ആധാര്‍ ഇല്ല; യുവതി ആശുപത്രി വരാന്തയില്‍ പ്രസവിച്ചു

ഗുഡ്ഗാവ്: ആധാര്‍ കാര്‍ഡ് കൈയിലില്ലാത്തതിനാല്‍ പ്രസവ വാര്‍ഡില്‍ പ്രവേശനം നിഷേധിച്ച യുവതി ആശുപത്രിവരാന്തയില്‍ പ്രസവിച്ചു. ഗുഡ്ഗാവിലെ സിവില്‍ ആശുപത്രിയില്‍ മുന്നി എന്ന 25കാരിക്കാണ് ദുരനുഭവം നേരിട്ടത്. സംഭവത്തെത്തുടര്‍ന്ന് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തു. പ്രസവവേദനയെത്തുടര്‍ന്നാണ് മുന്നി ഭര്‍ത്താവിനെയും കൂട്ടി ആശുപത്രിയിലെത്തിയത്. എന്നാല്‍, പ്രസവമുറിയില്‍ പ്രവേശിപ്പിക്കണമെങ്കില്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നായിരുന്നു ഗൈനക്കോളജിസ്റ്റിന്റെയും നഴ്‌സിന്റെയും നിലപാട്. ആധാര്‍ കാര്‍ഡ് കൈയിലില്ലാത്തതിനാല്‍ ആധാര്‍ നമ്പര്‍ നല്‍കാമെന്നും പിന്നീട് ആധാറിന്റെ കോപ്പി നല്‍കാമെന്നു പറഞ്ഞിട്ടും യുവതിയെ പ്രസവമുറിയില്‍ പ്രവേശിപ്പിക്കാനോ സ്‌കാനിങ് നടത്താനോ ആശുപത്രി ജീവനക്കാര്‍ തയ്യാറായില്ലെന്നു ഭര്‍ത്താവ് അരുണ്‍ കെവാത്ത് ആരോപിച്ചു. തുടര്‍ന്ന്, ബന്ധുക്കളെ യുവതിയോടൊപ്പം നിര്‍ത്തി ഭര്‍ത്താവ് ആധാര്‍ കാര്‍ഡ് കൊണ്ടുവരാന്‍ പോയി. തുടര്‍ന്ന്, ആശുപത്രി വരാന്തയില്‍ കഴിയേണ്ടിവന്ന മുന്നി അവിടെ പ്രസവിക്കുകയായിരുന്നു. ഗര്‍ഭിണിയായ ശേഷം മുന്നി മതിയായ ആരോഗ്യപരിശോധനകളൊന്നും നടത്തിയിരുന്നില്ലെന്നും അതിനാലാണ് സ്‌കാനിങ് റിപോര്‍ട്ടുണ്ടെങ്കിലേ വാര്‍ഡില്‍ പ്രവേശിപ്പിക്കാനാവൂ എന്നു പറഞ്ഞതെന്നുമാണ് ആശുപത്രിയുടെ വിശദീകരണം. ആശുപത്രി ജീവനക്കാരുടെ മനുഷ്യത്വരഹിതമായ പെരുമാറ്റത്തിനെതിരേ ബന്ധുക്കള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഒരു ഡോക്ടറെയും നഴ്‌സിനെയും സസ്‌പെന്‍ഡ് ചെയ്തത്.
Next Story

RELATED STORIES

Share it