palakkad local

ആനക്കരയില്‍ സിപിഐ-സിപിഎം വാക്‌പോര് രൂക്ഷമാവുന്നു



ആനക്കര: ആനക്കര പഞ്ചായത്തില്‍ സിപിഐ-സിപിഎം വാക്‌പോര് രൂക്ഷമാകുന്നു. കേരളത്തില്‍ ഇടത്പക്ഷ മുഖ്യമന്ത്രിയിരിക്കുന്നത് സിപിഐയുടെ ഔദാര്യത്തിലാണെന്ന ജില്ലാ കമ്മറ്റി അംഗം പാലോട്ട്  മണികണ്ഠന്റെ പ്രസ്താവനയാണ് കഴിഞ്ഞ പഞ്ചായത്ത് തിരെഞ്ഞടുപ്പ് സമയത്ത് തുടങ്ങിയ പ്രശ്‌നം ഇപ്പോള്‍ രൂക്ഷമാക്കിയത്. സിപിഐയുടെ ആനക്കര ലോക്കല്‍ സമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. മുന്നണി ബന്ധങ്ങള്‍ ബലികഴിച്ചുള്ള പ്രവര്‍ത്തനമാണ് ആനക്കര പഞ്ചായത്തില്‍ സിപിഎം നടത്തുന്നതെന്നും പഞ്ചായത്ത് തിരെഞ്ഞടുപ്പില്‍ പോലും സിപിഐ സ്ഥാനര്‍ഥിയെ തോല്‍പ്പിക്കുന്ന സമീപനമാണ് നടത്തിയതെന്നും പ്രസംഗത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. പിളര്‍പ്പായിരുന്നു പാര്‍ട്ടി നേരിട്ട ഏക പ്രശ്‌നം. പഞ്ചായത്ത് തിരെഞ്ഞടുപ്പ് സമയത്ത് വോട്ടിങ്ങ് കഴിയുന്നതു വരെ  തങ്ങളെ വേണമെന്നും അതുകഴിഞ്ഞാല്‍ കാലുവാരി ചവിട്ടുന്ന സമീപനമാണ് സിപിഎം നടത്തുതെന്നും പുതിയ ലോക്കല്‍ സെക്രട്ടറി രവി കുറ്റപ്പെടുത്തി. ആനക്കരയില്‍ സിപിഐയുടെ ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തില്‍ പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതില്‍ സിപിഎം നേതൃത്വത്തിന് പ്രതിഷേധമുണ്ട്. സിപിഎം പ്രവര്‍ത്തകരിലും പ്രതിഷേധം പുകയുന്നുണ്ട്. കൂറെ കാലമായി നിലനില്‍ക്കുന്ന പ്രശ്‌നമാണ് പൊതു യോഗത്തില്‍ പ്രകടമായത്. സോഷ്യല്‍ മീഡിയ വഴിയാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സിപിഐക്ക് മറുപടി നല്‍കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താന്‍ ആളില്ലാത്ത ചില മുന്നണിപാര്‍ട്ടിക്ക് സ്ഥാനാര്‍ഥിയെയും പ്രചരണത്തിനും സ്‌ക്വാഡിനും ബൂത്തിലിരിക്കാന്‍ പോലും ആളുകളെ നല്‍കേണ്ടി വരുകയും പാര്‍ട്ടി ഓഫിസില്‍ വന്നു അപേക്ഷിച്ചു കിട്ടുന്ന സഹകരണ ബാങ്ക് ഡയറക്ടര്‍ സ്ഥാനവും വാങ്ങി വലിയ വായില്‍ പ്രസംഗിക്കുന്നവര്‍ ഇരന്നു വാങ്ങിയ അത്തരം സ്ഥാനമാനങ്ങള്‍ കൂടി ഉപേക്ഷിക്കാന്‍ ചങ്കുറ്റം കാണിക്കണമെന്നാണ് ഡിവൈഎഫ്‌ഐ നേതാവ് ഫേസ്ബുക്കില്‍ സിപിഐയ്‌ക്കെതിരെ പോസ്റ്റ് ചെയ്തത്.
Next Story

RELATED STORIES

Share it