ആരോഗ്യരംഗത്ത് അദ്ഭുതം; 625 ഗ്രാം തൂക്കവുമായി പിറന്ന ശിശു ജീവിതത്തിലേക്ക്

മൂവാറ്റുപുഴ: ഒരു വ്യാഴവട്ടം നീണ്ട കാത്തിരിപ്പിനൊടുവില്‍ കുഞ്ഞിക്കാല്‍ കണ്ടപ്പോള്‍ അത് ആരോഗ്യരംഗത്ത് അദ്ഭുതമാണെന്ന് തുളസിദാസ്- ബിന്ദു ദമ്പതികള്‍ അറിഞ്ഞില്ല. നന്നെ തൂക്കംകുറഞ്ഞ കുട്ടി. അതിജീവിക്കുമോ എന്ന് ഡോക്ടര്‍മാര്‍ക്കു സംശയമുള്ളപ്പോള്‍ ബിന്ദുവിന് പ്രാര്‍ഥന—മാത്രമായിരുന്നു ആശ്രയം. 2015 നവംബര്‍ 3 നാണ് തൃശൂര്‍ നാട്ടിക രവിനഗറില്‍ മേപ്പറമ്പില്‍ തുളസിദാസ് -ബിന്ദു ദമ്പതികള്‍ക്ക് മൂവാറ്റുപുഴ സബൈന്‍ ആശുപത്രിയില്‍ കുട്ടി പിറന്നത്.
25 ആഴ്ച മാത്രം പ്രായമുള്ള ശിശുവിന് തൂക്കം 625 ഗ്രാം. രാജ്യത്തെ ഏറ്റവും തൂക്കക്കുറവുള്ള കുട്ടികളില്‍ ഒന്നാണിതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഇതിനുമുമ്പ് ഡല്‍ഹിയില്‍ 2014ല്‍ ജനിച്ച 625 ഗ്രാം തൂക്കമുള്ള കുട്ടിയാണ് രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ പ്രീമെച്ചര്‍ ബേബി. കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ ആശുപത്രിയിലെത്തി ചികി ല്‍സ തുടങ്ങുന്നത്. 25ാം ആഴ്ചയില്‍ അവിചാരിതമായുണ്ടായ പ്രസവം മനോധൈര്യത്തെ തളര്‍ത്തി. കുട്ടിക്ക് അങ്ങേയറ്റം തൂക്കം കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും പ്രാര്‍ഥിച്ച് മുന്നോട്ടുനീങ്ങി. പ്രീമെച്ചര്‍ ബേബിയായതിനാല്‍ അതിജീവിക്കാന്‍ സാധ്യത തീരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 100 ദിവസത്തോളമാണ് കുട്ടിയെ തീവ്രപരിചരണ വിഭാഗത്തില്‍ പരിചരിച്ചത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ഇമചിമ്മാതെയുള്ള പരിചരണം കുട്ടിയെ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തി. കഴിഞ്ഞദിവസം ഐസിയുവില്‍ നിന്ന് മുറിയിലേക്കു മാറ്റിയ കുരുന്നിനെ നേരില്‍ കണ്ട ബിന്ദു ആനന്ദക്കണ്ണീര്‍ പൊഴിച്ചു. ഇപ്പോള്‍ കുഞ്ഞിന് തൂക്കം 1.700 കി.ഗ്രാം. ആരോഗ്യരംഗത്ത് അദ്ഭുതമാണ് ഈ കുട്ടിയെന്ന് സബൈന്‍ ആശുപത്രി ആന്റ് റിസര്‍ച്ച് സെന്ററിന്റെ കണ്‍സള്‍ട്ടന്റ് നാറ്റോളജിസ്റ്റ് ഡോ. ജഗന്ത് ജയരാജ് പറഞ്ഞു. 750 ഗ്രാമില്‍ താഴെ തൂക്കമുള്ള കുട്ടികള്‍ അതിജീവിക്കുന്നത് അപൂര്‍വമാണെന്നും ഇരുവരും ഉടന്‍ ആശുപത്രി വിടുമെന്നും ഡോ. ജഗന്ത് പറഞ്ഞു.
Next Story

RELATED STORIES

Share it