ആനകളെ തിരികെ കൊണ്ടുവരുന്നതു സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ വനംവകുപ്പിനു നിര്‍ദേശം

കൊച്ചി: തമിഴ്‌നാട്ടിലെ മുതുമല കടുവാസങ്കേതത്തില്‍ സ്ഥിതി ചെയ്യുന്ന തേപ്പക്കാട് ആന ക്യാംപിലേക്ക് കുങ്കി പരിശീലനത്തിനു കൊണ്ടുപോകാനിരിക്കുന്ന മൂന്ന് ആനകളെ തിരികെ കൊണ്ടുവരുന്നതു സംബന്ധിച്ച വിവരങ്ങള്‍ സമര്‍പ്പിക്കണമെന്ന് വനം വകുപ്പിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. കോടനാട് ആന സംരക്ഷണകേന്ദ്രത്തിനു സമീപം താമസിക്കുന്ന ടി ഐ ചന്ദ്രന്‍ സമര്‍പ്പിച്ച ഹരജിയിലാണ് നിര്‍ദേശം. പരിശീലനത്തിനു കൊണ്ടുപോകുന്ന നീലകണ്ഠന്‍ എന്ന ആനയുടെ ആരോഗ്യനില സംബന്ധിച്ച് റിപോര്‍ട്ട് നല്‍കണമെന്നും ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വനംവകുപ്പിനു നിര്‍ദേശം നല്‍കി.
കോടനാട്ടെ നീലകണ്ഠന്‍, കോന്നിയിലെ സുരേന്ദ്രന്‍, മുത്തങ്ങയിലെ സൂര്യ എന്നീ മൂന്ന് ആനകള്‍ക്ക് ഈ മാസം 15 മുതല്‍ സപ്തംബര്‍ 12 വരെ കുങ്കിയാനയാവാന്‍ പരിശീലനം നല്‍കാനാണ് വനംവകുപ്പ് തീരുമാനിച്ചത്. ആനകളെ കൊണ്ടുപോവുന്നതു സംബന്ധിച്ച വിവരങ്ങള്‍ വിശദമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും തിരികെ കൊണ്ടുവരുന്നതു സംബന്ധിച്ച് യാതൊരു വിവരങ്ങളുമില്ലെന്ന് ആനപ്രേമിയായ ചന്ദ്രനു വേണ്ടി ഹാജരായ അഡ്വ. ജീവന്‍ രാജീവ് വാദിച്ചു. 2000 കാലയളവില്‍ സണ്ണി, കുഞ്ഞു എന്നീ രണ്ട് ആനകളെ വയനാട്ടിലേക്ക് കുങ്കി പരിശീലനത്തിനു കൊണ്ടുപോയെങ്കിലും തിരികെ വന്നിട്ടില്ല. കഠിനമായ പരിശീലനം മൂലം സണ്ണി കൊല്ലപ്പെട്ടെന്നാണ് അറിഞ്ഞത്. കുഞ്ഞുവിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല.
1996ല്‍ വട്ടപ്പാറ വനത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് നീലകണ്ഠനെ കണ്ടെത്തിയത്. കോടനാട് ആനസംരക്ഷണ കേന്ദ്രത്തിലെ പ്രധാന ആകര്‍ഷണമാണ് നീലകണ്ഠന്‍. നീലകണ്ഠന്റെ കാലില്‍ വ്രണമുണ്ട്. കൂടാതെ മദം പൊട്ടുന്ന സമയം അടുത്തുവരുകയാണ്. കുങ്കി പരിശീലനം ക്രൂരമായ പരിശീലനമാണ്. അതിനാല്‍, നീലകണ്ഠന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്നും അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് വനംവകുപ്പിനു കോടതി നിര്‍ദേശങ്ങള്‍ നല്‍കിയത്. കേസ് 7നു വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it