ വിടിഎം എന്‍എസ്എസ് കോളജില്‍ എബിവിപിയുടെ യൂനിറ്റ് മാത്രമാണുള്ളത്. അഭിജിത്ത് എസ്എഫ്‌ഐ—ക്കു വേണ്ടി പ്രവര്‍ത്തിക്കുമെന്ന ഭയമാണ് അക്രമത്തിനു പിന്നിലെന്നാണ് ആരോപണം. സംഭവത്തെ തുടര്‍ന്ന് അഭിജിത്ത് കോളജില്‍ പോയിരുന്നില്ല. പിന്നീട് കോളജ് മാറ്റം ആവശ്യപ്പെട്ട് കേരളാ സര്‍വകലാശാലയിലെത്തുകയായിരുന്നു. ഇതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആ കോളജില്‍ തുടര്‍ന്നു പഠിക്കില്ലെന്നാണ് അഭിജിത്ത് പറയുന്നത്. അതേസമയം വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നാണ് എബിവിപിയുടെ പ്രതികരണം. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും കുറ്റക്കാരുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി പി ശ്യാംരാജ് വ്യക്തമാക്കി. എന്നാല്‍ സംഭവത്തെ പറ്റി ഒന്നുമറിയില്ലെന്നാണു കോളജ് അധികൃതരുടെ വിശദീകരണം.
Next Story

RELATED STORIES

Share it