Flash News

ആധാറിന്റെ ഭരണഘടനാ സാധുത : ഇന്നു വാദം തുടങ്ങും

ന്യൂഡല്‍ഹി: ആധാര്‍ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തു സമര്‍പ്പിച്ച ഹരജിയില്‍ ഇന്നു മുതല്‍ വാദംകേള്‍ക്കാന്‍ സുപ്രിംകോടതി സമ്മതിച്ചു. ജസ്റ്റിസ് ജെ ചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വന്ന ഹരജിയില്‍ അടിയന്തരമായി വാദംകേള്‍ക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം പരിഗണിച്ചാണു കോടതിയുടെ നടപടി. സമാനമായ കേസുകളില്‍ സുപ്രിംകോടതി ഇന്നു വാദംകേള്‍ക്കുന്നതിനാല്‍ അവയോടൊപ്പം ഈ ഹരജിയും പരിഗണിക്കണമെന്നാണു ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്. കര്‍ണാടക സ്വദേശി മാത്യു തോമസ് ആണ് ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തു സുപ്രിംകോടതിയെ സമീപിച്ചത്. ആധാര്‍ ആക്റ്റ് സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതാണെന്നും നിലവില്‍ രാജ്യത്തുള്ള ബയോമെട്രിക് സംവിധാനം ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നുമാണു ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. ആധാറുമായി ബന്ധപ്പെട്ട കേസുകളില്‍ വാദംകേള്‍ക്കുന്നതിനായി ഭരണഘടനാ ബെഞ്ച് സ്ഥാപിക്കുമെന്നു കഴിഞ്ഞ മാസം 30നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയിരുന്നു. നവംബര്‍ അവസാന വാരത്തിനു മുമ്പു തന്നെ കേസുകളില്‍ വാദംകേള്‍ക്കുമെന്നു ബെഞ്ച് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യംചെയ്തു നിരവധി ഹരജികളാണു സുപ്രിംകോടതി മുമ്പാകെയുള്ളത്. പൗരന്റെ സ്വകാര്യതാ അവകാശം ഭരണഘടനയുടെ മൗലികാവകാശമാണെന്നുള്ള സുപ്രിംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടര്‍ന്നാണ് ആധാറിന്റെ സാധുത ചോദ്യം ചെയ്തു നിരവധി പേര്‍ ഹരജി നല്‍കിയത്. ആധാര്‍നമ്പര്‍ ബാങ്ക് അക്കൗണ്ടുമായും മൊബൈല്‍ നമ്പറുമായും ബന്ധിപ്പിക്കുന്നതു നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടിയും കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്. സിബിഎസ്ഇ പരീക്ഷയ്ക്കു ഹാജരാവുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരേയുള്ള ഹരജിയും കോടതിയുടെ പരിഗണനയിലാണ്.
Next Story

RELATED STORIES

Share it