ആര്യാടന്‍ ഷൗക്കത്തിനെതിരേ വീട്ടമ്മയുടെ പരാതി

നിലമ്പൂര്‍: ആര്യാടന്‍ ഷൗക്കത്ത് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നതായി വനിതാ കമ്മീഷന് വീട്ടമ്മയുടെ പരാതി.
കൊച്ചി എളമക്കര കീര്‍ത്തി നഗര്‍ കണ്ണാട്ടില്‍ ഫാത്തിമ ബീവിയാണ് പരാതിയുമായി രംഗത്തെത്തിയത്. കുടുംബസ്വത്തായി നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം തനിക്ക് ലഭിച്ച ഒരു ഏക്കര്‍ മൂന്നേമുക്കാല്‍ സെന്റ് സ്ഥലമാണ് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നത്. മുന്‍ നഗരസഭാ ചെയര്‍മാനായിരുന്ന ഷൗക്കത്ത് ഭൂമിക്ക് നിലവിലുള്ള മാര്‍ക്കറ്റ് വിലയെക്കാള്‍ താഴ്ന്ന വിലയ്ക്കാണ് ചോദിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഇതു സമ്മതിക്കാതെ വന്നതോടെ ഷൗക്കത്തിന്റെ നിര്‍ദേശപ്രകാരം ഒരുപറ്റം ആളുകള്‍ ഭൂമിയില്‍ അതിക്രമിച്ചു കയറി ഫുട്‌ബോള്‍ മേള നടത്തി. അനുവാദമില്ലാതെ ഈ ഭൂമി നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ പിന്നീട് ഉള്‍പ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി ഫാത്തിമാ ബീവി പരാതിയില്‍ പറഞ്ഞു. താന്‍ മൊഴികൊടുത്തിട്ടും ഷൗക്കത്തിനെ ഒഴിവാക്കിയാണ് പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എടക്കര സ്വദേശി സലാം എന്നയാള്‍ എറണാകുളത്തുള്ള താമസസ്ഥലത്ത് വരുകയും ഭൂമി ഷൗക്കത്ത് പറയുന്ന വിലയ്ക്ക് കൊടുക്കാന്‍ വീണ്ടും ആവശ്യപ്പെടുകയും ചെയ്തു. ഒരു പത്രപ്രവര്‍ത്തകന്‍ വാര്‍ത്ത കൊടുക്കാനെന്നു പറഞ്ഞു ഭൂമിയുടെ രേഖകളുടെ പകര്‍പ്പ് കൈക്കലാക്കി ഷൗക്കത്തിനു കൈമാറി. ഈ രേഖകള്‍ കാണിച്ച് ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചതായും പരാതിയിലുണ്ട്. കേരള ഹൈക്കോടതിയില്‍ നല്‍കിയ പരാതിയില്‍ തനിക്കും സ്വത്തിനും പോലിസ് സംരക്ഷണം നല്‍കാന്‍ ഉത്തരവുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലമ്പൂര്‍ പോലിസിലും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം, അങ്ങനെയൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. ഇവര്‍ അവകാശപ്പെടുന്ന ഭൂമിയുമായി നാട്ടുകാര്‍ തര്‍ക്കത്തിലാണ്. കല്യാണി ഗ്രൗണ്ട് സംരക്ഷണ സമിതിയാണ് ഇവരുമായി ഭൂമി തര്‍ക്കത്തിലുള്ളത്. ഭൂമി തര്‍ക്കം ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് അറിവ്. ഭൂമി ആവശ്യപ്പെട്ട് ഒരിക്കല്‍ പോലും ഇവരെ സമീപിച്ചിട്ടില്ലെന്നു ഷൗക്കത്ത് പറഞ്ഞു.
Next Story

RELATED STORIES

Share it