ആരും മാപ്പ് പറയില്ല: ഉപരാഷ്ട്രപതി

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നരേന്ദ്രമോദി നടത്തിയ പാകിസ്താന്‍ ആരോപണവുമായി ബന്ധപ്പെട്ട് ഒരു പ്രസ്താവനയും വിശദീകരണവും നടത്തേണ്ടെന്ന് രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. ആരും മാപ്പ് പറയാന്‍ പോവുന്നില്ല. ഇവിടെ സഭയില്‍ ഒന്നും സംഭവിക്കില്ല, ഇനി ഇതുമായി ബന്ധപ്പെട്ട് സഭയില്‍ ഒരു പ്രസ്താവനയും നടത്തേണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു. അതേസമയം, തുടര്‍ച്ചയായ നാലാംദിവസമായ ഇന്നലെയും പാര്‍ലമെന്റിന്റെ ഇരു സഭകളും ഈ വിഷയത്തില്‍ തടസ്സപ്പെട്ടു. ഇന്നലെ രാജ്യസഭയുടെ ശൂന്യവേള രണ്ടു തവണ തടസ്സപ്പെട്ടു. പ്ലെക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ വിളിച്ചും പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭയുടെ മാന്യത കാത്തുസൂക്ഷിക്കണമെന്ന് വെങ്കയ്യ നായിഡു തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കി. ഇതോടെ അംഗങ്ങള്‍ ഇരിപ്പിടത്തിലേക്കു മടങ്ങി. ഇതോടെയാണ് ഈ വിഷയത്തില്‍ ഇനി ഒരു തരത്തിലുള്ള മാപ്പു പറച്ചിലും ഉണ്ടാവില്ലെന്ന് വെങ്കയ്യ നായിഡു വ്യക്തമാക്കിയത്. ഇതോടെ, പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. 2.15ഓടെ രാജ്യസഭ ഇന്നത്തേക്കു പിരിഞ്ഞു. പ്രധാനമന്ത്രി മോദി നടത്തിയ പാകിസ്താന്‍ പരാമര്‍ശം പിന്‍വലിച്ച് സഭയില്‍ മാപ്പുപറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ശൈത്യാകാല സമ്മേളനം തുടങ്ങിയ ആദ്യം ദിവസം മുതല്‍തന്നെ പ്രതിപക്ഷം രാജ്യസഭയില്‍ പ്രതിഷേധിക്കുകയും സഭാനടപടികള്‍ തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്നലെ രാജ്യസഭാധ്യക്ഷന്‍ നടത്തിയ ദാര്‍ഷ്ട്യം നിറഞ്ഞ മറുപടി കൂടിയായതോടെ വരുംദിവസങ്ങളിലും പാര്‍ലമെന്റിന്റ ഇരുസഭകളും കൂടുതല്‍ കലുഷിതമാകുമെന്ന് ഉറപ്പാണ്. മുളകളെ വൃക്ഷങ്ങളുടെ പട്ടികയില്‍നിന്ന് നീക്കം ചെയ്യുന്നതടക്കമുള്ള വ്യവസ്ഥകള്‍ അടങ്ങിയ ഇന്ത്യന്‍ ഫോറസ്റ്റ് (ഭേദഗതി) ബില്ല് 2017, പൊതുസ്ഥലങ്ങളിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ (ഭേദഗതി) ബില്ല് അടക്കം മൂന്നു ബില്ലുകള്‍ ലോക്‌സഭയിലും സ്‌റ്റേറ്റ് ബാങ്ക്‌സ് ( റദ്ദാക്കലും ഭേദഗതിയും) ബില്ല് 2017, നാഷനല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്റ് റൂറല്‍ ഡെവലപ്‌മെന്റ് (ഭേഗദഗതി) ബില്ല് 2017 അടക്കം മൂന്നു ബില്ലുകള്‍ രാജ്യസഭയും ഇന്നലെ പാസാക്കി. മുളകളെ മരങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നതിനെ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ലോക്‌സഭയില്‍ എതിര്‍ത്തു. 1927ലെ ഇന്ത്യന്‍ ഫോറസ്റ്റ് ആക്റ്റിന്റെ പരിധിയില്‍ നിന്നു മുളയെ ഒഴിവാക്കുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിതെളിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.  കൃഷിക്കാരുടെ പേരില്‍ വന്‍കിട വ്യവസായികളുടെ താല്‍പര്യം സംരക്ഷിക്കാനുളള ദൂരുദ്ദേശ്യമാണ് നിയമഭേദഗതിക്ക് പിന്നിലുള്ളതെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ധ്യതിപിടിച്ച് ഓര്‍ഡിനന്‍സിലൂടെ നിയമഭേദഗതി കൊണ്ടുവന്നത് ദൂരുദ്ദേശ്യപരമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.മുളകളെ മരങ്ങളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കുന്നത് എന്തിനാണെന്നും കാട്ടിലെ മുളകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്നും ചര്‍ച്ചയില്‍ ഇടപെട്ട് ചെയറിലുണ്ടായിരുന്ന തമ്പിദുരൈയും മന്ത്രിയോട് ചോദിച്ചു. മുള വനങ്ങളെ അതിന്റെ എല്ലാ പ്രഭാവത്തോടെയും സംരക്ഷിക്കുമെന്നായിരുന്നു ഇതിന് മന്ത്രി ഹര്‍ഷ് വര്‍ധന്റെ മറുപടി.
Next Story

RELATED STORIES

Share it