thrissur local

ആധുനിക രീതിയിലുള്ള നഗരസഭാ പാര്‍ക്കിന് കൗണ്‍സില്‍ യോഗത്തില്‍ ഭരണാനുമതി



ചാലക്കുടി: ആധുനിക രീതിയിലുള്ള പാര്‍ക്ക് നിര്‍മ്മിക്കാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ഭരണാനുമതി. ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ നഗരസഭ നിര്‍മ്മിക്കുന്ന പാര്‍ക്കിനാണ് യോഗം ഭരണാനുമതി നല്‍്കിയത്. പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയായിരുന്നു തീരുമാനം. ടൂറിസം വകുപ്പിന്റെ മൂന്ന് കോടിയടക്കം നാല് കോടി രൂപ ചിലവിലാണ് പോട്രീസ് ഭൂമിയില്‍ പാര്‍ക്ക് നിര്‍മ്മിക്കുന്നത്. പാര്‍ക്കിന്റെ നിര്‍മ്മാണം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് നല്‍കാന്‍ മുന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു. പാര്‍ക്കിന്റെ പൂര്‍ണ്ണമായ സ്‌കെച്ച് രണ്ടു ദിവസത്തിനുള്ളില്‍ കൗണ്‍ലില്‍ പ്രദര്‍ശിപ്പിക്കും. കൗണ്‍സിലര്‍മാരുടെ നിര്‍ദേശ പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സൗകര്യമുണ്ടാകുമെന്നും ചെയര്‍പേഴ്‌സണ്‍ അറിയിച്ചു. പ്രദര്‍ശനത്തിന് ശേഷം ഭരണാനുമതി നല്‍കിയാല്‍ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ചെയര്‍പേഴ്‌സണ്‍ നിരാകരിക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷത്തിന്റെ വിയോജനകുറിപ്പോടെയാണ് ഭരണാനുമതി അംഗീകരിച്ചത്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ്-2 കെ കെ രവീന്ദ്രനെ സസ്‌പെന്റ് ചെയ്ത ചെയര്‍പേഴ്‌സന്റെ നടപടി യോഗം അംഗീകരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മാപ്പപേക്ഷ പരിഗണിച്ച് സര്‍വ്വീസില്‍ തിരിച്ചെടുക്കാനും യോഗത്തില്‍ തീരുമാനമായി. എന്നാല്‍ സര്‍വ്വീസില്‍ തിരിച്ചെടുത്ത ശേഷം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന ചെയര്‍പേഴ്‌സന്റെ തീരുമാനത്തെ പ്രതിപക്ഷം എതിര്‍ത്തു. സസ്‌പെന്‍ഷന്‍ ശിക്ഷയല്ലെന്നും സസ്‌പെന്‍ഷന്‍ നടപടി പൂര്‍ത്തിയാകണമെങ്കില്‍ അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് കൗണ്‍സിലില്‍ അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം നിയമകുരുക്കിന് സാധ്യതയുണ്ടെന്നും സെക്രട്ടറി അറിയിച്ചിട്ടും പ്രതിപക്ഷം ചെവികൊണ്ടില്ല. തുടര്‍ന്ന് പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെ അന്വേഷണം നടത്താന്‍ യോഗം തീരുമാനിച്ചു. ക്രിമിറ്റോറിയം നടത്തിപ്പിന് വാര്‍ഷിക മെയിന്റനന്‍സ് കോണ്‍ട്രാക്റ്റ് നല്‍കാന്‍ യോഗം തീരുമാനിച്ചു. 194പേര്‍ക്ക് പ്രധാനമന്ത്രിയുടെ ആവാസ് യോജന പദ്ധതി പ്രകാരം ഭവനം നിര്‍മ്മിക്കാനുള്ള പ്രജക്റ്റ് റിപ്പോര്‍ട്ടും യോഗം അംഗീകരിച്ചു. ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ വില്‍സന്‍ പാണാട്ടുപറമ്പില്‍, പി എം ശ്രീധരന്‍, വി.ഒ.പൈലപ്പന്‍,  യു.വി.മാര്‍ട്ടിന്‍, വി.ജെ.ജോജി. ജിജന്‍ മത്തായി, ഷിബു വാലപ്പന്‍, ബിജു ചിറയത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it