malappuram local

ആനപ്പടിയിലെ തകര്‍ന്ന താല്‍ക്കാലിക നടപ്പാലം ഇ മൊയ്തു മൗലവി ട്രസ്റ്റ് പുനര്‍നിര്‍മിക്കും



പൊന്നാനി: തകര്‍ന്നു കിടന്നിരുന്ന വെളിയങ്കോട് പഞ്ചായത്തിലെ ആനപ്പടി താത്കാലിക നടപ്പാലം ജീവകാരുണ്യ സംഘടനയായ ഇ മൊയ്തു മൗലവി ചാരിറ്റബിള്‍ ട്രസ്റ്റ് പുനര്‍നിര്‍മിക്കും. വെളിയങ്കോട് ഗ്രാമപ്പഞ്ചായത്തിലെ ഗ്രാമം, ചേക്കുമുക്ക് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കനോലി കനാലിന് കുറുകെയുള്ള താത്കാലിക നടപ്പാലം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്നു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മിച്ചുനല്‍കിയ ഈ നടപ്പാലം. വര്‍ഷവും നടപ്പാലത്തിന്റെ അറ്റകുറ്റ പണികള്‍ നടത്താറുണ്ടെങ്കിലും ഒന്നര വര്‍ഷത്തിലധികമായി അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ നടപ്പാലം പൂര്‍ണ്ണമായും തകര്‍ന്നു. ഇതേതുടര്‍ന്ന് വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് പുതുതായുള്ള പ്രവേശനത്തെ ബാധിക്കുകയും ഗ്രാമം, ചെക്കുമുക്ക് പ്രദേശത്തുകാര്‍ക്ക് കനോലി കനാല്‍ മുറിച്ചുകടക്കാന്‍ കിലോ മീറ്ററുകള്‍ നടന്നുപോകേണ്ട ദുരവസ്ഥയും സംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കിയതോടെ ആനപ്പടി നടപ്പാലം പുനര്‍നിര്‍മിക്കുന്നതിനായി ജനകീയ പങ്കാളിത്വത്തോടെ ഫണ്ട് കണ്ടെത്തുവാന്‍ വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമജ സുധീര്‍ ചെയര്‍പേഴ്‌സനും വൈസ് പ്രസിഡന്റ് കെ കെ  ബീരാന്‍കുട്ടി കണ്‍വീനറുമായ കമ്മിറ്റിയ്ക്ക് രൂപം നല്‍കുകയും ചെയ്തു. ഇതിനിടെയാണ് നടപ്പാലത്തിന്റെ പുനര്‍നിര്‍മാണം പൂര്‍ണമായും ഏറ്റെടുത്തുകൊണ്ട് ഇ മൊയ്തു മൗലവി ട്രസ്റ്റ് ചെയര്‍മാന്‍ ഷാജി കാളിയത്തേല്‍ പഞ്ചായത്തിനെ സമീപിച്ചത്. ഇതോടെ നടപ്പാലത്തിന്റെ പുനര്‍നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ  നടത്താനിരുന്ന സമരവും മാറ്റിവച്ചു. കവുങ്ങ്, മുള, തെങ്ങ് എന്നിവ ഉപയോഗിച്ചാണ് പുനര്‍നിര്‍മാണം നടക്കുന്നത് ഒരു ലക്ഷം രൂപയാണ്  ചെലവ്. നടപ്പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചു .
Next Story

RELATED STORIES

Share it