thiruvananthapuram local

ആദ്യ കലോല്‍സവ ഓര്‍മകളുമായി ലളിതഗാന ജേതാവ് അബ്ദുല്‍ ലത്തീഫ്

തിരുവനന്തപുരം: ആദ്യ കലോല്‍സവത്തിന്റെ ഓര്‍മകളുമായി ലളിതഗാന മല്‍സര ജേതാവ് എസ് എ ലത്തീഫ് ഇന്നലെ പ്രധാന വേദിയായ പുത്തരിക്കണ്ടം മൈതാനിയില്‍ എത്തി. 1958ല്‍ ഫോര്‍ട്ട് സ്‌കൂളില്‍ പഠിക്കുമ്പോഴാണ് ഇദ്ദേഹം ജില്ലാതലത്തില്‍ ലളിത ഗാന മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയത്. കോഴിക്കോട്ട് സാമൂതിരി ഹൈസ്‌കൂളില്‍ നടന്ന സംസ്ഥാന മല്‍സരത്തില്‍ രണ്ടാം സ്ഥാനവും നേടി. അടുത്ത വര്‍ഷം സെന്‍ട്രല്‍ ഹൈസ്‌കൂള്‍ അട്ടക്കുളങ്ങരയില്‍ പഠിക്കുമ്പോഴാണ് ജില്ലാ കലോല്‍സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയതിനുള്ള വ്യക്തിഗത പുരസ്‌കാരം ഏറ്റുവാങ്ങിയത്. അടുത്തവര്‍ഷവും ഈ ബഹുമതി തുടരുകയുണ്ടായി. തലസ്ഥാന ജില്ലയില്‍ ആദ്യമായി ഗാനമേള ട്രൂപ്പ് ആരംഭിച്ചതും ലത്തീഫ് തന്നെയായിരുന്നു. നീണ്ട 20 വര്‍ഷം പ്രഫഷനല്‍ നാടക വേദികളില്‍ ലത്തീഫ് സ്ഥിരസാനിധ്യമായിരുന്നു. 1985 ല്‍ കൊല്ലം കാളിദാസ കലാകേന്ദ്രത്തില്‍ അവസാന ഗാനം പാടി അദ്ദേഹം വിരമിക്കുകയായിരുന്നു. കലോല്‍സവത്തിന്റെ ആദ്യകാലങ്ങളില്‍ ഇത്രയും പകിട്ടും പത്രാസുമുണ്ടായിരുന്നില്ലെന്ന് അദ്ദേഹം പറയുന്നു. പങ്കെടുക്കുകയും വിജയിക്കുകയും ചെയ്യുന്ന മല്‍സാര്‍ഥികളെയും വലിയതോതില്‍ പ്രോല്‍സാഹിപ്പിച്ചിരുന്നുമില്ല. ഇപ്പോള്‍ കുട്ടികള്‍ക്ക് ധാരാളം അവസരങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാച്ചല്ലൂരിലാണ് ഈ കലാകാരന്‍ താമസിക്കുന്നത്.
Next Story

RELATED STORIES

Share it