Kottayam Local

ആരാധനാലയങ്ങള്‍ക്കു സമീപം മാലിന്യം നിക്ഷേപിക്കുന്നതായി പരാതി

നെടുംകുന്നം: ആരാധനാലയങ്ങള്‍ക്കു സമീപം മാലിന്യം നിക്ഷേപിക്കുന്നത് പതിവാകുന്നു. നെടുംകുന്നം പുന്നവേലി റോഡില്‍ നെടുംകുന്നം ദേവീക്ഷേത്ര കാണിക്ക മണ്ഡപത്തിനും, ടൗണ്‍ മുസ്‌ലിം ജമാഅത്തിനും മധ്യത്തിലുമാണ് മാലിന്യ നിക്ഷേപം പ്രധാനമായും നടക്കുന്നത്. ഇതിനുപുറമെ 286ാം നമ്പര്‍ സര്‍വീസ് സഹകരണ ബാങ്കിനു മുന്‍വശവുമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലും റോഡു പുറമ്പോക്കിലുമായാണ് മാലിന്യങ്ങള്‍ വ്യപകമായി നിക്ഷേപിച്ചിരിക്കുന്നത്.കാറ്ററിങ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള ആഹാര പദാര്‍ഥങ്ങളും മറ്റ് മാലിന്യങ്ങളും പോളിത്തീന്‍ കൂടുകളില്‍ കെട്ടിയും വ്യാപകമായി ഇവിടെ സ്ഥിരമായി നിക്ഷേപിക്കാറുമുണ്ട്. മാലിന്യങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്നത് യാത്രക്കാര്‍ക്കും, ബാങ്ക് ജീവനക്കാര്‍ക്കും, ബാങ്കിലെത്തുന്ന ഇടപാടുകാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ്. ടൗണിലെ മാലിന്യം നിക്ഷേപിക്കുവാന്‍ വേസ്റ്റ് ബിന്നോ, ഡംബിങ് യാഡോ ഇല്ലാത്തതിനാല്‍ അവിടെ നിന്നുമുള്ള മാലിന്യങ്ങളും ബാങ്കിനു മുന്‍ വശമുള്ള പുറമ്പോക്കിലാണ് നിക്ഷേപിക്കുന്നത്. ടൗണിലേയും സമീപ പ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ യഥാസമയം നിര്‍മാര്‍ജനം ചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തതാണ് വിവിധ പ്രദേശങ്ങളില്‍ മാലിന്യം കുന്നുകൂടാന്‍ കാരണം. ആരാധനാലയങ്ങള്‍ക്കും ബാങ്കിനും സമീപത്തും മാലിന്യം നിക്ഷേപിയ്ക്കുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണമെന്നും ടൗണിലും പരിസര പ്രദേശങ്ങളിലും കുന്നുകൂടുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it