malappuram local

ആരോഗ്യ ഇന്‍ഷുറന്‍സ്‌ : ഫോട്ടോ എടുക്കാനെത്തിയവര്‍ക്ക് അസൗകര്യങ്ങള്‍ ദുരിതമായി



എടക്കര: ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡിന് വേണ്ടി ഫോട്ടോ എടുക്കാനും പുതുക്കാനും എത്തിയവര്‍ക്ക് ക്യാംപിലെ അസൗകര്യങ്ങള്‍ ദുരിതമായി. 23 വാര്‍ഡുകളുള്ള വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ മൂന്ന് കേന്ദ്രങ്ങള്‍ മാത്രമാണ് ആരോഗ്യ ഇന്‍ഷൂറന്‍സ് ക്യാംപിനായി ഒരുക്കിയത്. ജനസംഖ്യ കൂടുതലുള്ള ജില്ലയിലെ പഞ്ചായത്തുകളിലൊന്നാണ് വഴിക്കടവ്. ഏഴുവീതം വാര്‍ഡുകളിലുള്ളവര്‍ക്ക് വഴിക്കടവ് എയുപി സ്‌കൂളില്‍ രണ്ട് ദിവസവും എട്ട് വാര്‍ഡുകളിലുള്ളവര്‍ക്ക് മരുത ചക്കപ്പാടത്തുമാണ് ഫോട്ടോ എടുക്കുന്നതിനും കാര്‍ഡ് പുതുക്കുന്നതിനും സൗകര്യമേര്‍പ്പെടുത്തിയിരുന്നത്. സമീപത്ത് വേണ്ടത്ര സൗകര്യമുള്ള മദ്‌റസകളും സ്‌കൂളുകളും ഉണ്ടായിട്ടുപോലും മരുത ടൗണിലെ നന്മ സ്റ്റോര്‍ പ്രവര്‍ത്തിച്ചിരുന്ന രണ്ട് റൂമുകളാണ് കേന്ദ്രമായി തിരഞ്ഞെടുത്തത്. പത്ത് മണിമുതല്‍ തീരുമാനിച്ച പരിപാടിക്കായി രാവിലെ എട്ട് മുതല്‍ തന്നെ ആളുകള്‍ എത്തിയിരുന്നു. കൈക്കുഞ്ഞുങ്ങളടക്കം നൂറുകണക്കിനാളുകള്‍ എത്തിയതോടെ സൗകര്യക്കുറവുള്ള കേന്ദ്രത്തില്‍ ഉള്‍ക്കൊള്ളാനാകാതെ പലരും പൊരിവെയിലത്ത് നില്‍ക്കേണ്ടിവന്നു. വൃദ്ധരില്‍ പലരും സമീപത്തെ കടകളിലും മറ്റും കയറി ഇരിപ്പുറപ്പിച്ചപ്പോള്‍ കുട്ടികളുമായത്തെി സ്ത്രീകള്‍ മണിക്കൂറുകളോളം ദുരിതമനുഭവിക്കുകയായിരുന്നു. സ്ഥല സൗകര്യം ഒരുക്കുക മാത്രമാണ് തങ്ങള്‍ ചെയ്യേണ്ടതെന്നും ബാക്കിയെല്ലാം ബന്ധപ്പെട്ട വകുപ്പുകള്‍ ചെയ്യേണ്ടതാണെന്നും പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കൈമലര്‍ത്തി. ഫോട്ടോ എടുക്കുന്നതിനും കാര്‍ഡ് പുതുക്കുന്നതിനുമായി മുന്നൂറില്‍പരം ആളുകളാണ് കേന്ദ്രത്തില്‍ നിന്ന് ടോക്കണെടുത്തത്. രണ്ട് കമ്പ്യൂട്ടറുകളുമായാണ് ഫോട്ടോയെടുപ്പിനായി സ്വകര്യ ഏജന്‍സി കേന്ദ്രത്തിലത്തെിയിരുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.എ. സുകു ഉള്‍പ്പെടെ ഏതാനും ചില അംഗങ്ങള്‍ രാവിലെ കേന്ദ്രത്തിലുണ്ടായിരുന്നു. ഉച്ചയായപ്പോഴേക്കും പോകുകയും ചെയതു. മതിയായ സൗകര്യമൊരുക്കാത്തതില്‍ ജനങ്ങള്‍ ഇന്‍ഷൂറന്‍സ് ജീവനക്കാരോടും വാര്‍ഡ് അംഗങ്ങളോടും കയര്‍ത്തെങ്കിലും നിസ്സഹായരായിരുന്നു. വൈകിട്ട് ആറോടെ രണ്ട് കമ്പ്യൂട്ടറുകളുമായി രണ്ട് പേര്‍ കൂടി എത്തിയെങ്കിലും ജനങ്ങളുടെ ദുരിതത്തിന് കുറവൊന്നുമുണ്ടായില്ല.
Next Story

RELATED STORIES

Share it