Kottayam Local

ആദ്യ വിവാഹം മറച്ചുവച്ച് രണ്ടാം വിവാഹം: രണ്ടുപേര്‍ പിടിയില്‍

കടുത്തുരുത്തി: ആദ്യ വിവാഹം മറച്ചുവച്ച് രണ്ടാം വിവാഹം നടത്തിയ രണ്ടുപേര്‍ പോലിസ് പിടിയില്‍. കൊല്ലം കൊട്ടാരക്കര ജ്യോതിസ് ഭവനില്‍ ജ്യോതിഷ് (35), മാതാവ് രമണി എന്നിവരാണ് പിടിയിലായത്്. ആദ്യ ഭാര്യയുടെ പരാതിയില്‍ കടുത്തുരുത്തി പോലിസ് ഇരുവരെയും പിടികൂടുകയായിരുന്നു.
ഇയാളും ഞീഴൂര്‍ കാട്ടാമ്പാക്ക് സ്വദേശിനിയായ 25കാരിയുമായി ശനിയാഴ്ച ഉച്ചയോടെ കാട്ടാമ്പാക്കിലെ ഒരു ഓഡിറ്റോറിയത്തില്‍ വിവാഹം നടന്നിരുന്നു. തൊട്ടുപിന്നാലെ ഇയാളുടെ ആദ്യ ഭാര്യയായ വിതുര സ്വദേശിനിയും പിതാവും വിവാഹവേദിയിലെത്തി വിവാഹം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ക്കൊപ്പം നാട്ടുകാരും കൂടിയതോടെ പോലിസ് സ്ഥലത്തെത്തി നവവരനെ കസ്റ്റഡിയിലെടുത്തു. അമ്മയും വല്യച്ചനും മാത്രമാണ് വരന്റെ ആളുകളായി വിവാഹത്തിനുണ്ടായിരുന്നത്.
2012 ജനുവരി 12നാണ് വിതുര സ്വദേശിയായി യുവതിയുമായി ജ്യോതിഷ് വിവാഹം ചെയ്തത്. മൂന്നു വര്‍ഷം ഇരുവരും ഒന്നിച്ച് താമസിച്ചിരുന്നതായും തന്റെ പിതാവിന്റെ പേരിലുള്ള രണ്ടര ഏക്കര്‍ ഭൂമി ഇയാള്‍ക്ക് വിട്ടുനല്‍കണമെന്ന ആവശ്യം നിരാകരിച്ചതോടെ ഭര്‍തൃവീട്ടില്‍ നിന്നു തന്നെ ഇറക്കിവിട്ടതായും ആദ്യഭാര്യ പറഞ്ഞു. പിന്നീട് വിവാഹമോചന കേസ് ഫയല്‍ ചെയ്തതോടെ ഇരുവരും തമ്മില്‍ അകന്നു കഴിയുകയായിരുന്നു.
ബിടെക് യോഗ്യതയുണ്ടെന്ന് പറയുന്ന ജ്യോതിഷ് ഗുജറാത്തിലെ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നു പറഞ്ഞാണു തന്നെ വിവാഹം കഴിച്ചതെന്നും 53 പവന്‍ സ്വര്‍ണ ഉരുപ്പടികളും ഒന്നര ലക്ഷം രൂപയും തന്റെ ബന്ധുക്കളുടെ കൈയില്‍ നിന്ന് ഇയാള്‍ വിവാഹത്തോടനുബന്ധിച്ച് വാങ്ങിച്ചതായും വിതുര സ്വദേശിനി പറയുന്നു. ആദ്യഭാര്യയുമായി അകന്നതോടെ ആ വിവരം മറച്ചുവച്ച് കുവൈത്തില്‍ നഴ്‌സായി ജോലി ചെയ്യുന്ന കാട്ടാമ്പാക്കു സ്വദേശിനിയുമായി വിദേശത്തു വച്ച് ഇയാള്‍ അടുപ്പത്തിലാവുന്നത്.
തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും നവ വധുവിന്റെ ബന്ധുക്കള്‍ പറയുന്നു. സംഭവം സംബന്ധിച്ച് യുവാവിനെതിരേ കേസെടുത്തതായും സമാന രീതിയില്‍ കൂടുതല്‍ വിവാഹ തട്ടിപ്പുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കടുത്തുരുത്തി എസ്എച്ച്ഒ കെ പി തോംസണ്‍ അറിയിച്ചു. ജ്യോതിഷിനെയും മാതാവിനെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it