Flash News

ആപ് എംഎല്‍എമാരുടെ അയോഗ്യത നീക്കി

സിദ്ദീഖ്  കാപ്പന്‍
ന്യൂഡല്‍ഹി: പ്രതിഫലം പറ്റുന്ന ഇരട്ടപ്പദവി വഹിച്ചെന്ന ആരോപണത്തില്‍ ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി. എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള തിരഞ്ഞെടുപ്പു കമ്മീഷന്റെ ശുപാര്‍ശയില്‍ ഒപ്പുവച്ച രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നടപടിയാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും ചന്ദര്‍ ശേഖറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്.
എംഎല്‍എമാരുടെ ഭാഗം കേള്‍ക്കാതിരുന്ന തിരഞ്ഞെടുപ്പു കമ്മീഷന്റെ നടപടി സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് ബെഞ്ച് വിലയിരുത്തി. ഓരോ എംഎല്‍എയുടെയും കാര്യം വീണ്ടും പുനപ്പരിശോധിച്ച് കേസില്‍ ഉചിതമായ വിധത്തില്‍ വാദംകേള്‍ക്കാനും കോടതി ഉത്തരവിട്ടു. അയോഗ്യരാക്കും മുമ്പ് വിശദീകരണം നല്‍കാന്‍ കമ്മീഷന്‍ അവസരം തന്നില്ലെന്നും ശിക്ഷാനടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
2015 ഫെബ്രുവരിയില്‍ അധികാരമേറ്റ എഎപി സര്‍ക്കാര്‍ മാര്‍ച്ചിലാണ് എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ചത്. ഇത് പ്രതിഫലം പറ്റുന്ന പദവിയാണെന്നും ഇരട്ടപ്പദവി വഹിച്ച ഇവരെ അയോഗ്യരാക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖര്‍ജിക്ക് 2015 ജൂണില്‍ കത്തെഴുതിയതോടെയാണ് വിഷയം ചര്‍ച്ചയായത്. 1991ലെ ഗവണ്‍മെന്റ് ഓഫ് നാഷനല്‍ ടെറിറ്ററി ഓഫ് ഡല്‍ഹി ആക്റ്റ് പ്രകാരം ഇവരെ അയോഗ്യരാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. രജൗറി ഗാര്‍ഡനില്‍ നിന്നുള്ള എംഎല്‍എ ജര്‍ണയില്‍ സിങ് അടക്കം 21 പേരെ അയോഗ്യരാക്കണമെന്നായിരുന്നു പരാതി. എന്നാല്‍, 2017ല്‍ പഞ്ചാബ് അസംബ്ലി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി ജര്‍ണയില്‍ എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു.
വിഷയം പരിശോധിക്കുന്നതിനായി രാഷ്ട്രപതി കത്ത് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് കൈമാറുകയായിരുന്നു. ഗുജറാത്ത് സ്വദേശിയും സംഘപരിവാര സഹയാത്രികനുമായ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ കെ ജോതി വിരമിക്കുന്നതിന്റെ തലേദിവസം ചേര്‍ന്ന കമ്മീഷന്റെ സമ്പൂര്‍ണ യോഗമാണ് 20 പേരെയും അയോഗ്യരാക്കാന്‍ രാഷ്ട്രപതിക്കു ശുപാര്‍ശ ചെയ്തത്. തങ്ങളുടെ നിലപാട് കേള്‍ക്കാതെയാണ് കമ്മീഷന്റെ നടപടിയെന്നും ശുപാര്‍ശയില്‍ ഒപ്പുവയ്ക്കരുതെന്നും അഭ്യര്‍ഥിച്ച് എംഎല്‍എമാര്‍ രാഷ്ട്രപതിയെ കാണാന്‍ നിശ്ചയിച്ചതിന്റെ തലേദിവസം ധൃതിപിടിച്ച് രാഷ്ട്രപതി ശുപാര്‍ശ അംഗീകരിക്കുകയും ചെയ്തു.
വിഷയത്തില്‍ തീരുമാനമാവും മുമ്പ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്ന് ഹൈക്കോടതി കമ്മീഷനു നേരത്തേ നിര്‍ദേശം നല്‍കിയിരുന്നു. ശമ്പളം പറ്റാതെയുള്ള താല്‍ക്കാലിക പദവിയുടെ പേരില്‍ തങ്ങളെ അയോഗ്യരാക്കാന്‍ കഴിയില്ലെന്നാണ് എഎപി കോടതിയില്‍ വാദിച്ചത്. ശുപാര്‍ശയില്‍ ഒപ്പുവച്ച തിരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ, എംഎല്‍എമാരുടെ ഭാഗം കേട്ടിരുന്നില്ലെന്ന് എഎപി കോടതിയില്‍ ചൂണ്ടിക്കാട്ടി.
കേസില്‍ വിശദമായി വാദംകേട്ട ശേഷമാണ് കേന്ദ്രത്തിലെ മോദി സര്‍ക്കാരിനും തിരഞ്ഞെടുപ്പു കമ്മീഷനും കനത്ത തിരിച്ചടി നല്‍കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it