Flash News

ആനവേട്ട കേസ് : ഏഴുപേര്‍ക്ക് കഠിന തടവ്



ചാലക്കുടി: വാഴച്ചാല്‍ ഫോറസ്റ്റ് ഡിവിഷനിലെ കൊല്ലതിരുമേട് റേഞ്ചിലെ ആനവേട്ട കേസിലെ ഏഴു പ്രതികളെയും കഠിനതടവിന് വിധിച്ചു. 2009 നവംബര്‍ 15ന് നടന്ന ആനവേട്ട കേസിലെ പ്രതികള്‍ക്കാണ് ചാലക്കുടി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എസ് സൂരജ് തടവുശിക്ഷ വിധിച്ച് ഉത്തരവിട്ടത്. കുട്ടമ്പുഴ കൂവപ്പാറ സ്വദേശികളായ ഒന്നാംപ്രതി പുറത്തയില്‍ സജി, രണ്ടാംപ്രതി ഒറവങ്ങച്ചാലില്‍ ജിജോ എന്ന ആണ്ടിക്കുഞ്ഞ്, സഹോദരന്‍ റെജി, നാലാംപ്രതി കളരിക്കുടിയില്‍ സേവ്യര്‍, അഞ്ചാംപ്രതി ജിതിന്‍ എന്നിവര്‍ക്കു കേരള ഫോറസ്റ്റ് ആക്റ്റ് പ്രകാരം രണ്ടു വര്‍ഷവും വൈല്‍ഡ്‌ലൈഫ് പ്രൊട്ടക്ഷന്‍ ആക്റ്റ് പ്രകാരം മൂന്നുവര്‍ഷത്തേതടക്കം മൊത്തം അഞ്ച് വര്‍ഷം കഠിന തടവിനും 15,000 രൂപ പിഴയും ഈടാക്കാനുമാണു ശിക്ഷിച്ചത്. ആറാംപ്രതി തിരുവനന്തപുരം ചാക്ക സ്വദേശി ചേന്തിമുടമ്പില്‍ രവി എന്ന ചാക്ക രവി ഏഴാംപ്രതി തിരുവനന്തപുരം പൂവ്വത്തൂര്‍ ശ്യാംകുമാര്‍ എന്ന തമ്പി എന്നിവര്‍ക്കു മൂന്നു വര്‍ഷം കഠിനതടവും 10,000 രൂപ പിഴയുമായാണ് ശിക്ഷിച്ചത്. കുട്ടമ്പുഴ സ്വദേശികളായ അഞ്ച് പ്രതികളും കൊല്ലത്തിരുമേട് റെഞ്ചിലെ ആനവേട്ടയില്‍ നേരിട്ട് പങ്കെടുത്തവരാണ്.  ഒന്നാംപ്രതി സജിയാണ് സ്വന്തം തോക്കുകൊണ്ട് ആനയെ വെടിവച്ച് വീഴ്ത്തിയത്. രണ്ടാംപ്രതി ആണ്ടിക്കുഞ്ഞാണ് തുമ്പിക്കൈ അറുത്ത് മാറ്റി കണ്ണ് മുതല്‍ മസ്തിഷ്‌കം വരെ വെട്ടിപ്പൊളിച്ചാണ് ആനക്കൊമ്പ് പുറത്തെടുത്തത്. റെജി സേവ്യര്‍ നായാട്ടില്‍ നേരിട്ട് പങ്കാളികളായി വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തു. സജി മലയാറ്റൂര്‍, മൂന്നാര്‍ ഡിവിഷനുകളില്‍ നാലോളം ആനവേട്ട കേ സിലെ പ്രതിയും ആണ്ടിക്കുഞ്ഞ് മലയാറ്റൂര്‍, വാഴച്ചാല്‍ ഡിവിഷനുകളിലെ 18 ഓളം ആനവേട്ട കേസുകളിലെ പ്രതിയുമാണ്. ആറാം പ്രതി ചാക്ക രവിയാണ് ആനക്കൊമ്പ് വാങ്ങി ശില്‍പമാക്കി വ്യാപാരം നടത്തുന്നത്. നായാട്ടിന് ശേഷം കൊണ്ടുവരുന്ന ആനക്കൊമ്പ് സൂക്ഷിക്കുന്നത് ഏഴാംപ്രതി ശ്യാമാണെന്നും റിപോര്‍ട്ടിലുണ്ട്.
Next Story

RELATED STORIES

Share it