malappuram local

ആനക്കയം അഗ്രോ ടൂറിസം പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്



മഞ്ചേരി:  ആനക്കയം കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ അഗ്രോ ടൂറിസം പദ്ധതിക്ക് അവഗണനയില്‍ നിന്നു മോചനമാവുന്നു. 40 ലക്ഷം രൂപ ചെലവില്‍ നടക്കുന്ന ഒന്നാംഘട്ട പ്രവൃത്തികള്‍ അവസാനത്തിലാണ്. നടപ്പാതയും വ്യൂപോയിന്റുമാണ് പദ്ധതിയുടെ മുഖ്യ ആകര്‍ഷണം. ഇവയുടെ നിര്‍മാണം പൂര്‍ത്തിയായിക്കഴിഞ്ഞു. വലിയ ജലസംഭരണിക്ക് ചുറ്റിലുമാണ് നടപ്പാത. കേന്ദ്രത്തിലെ ഏറ്റവും ഉയരം കൂടിയ ഭാഗത്തുള്ള വ്യൂപോയിന്റില്‍ നിന്നു മഞ്ചേരി നഗരവും പരിസരവും കാണാനാവും.  വിനോദവും കാര്‍ഷികപഠനവും ലക്ഷ്യമിട്ട് നാലുവര്‍ഷം മുമ്പാണ് ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തില്‍ അഗ്രോ ടൂറിസം പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തയ്യാറാക്കിയ രൂപരേഖപ്രകാരം 2.5 കോടി രൂപയാണ് പദ്ധതി ചെലവ്. ഗവേഷണകേന്ദ്രത്തിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുകയും ആധുനികവും പരമ്പരാഗതവുമായ കൃഷിരീതികളുടെ പ്രചാരണം സാധ്യമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് പദ്ധതി പ്രഖ്യാപിച്ചതല്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാര്യമായി നടന്നില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും പദ്ധതി അവഗണിക്കപ്പെട്ടത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കേന്ദ്രത്തിലെ പ്രധാന പാതകളില്‍ ചെടികളും പച്ചക്കറികളും ഉപയോഗിച്ചുള്ള പഗോഡകള്‍, ആഫിം തിയേറ്റര്‍, വാച്ച് ടവര്‍, ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നിവയും നിര്‍മിക്കും. ജലസംഭരണികള്‍ക്ക് ചുറ്റും ഇരിപ്പിടം പണിയാനും കേന്ദ്രത്തില്‍ ഉല്‍പാദിപ്പിക്കുന്ന നടീല്‍വസ്തുക്കളും മൂല്യവര്‍ധിത ഉല്‍പനങ്ങളും വില്‍ക്കുന്നതിനുമുള്ള ഹൈടെക് കൗണ്ടര്‍ തുറക്കാനും പദ്ധതിയുണ്ട്. ആറു മാസത്തിനകം പദ്ധതി കമ്മീഷന്‍ ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് കാര്‍ഷിക ഗവേഷണ കേന്ദ്രം.
Next Story

RELATED STORIES

Share it