Flash News

ആഭ്യന്തരവകുപ്പിന്റെ ഇടപെടലുണ്ടായി : ചെന്നിത്തല



തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ടില്‍ സര്‍ക്കാര്‍ തിരുത്തല്‍ വരുത്തിയതായി പ്രതിപക്ഷം. മുഖ്യമന്ത്രി പിണറായി വിജയന്‍ റിപോര്‍ട്ട് കൈമാറിയ ശേഷമാണ് തിരുത്തല്‍ വരുത്തിയതെന്നായിരുന്നു നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ആരോപണം. ജുഡീഷ്യല്‍ കമ്മീഷന്റെ വിശ്വാസ്യതയില്‍ സംശയമുണ്ടെന്നും കമ്മീഷന്‍ സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളിയെന്നുമാരോപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്. റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചതിനു പിന്നാലെ ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥന്‍ ജസ്റ്റിസ് ജി ശിവരാജനെ സന്ദര്‍ശിച്ചത് എന്തിനായിരുന്നുവെന്നും റിപോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയത് എന്തിനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. കമ്മീഷന്‍ റിപോര്‍ട്ട് സഭയില്‍ വയ്ക്കുന്നതിനു മുമ്പ് പുറത്തുവിട്ടത് അവകാശലംഘനമാണ്. അന്വേഷണ റിപോര്‍ട്ടും സ്വീകരിച്ച നടപടിയും സഭയില്‍ സമര്‍പ്പിക്കും മുമ്പ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ പുറത്തുവിട്ടത് ചട്ടലംഘനമാണ്. മുഖ്യമന്ത്രിയുടെയും പൊളിറ്റിക്കല്‍ സെക്രട്ടറി പി ജയരാജന്റെയും ഫോണ്‍ സംഭാഷണങ്ങള്‍ പരിശോധിക്കാന്‍ തയ്യാറുണ്ടോയെന്നും ചെന്നിത്തല വെല്ലുവിളിച്ചു. 50 വര്‍ഷമായി നിയമസഭാംഗമായ ഉമ്മന്‍ചാണ്ടിക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചതുള്‍പ്പെടെ സോളാറുമായി ബന്ധപ്പെട്ട കേസുകളെല്ലാം നിയമപരമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിക്കളഞ്ഞു. ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ ആരോപണത്തില്‍ സഭയില്‍ പ്രസ്താവന നടത്തുമ്പോള്‍ താന്‍ ആ പേര് പരാമര്‍ശിച്ചില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സോളാര്‍ കമ്മീഷന്റെ അന്വേഷണ റിപോര്‍ട്ടില്‍ രമേശ് ചെന്നിത്തലയുടെ പി എ പ്രതീഷ് നായര്‍, ഡല്‍ഹി എന്നൊരാളെക്കുറിച്ചുള്ള പരാമര്‍ശം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാ ജനകവുമാണ്. അതേസമയം അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായി ആര്‍ പ്രതീഷ് കുമാര്‍ ഉണ്ടെന്നും  പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.
Next Story

RELATED STORIES

Share it