Flash News

ആയിഷ വീണ്ടും ആതിരയായത് പീഡനം മൂലമോ?

ആയിഷ വീണ്ടും ആതിരയായത് പീഡനം മൂലമോ?
X

ഏകോപനം: എം ടി പി റഫീക്ക്


കാസര്‍കോട് കരിപ്പൊടി കണിയംപാടിയിലെ ആതിര(23)യെ ഈ വര്‍ഷം ജൂണ്‍ 10നാണ് കാണാതായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ വീട്ടില്‍ എഴുതിവച്ച 15 പേജുള്ള കത്ത് കണ്ടെത്തി. താന്‍ ഇസ്‌ലാം മതത്തില്‍ ചേരാന്‍ പോകുന്നുവെന്നാണ് കത്തില്‍ എഴുതിയിരുന്നത്. കാസര്‍കോട് ഗവ. കോളജില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ആതിര കാസര്‍കോട്ടെ ശങ്കരാചാര്യ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പിജിഡിസിഎക്കും പഠിച്ചുവരുകയായിരുന്നു. തിരോധാനവുമായി ബന്ധപ്പെട്ട് ഐഎസ് റിക്രൂട്ട്‌മെന്റും ലൗജിഹാദും ഉള്‍പ്പെടെ നിരവധി ഊഹാപോഹങ്ങള്‍ ഉയരുന്നതിനിടെയാണ് ആയിഷയായി മാറിയ ആതിരയെ കണ്ണൂര്‍ ബസ്സ്റ്റാന്റില്‍ നിന്ന് പോലിസ് കസ്റ്റഡിയിലെടുക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ യുവതി, മറ്റാരുടെയും പ്രേരണ ഉണ്ടായിട്ടില്ലെന്നും വര്‍ഷങ്ങളായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയായിരുന്നുവെന്നും മൊഴി നല്‍കിയിരുന്നു. കൂടുതല്‍ മതപഠനത്തിനു പോകാന്‍ അനുവദിക്കണമെന്ന ആയിഷയുടെ വാദം കോടതി സ്വീകരിക്കുകയും ചെയ്തു. ഒരു സ്വകാര്യ ചാനലിനു മുന്നിലും താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാം സ്വീകരിച്ചതെന്ന് ആതിര പ്രഖ്യാപിച്ചു. മതപഠനത്തിനും ഇസ്‌ലാം മതമനുസരിച്ചു ജീവിക്കാനും സൗകര്യം ഒരുക്കാമെന്നു സമ്മതിച്ചതിനെ തുടര്‍ന്നാണ് കുടുംബത്തോടൊപ്പം പോകാന്‍ ആയിഷ തയ്യാറായത്.   മതപഠനത്തിനു പോകാന്‍ ഒരുങ്ങിനിന്ന  ആയിഷയെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലായിരുന്നു. പൊടുന്നനെയാണ് പഴയ മതത്തിലേക്കു തിരിച്ചുപോവുന്നതായി പ്രഖ്യാപിച്ച് ആയിഷ   ആതിയായി സംഘപരിവാര ചാനലില്‍ പ്രത്യക്ഷപ്പെട്ടത്. എറണാകുളത്തെ ഒരു സ്ഥാപനത്തില്‍ താമസിച്ച് എല്ലാ മതങ്ങളെക്കുറിച്ചും പഠിച്ച ശേഷമാണ് ഹിന്ദുമതത്തിലേക്കു മടങ്ങാന്‍ തീരുമാനിച്ചതെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഈ വാര്‍ത്താസമ്മേളനത്തെക്കുറിച്ചും ദുരൂഹതനിലനില്‍ക്കുന്നുണ്ട്. എറണാകുളത്ത് നടന്നുവെന്നു പറയപ്പെടുന്ന വാര്‍ത്താസമ്മേളനത്തെക്കുറിച്ച് ത ങ്ങളാരും  അറിഞ്ഞില്ലെന്നും ആരാണ് അതു വിളിച്ചുചേര്‍ത്തത് എന്നറിയില്ലെന്നും മാധ്യമപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തുന്നു.



ഇസ്‌ലാംമതം സ്വീകരിച്ച് ആയിഷയായി മാറിയ ആതിര നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രത്തിലെ പീഡനത്തെ തുടര്‍ന്നാണ് പഴയ മതത്തിലേക്കുതന്നെ തിരിച്ചുപോയതെന്നാണ് അവിടെ നിന്നു രക്ഷപ്പെട്ട ശ്വേതയുടെ മൊഴിയില്‍ നിന്നു വ്യക്തമാവുന്നത്. ജൂലൈ 31ന്  തന്നെ കേന്ദ്രത്തിലെത്തിച്ച അന്നുതന്നെയാണ് ആതിരയെയും അവിടെ എത്തിച്ചതെന്ന് ശ്വേത പറഞ്ഞു. അവള്‍ ധരിച്ചിരുന്ന തട്ടം ബലമായി അഴിപ്പിച്ചു. പിന്നീട് തട്ടം തൊടാന്‍ അനുവദിച്ചിട്ടില്ല. താല്‍പര്യമില്ലെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് കുറിതൊടുവിച്ചു.

22 ദിവസം തങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. കേന്ദ്രത്തിലെ പീഡനങ്ങളെല്ലാം ആതിരയെ തളര്‍ത്തിയിരുന്നു. രാത്രി കിടക്കുമ്പോള്‍ പുതപ്പിനുള്ളില്‍ വച്ചുള്ള സംസാരത്തില്‍ ആതിര സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും അതില്‍ ഉറച്ചുനില്‍ക്കുമെന്നും പറഞ്ഞിരുന്നു. യോഗാ കേന്ദ്രത്തിലെ രീതികളൊന്നും ആതിരക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

ഖുര്‍ആനിലെയും ബൈബിളിലെയും ചില വചനങ്ങള്‍ മാത്രം കാണിച്ച് ആ മതങ്ങളെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായി. ആതിര പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഖുര്‍ആനിലെ ചില വചനങ്ങളെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിക്കുകയും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുകയും ചെയ്തത് ഇതോട് കൂട്ടിവായിക്കണം. ആഗസ്ത് 22നു താന്‍ യോഗാ കേന്ദ്രത്തില്‍ നിന്നു മടങ്ങുന്ന ദിവസം വരെ ആതിരയുമായി സംസാരിച്ചിരുന്നു.

തന്റെ നിലപാടില്‍ മാറ്റമില്ലെന്നും ഇസ്‌ലാമില്‍ ഉറച്ചുനില്‍ക്കുമെന്നും ആതിര പറഞ്ഞിരുന്നു. താന്‍ പോന്നതിനു ശേഷം ഒരു മാസത്തോളം ആതിര പീഡന കേന്ദ്രത്തിലുണ്ടായിരുന്നെന്നും  ശ്വേത പറഞ്ഞു. ചില പോലിസുകാരും അഭിഭാഷകരും ഘര്‍വാപസി കേന്ദ്രങ്ങളുടെ ഏജന്റുമാരെ പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അവിടെ നിന്നു രക്ഷപ്പെട്ടവരും ഹൈക്കോടതി വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും വെളിപ്പെടുത്തുന്നു. മിശ്രവിവാഹം, സ്വന്തം ഇഷ്ടപ്രകാരമുള്ള മതപരിവര്‍ത്തനം എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇവര്‍ ഈ കേന്ദ്രങ്ങള്‍ക്ക് വിവരം കൈമാറും. നിയമസഹായം തേടിയെത്തുന്ന സ്വന്തം കക്ഷികളുടെ വിവരങ്ങള്‍ പോലും ചില അഭിഭാഷകര്‍ ഇത്തരത്തില്‍ കൈമാറുന്നുണ്ട്.

ഹരജി നല്‍കുന്നത് നീട്ടിക്കൊണ്ടുപോകലും കോടതി ആവശ്യപ്പെടുന്ന രേഖകള്‍ കൃത്യസമയത്തു സമര്‍പ്പിക്കാതിരിക്കലും പതിവാണ്. യോഗാ കേന്ദ്രത്തില്‍ തടവില്‍ പാര്‍പ്പിച്ച ആയുര്‍വേദ ഡോക്ടര്‍ ശ്വേതയ്ക്കും സമാനമായ അനുഭവമുണ്ടായതായി ഭര്‍ത്താവ് റിന്റോ പറഞ്ഞു. ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ ആതിരയെ ഘര്‍വാപസി കേന്ദ്രത്തിലെത്തിച്ചതും പോലിസുകാരുടെ സഹായത്തോടെയാണെന്ന് വിവരമുണ്ട്. ഘര്‍വാപസി കേന്ദ്രത്തില്‍ പീഡനത്തിനിരയായ ശ്രുതിയുടെ മൊഴി പൂര്‍ണമായി രേഖപ്പെടുത്താതിരുന്ന പോലിസ് നടപടി, ഇത്തരം കേന്ദ്രങ്ങളുമായി പോലിസ് നടത്തുന്ന ഒത്തുകളിയുടെ തെളിവാണ്.

ഇക്കാര്യത്തില്‍ ഹൈക്കോടതി പോലിസിനെതിരേ രൂക്ഷവിമര്‍ശനമാണ് നടത്തിയത്. പീഡനകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട് പിന്നീട് ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷയായ കണ്ണൂര്‍ ജില്ലക്കാരിയായ അഷിതയെക്കുറിച്ച് പോലിസ് യാതൊരു അന്വേഷണത്തിനും തയ്യാറാവുന്നില്ല എന്ന ആരോപണവും ഉയരുന്നു.

ഭാഗം 6 :പീഡനകേന്ദ്രത്തില്‍ നിന്നു രക്ഷപ്പെട്ട അഷിത എവിടെ?

ഒന്നാം ഭാഗം ഇവിടെ വായിക്കാം

Next Story

RELATED STORIES

Share it