ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: കൃഷിമന്ത്രി സുനില്‍കുമാര്‍

തൃശൂര്‍: കാര്‍ഷിക സര്‍വകലാശാലയിലെ നിയമനവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അഴിമതിരഹിതമായ റിക്രൂട്ട്‌മെന്റ് സര്‍വകലാശാലയില്‍ നടപ്പാക്കുമെന്നും കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. തൃശൂര്‍ ടൗണ്‍ഹാളില്‍ കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പച്ചക്കറികൃഷി അവാര്‍ഡ്ദാനവും കര്‍ഷകമിത്ര പദ്ധതി ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി സുനില്‍കുമാര്‍.
നാളികേരം അന്യരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന കേന്ദ്രനയം കേരളത്തിലെ നാളികേര കര്‍ഷകരെ തകര്‍ക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ കൃഷിമന്ത്രിമാരുടെ യോഗം വിളിച്ചുചേര്‍ത്ത് കേന്ദ്രനയത്തിനെതിരേ കൂട്ടായ സമ്മര്‍ദം ചെലുത്തും. കാര്‍ഷിക ഉല്‍പന്നങ്ങള്‍ ന്യായവിലയ്ക്ക് ഏറ്റെടുക്കുന്നതിനും മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമായി 100 കുടുംബശ്രീ യൂനിറ്റുകള്‍ ആരംഭിക്കും. സഹകരണസ്ഥാപനങ്ങളിലൂടെ നെല്ല് പൂര്‍ണമായും സംഭരിച്ച് മില്ലുടമകളുടെ ചൂഷണം പൂര്‍ണമായും അവസാനിപ്പിക്കും.
കാര്‍ഷിക കര്‍മസേനയെയും അഗ്രോ സര്‍വീസ് സെന്ററുകളെയും സംയോജിപ്പിച്ചുകൊണ്ട് വിദഗ്ധരായ തൊഴിലാളികളെ കാര്‍ഷികമേഖലയില്‍ ലഭ്യമാക്കും. കര്‍ഷകക്ഷേമ ബോര്‍ഡ് നിലവില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാവുമെന്നും മന്ത്രി വ്യക്തമാക്കി. മേയര്‍ അജിത ജയരാജന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it