kasaragod local

ആദിവാസി കലാമേളയുടെ പേരില്‍ വന്‍ ധൂര്‍ത്തെന്ന് ആക്ഷേപം

കാഞ്ഞങ്ങാട്: പട്ടികജാതി - പട്ടിക വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന സര്‍ഗോല്‍സവം പരിപാടിയുടെ മറവില്‍ വന്‍ ധൂര്‍ത്ത്. ഇതേ തുടര്‍ന്ന് സംഘാടക സമിതിയില്‍ ഭിന്നത ഉടലെടുത്തു. 50 ലക്ഷം രൂപയാണ് പരിപാടിക്കായി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ലഭിക്കുന്നത്. ഇതിന് പുറമെ പൊതുജനങ്ങളില്‍ നിന്ന് പിരിവും സ്വീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ നടന്ന സ്വീകരണ ഘോഷയാത്രയില്‍ പ്ലോട്ടുകളൊന്നും ഇല്ലാതിരുന്നിട്ടും 1,75,000 രൂപയാണ് ഇതിന് ചെലവ് കണക്കാക്കിയത്. ഇതിന്റെ സംഘാടക സമിതി ചെയര്‍മാന്‍ സിപിഐ നേതാവ് എം നാരായണനായിരുന്നു. എന്നാല്‍ ചെയര്‍മാനാണെന്ന് ഇദ്ദേഹത്തിന് പോലും അറിയില്ലായിരുന്നു. മാത്രവുമല്ല 18 ഇനങ്ങളിലായാണ് മല്‍സരം നടക്കുന്നത്. സംസ്ഥാനത്തെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍, പ്രീമെട്രിക് ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 1200ഓളം മല്‍സരാര്‍ത്ഥികളാണ് മാറ്റുരക്കുന്നത്. ഇവരുടെ പരിശീലനത്തിനും ഭക്ഷണം, യാത്രാചെലവ് എന്നിവയ്ക്കുമായാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. മല്‍സരത്തില്‍ ആദിവാസികളുടെ പരമ്പരാഗത കലാരൂപങ്ങളായ കോല്‍ക്കളി, അലാമിക്കളി, മംഗലംകളി, നാടന്‍പാട്ട്, തുടികൊട്ട് എന്നിവ ഉള്‍പ്പെടുത്തിയിട്ടില്ല. സംഘാടക സമിതിയിലും എല്ലാ പാര്‍ട്ടികള്‍ക്കും പ്രതിനിധ്യം നല്‍കിയിട്ടില്ലെന്ന് ആരോപണമുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ഉന്നതിക്ക് വേണ്ടി വകുപ്പ് കോടികള്‍ ചെലവഴിക്കുന്നുണ്ടെങ്കിലും ഇതൊന്നും അര്‍ഹതപ്പെട്ടവര്‍ക്ക് എത്താറില്ല. ഇതുപോലെ തന്നെയാണ് കലാമേളയെന്നും ആദിവാസി വിഭാഗങ്ങള്‍ ആരോപിക്കുന്നുണ്ട്. സംഘാടക സമിതി വര്‍ക്കിങ് ചെയര്‍മാന്‍ കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍മാനായ വി വി രമേശനാണ്.
Next Story

RELATED STORIES

Share it