thrissur local

ആന ഇടഞ്ഞതു കണ്ട് ഓടുന്നതിനിടെ പരിക്കേറ്റയാള്‍ക്ക് 11,83,573 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

ചാവക്കാട്: ഏങ്ങണ്ടിയൂര്‍ ആയിരം കണ്ണി ക്ഷേത്രോല്‍സവത്തിനിടെ ആന ഇടഞ്ഞതിനെ തുടര്‍ന്ന് ഭയന്നോടി സാരമായി പരിക്കേറ്റയാള്‍ക്ക് 11,83,573 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ചാവക്കാട് സബ് കോടതി ഉത്തരവ്. ഏങ്ങണ്ടിയൂര്‍ കുണ്ടലിയൂര്‍ വേലുകുട്ടിയുടെ മകന്‍ സുബ്രഹ്മണ്യന് നഷ്ടപരിഹാരം നല്‍കാനാണ് ചാവക്കാട് സബ് കോടതി ജഡ്ജ് എന്‍ ശേഷാധ്രിനാഥന്‍ ഉത്തരവായത്.
2010 ഫെബ്രുവരി 22നാണ് സംഭവം. ഏങ്ങണ്ടിയൂര്‍ ആയിരംകണ്ണി ഭഗവതി ക്ഷേത്രോല്‍സവത്തില്‍ കൂട്ടിയെഴിന്നള്ളിപ്പിനിടെ ഗിരീഷന്‍ എന്ന ആന വിഷ്ണു ശങ്കരന്‍ എന്ന ആനയെ കുത്തിയതോടെ വിഷ്ണു ശങ്കരന്‍ ആന ചിന്നംവിളിച്ച് തിരിയുകയും ജനം ചിതറിയോടുകയുമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു.
ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തു നിന്നും 25 അടി താഴ്ചയിലേക്ക് ചാടി സുബ്രഹ്മണ്യന്‍ അടക്കം അഞ്ചു പേരുടെ കാലൊടിയുകയും ചെയ്തു. തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സുബ്രഹ്മണ്യന്‍ കോടതിയെ സമീപിച്ചത്. ക്ഷേത്ര കമ്മിറ്റി അഞ്ചു ലക്ഷം രൂപക്കാണ് ഉല്‍സവം ഇന്‍ഷൂര്‍ ചെയ്തിരുന്നത്. നഷ്ടപരിഹാര തുകയില്‍ അഞ്ചു ലക്ഷം രൂപ കേസിലെ ഒന്നാം പ്രതിയായ ഇന്‍ഷൂറന്‍സ് കമ്പനിയും ബാക്കി തുക ആയിരംകണ്ണി ക്ഷേത്ര കമ്മിറ്റിയും നല്‍കണമെന്നാണ് ഉത്തരവ്. ഓരോ ആനക്കും മൂന്നു ലക്ഷം രൂപ ഇന്‍ഷൂര്‍ ചെയ്യണമെന്നാണ് സുപ്രീംകോടതി വിധിയെങ്കിലും 33 ആനകള്‍ അണിനിരന്ന ഉല്‍സവം അഞ്ചു ലക്ഷം രൂപക്കു മാത്രമാണ് ഇന്‍ഷൂര്‍ ചെയ്തിരുന്നത്.
സുപ്രീംകോടതിയുടെ മാര്‍ഗ നിര്‍ദേശമനുസരിച്ച് 1.65 കോടി രൂപക്കാണ് ഉല്‍സവം ഇന്‍ഷൂര്‍ ചെയ്യേണ്ടിയിരുന്നത്. ആനകളെ എഴുന്നള്ളിക്കുമ്പോള്‍ പാലിക്കേണ്ടതായ മനദണ്ഡങ്ങളൊന്നും ഇവിടെ കൃത്യമായി പാലിക്കപ്പെട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it