ernakulam local

ആനവേട്ട; ലുക്ക് ഔട്ട് നോട്ടീസിന് കോടതിയുടെ അനുമതി തേടി

കോതമംഗലം: ഇടമലയാര്‍ ആനവേട്ട കേസില്‍ ഒളിവിലുള്ള പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസിന് വനപാലകര്‍ കോടതിയുടെ അനുമതി തേടി.
കേസിലെ 43ാം പ്രതിയും മരിച്ച ഐക്കരമറ്റം വാസുവിന്റെ സഹായിയുമായി പ്രവര്‍ത്തിച്ച നേര്യമംഗലം തൊണ്ണൂറ് സെന്റ് കോളനി താമസക്കാരനായ തങ്കച്ചനുവേണ്ടിയുള്ള ലുക്ക്ഔട്ട് നോട്ടീസിനാണ് അന്വേഷണസംഘം കോതമംഗലം കോടതിയില്‍ അനുമതി തേടിയിട്ടുള്ളത്. ഐക്കരമറ്റം വാസുവിനൊപ്പം ആനവേട്ടയ്ക്കും മറ്റും സഹായിയായി പ്രവര്‍ത്തിച്ചുവന്നിരുന്ന ഇയാള്‍ കേസന്വേഷണം തുടങ്ങിയപ്പോള്‍ ഒളിവില്‍ പോവുകയായിരുന്നു.
തങ്കച്ചനെകൂടി പിടികൂടുന്നതോടെ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരുടെ പ്രാഥമിക ലിസ്റ്റ് അവസാനിക്കുമെന്ന് അന്വേഷണ സംഘത്തിലെ റെയ്ഞ്ച് ഓഫിസര്‍ വി ബി അഖില്‍ പറഞ്ഞു. ഇതോടൊപ്പം റിമാന്റില്‍ കഴിയുകയായിരുന്ന ഉമേഷ് അഗര്‍വാള്‍, വിദ്യശങ്കര്‍, ഈഗിള്‍ രാജന്‍, വഞ്ചിയൂര്‍ സുധാകരന്‍ എന്നിവരെ അന്വേഷണസംഘം ആറുദിവസത്തെ കസ്റ്റഡിയില്‍വാങ്ങി.
കാട്ടുപോത്ത് വേട്ടയ്ക്കുപോയ കുട്ടമ്പുഴ സ്വദേശി സാബു ഉള്‍പ്പെടെയുള്ള സംഘം തുണ്ടം വനമേഖലയില്‍ നിന്നു ചരിഞ്ഞ ഒരാനയുടെ കൊമ്പെടുത്ത് വില്‍പന നടത്തിയ കേസില്‍ തുടരന്വേഷണത്തിനാണ് ഇവരെ അന്വേഷണസംഘം കസ്റ്റഡിയില്‍ വാങ്ങിയത്. 56 പേരടങ്ങുന്ന പ്രതിപ്പട്ടികയില്‍ 418 പ്രതികള്‍ പിടിയിലായിട്ടുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.
പ്രതികളെയും തൊണ്ടിമുതലും കണ്ടെത്താതെ അന്വേഷണം അവസാനിപ്പിക്കാനൊരുങ്ങുന്നുവെന്ന പത്രവാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടു പോവുകയാണെന്നും തുണ്ടം റെയ്ഞ്ച് ഓഫിസര്‍ വി ബി അഖില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it