Kollam Local

ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ അടിസ്ഥാന സൗകര്യങ്ങളില്ല



പത്തനാപുരം: ആര്യങ്കാവ് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ അടിസ്ഥാന സൗകര്യങ്ങളില്ലാതെ ഉദ്യോഗസ്ഥര്‍ വലയുന്നു. ദേശീയ പാതക്കരുകില്‍ തല്ലിക്കൂട്ടിയ കണ്ടയ്‌നര്‍ ഷെഡും ഓല മേഞ്ഞ ടാര്‍പ്പാളിന്‍ വിരിച്ച വരാന്തയിലുമായി 24 ജീവനക്കാരാണ് മൂന്ന് ഷിഫ്റ്റിലായി ഇവിടെ ജോലി ചെയ്യുന്നത്. പ്രാഥമികാവശ്യങ്ങള്‍ക്ക് പോലും വേണ്ടത്ര സൗകര്യമിവിടില്ല. മഴയായാലും വെയിലായാലും മഞ്ഞായാലും ഇതൊക്കെ സഹിച്ച് ജോലി ചെയ്യുകയേ മാര്‍ഗ്ഗമുള്ളൂ. എന്നാലും ഉദ്യോഗസ്ഥര്‍  കര്‍ത്തവ്യ ബോധം മറക്കാതെ പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവാണ് കഞ്ചാവ്, നൈട്രാ സെപാം ടാബ്ലറ്റ്, നിരോധിത പുകയില ഉല്‍പന്നങ്ങള്‍ അടക്കമുള്ള  ലഹരിമരുന്നു കേസുകളുടെ ബാഹുല്യം. കഴിഞ്ഞ ആറ് മാസത്തിനിടെ പത്തനാപുരം എക്‌സൈസ് റേഞ്ച് രജിസ്റ്റര്‍ ചെയ്ത 100 കേസുകളില്‍ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ മാത്രം 60 ഓളം കേസുകളാണ് പിടികൂടിയത്. അഞ്ച് കിലോയോളം കഞ്ചാവ്, ആയിരക്കണക്കിന് കവര്‍ പാന്‍പരാഗടക്കമുള്ള നിരോധിത പുകയില ഉല്‍പന്നങ്ങള്‍,  നൈട്രാ സെപാം ടാബ്‌ലറ്റ് എന്നിവയും ചെക്ക് പോസ്റ്റ് ജീവനക്കാര്‍ പിടികൂടി. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുവര്‍ഷത്തില്‍ 36 കേസുകള്‍ വരെയാണ് ഏറ്റവും കൂടുതല്‍ പിടിക്കാനായിട്ടുള്ളത്. 80ഓളം പ്രതികളെയും കാറുകള്‍, ബൈക്കുകള്‍ അടക്കം നിരവധി വാഹനങ്ങളും പിടിയിലായിട്ടുണ്ട്. വിദ്യാര്‍ഥികളും യുവാക്കളുമാണ് പിടിയിലായവരിലേറെയും. സ്ത്രീകളും പിടിയിലായവരിലുള്‍പ്പെടും. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ ആര്യങ്കാവ് ചെക്ക് പോസ്റ്റാണ് പരിമിതിയില്‍ വീര്‍പ്പ് മുട്ടുമ്പോഴും കേസുകള്‍ പിടികൂടുന്നതില്‍ മുന്‍പന്തിയിലുള്ളത്. കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ചെയ്ത് നല്‍കുവാന്‍ അടിയന്തര നടപടികളെടുക്കണമെന്നും അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it