Flash News

ആരോഗ്യവകുപ്പ് പനിക്കാല നിര്‍ദേശം പുറപ്പെടുവിച്ചു



തിരുവനന്തപുരം: പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദേശം പുറപ്പെടുവിച്ചു. ഡെങ്കിപ്പനി പോലെയുള്ള പനികള്‍ മറ്റുള്ളവരിലേക്കു പകരുമെന്നതിനാല്‍ രോഗബാധിതര്‍ കൊതുകുവല ഉപയോഗിക്കണം. എച്ച്1 എന്‍1 ബാധിതര്‍ മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കണം. ഡെങ്കിപ്പനി, എച്ച്1 എന്‍1 പനിയും അധികം പേരിലും മാരകമാവാറില്ല. മൂന്നോ നാലോ ദിവസംകൊണ്ട് പനി ഭേദമാകും. ശാരീരികവും മാനസികവുമായ വിശ്രമം പനി വേഗം ഭേദമാവാനും ആരോഗ്യം വീണ്ടെടുക്കാനും സഹായിക്കും. ലളിതവും വേഗം ദഹിക്കുന്നതുമായ ഭക്ഷണം കഴിക്കണം. പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ ധാരാളമായി ഉള്‍പ്പെടുത്തണം. എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം. ഉപ്പും പഞ്ചസാരയും ചേര്‍ത്തു തയ്യാറാക്കിയ പാനീയം ക്ഷീണം അകറ്റാന്‍ ഉത്തമമാണ്. കുട്ടികള്‍, പ്രായംചെന്നവര്‍, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍, ദീര്‍ഘകാല വൃക്ക, കരള്‍, ശ്വാസകോശ രോഗികള്‍ എന്നിവര്‍ക്കു പനി വന്നാല്‍ സങ്കീര്‍ണതയുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത്തരക്കാര്‍ക്ക് ശ്രദ്ധയോടെയുള്ള പരിചരണവും ചികില്‍സയും ആവശ്യമാണ്. പനിബാധിതര്‍ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ഉടന്‍ ചികില്‍സ തേടണം. കൈകാലുകളില്‍ മുറിവുകള്‍ ഉള്ളവര്‍ അഴുക്കുവെള്ളത്തില്‍ ഇറങ്ങരുത്. തോടുകളിലും അഴുക്കുചാലുകളിലും പണിയെടുക്കുന്നവര്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം എലിപ്പനി പ്രതിരോധ മരുന്നുകള്‍ കഴിക്കണം.
Next Story

RELATED STORIES

Share it