Idukki local

ആത്മഹത്യാ മുനമ്പില്‍ സാഹസിക സെല്‍ഫികളുമായി വിനോദസഞ്ചാരികള്‍



പീരുമേട്: വിനോദ സഞ്ചാര കേന്ദ്രങ്ങളായ പരുന്തുംപാറയിലും വാഗമണ്ണിലും വിനോദ സഞ്ചാരികള്‍ എടുക്കുന്ന സാഹസിക സെല്‍ഫികള്‍ അപകടങ്ങളിലേയ്ക്ക് വഴി തെളിക്കുന്നു. സമുദ്രനിരപ്പില്‍ നിന്നും അയ്യായിരമടി ഉയരത്തില്‍  സ്ഥിതി ചെയ്യുന്ന പരുന്തുംപാറയിലും വാഗമണ്ണിലും വിനോദ സഞ്ചാരികളില്‍ സാഹസികമായി സെല്‍ഫി എടുക്കുന്നത് പതിവാണ്. ഇതിനിടെ പ്രമുഖ സ്വകാര്യ ടെലിവിഷന്‍ ചാനലില്‍  സാഹസിക സെല്‍ഫിയെ പ്രോത്സാഹിപ്പിക്കുന്ന മത്സരങ്ങള്‍ നടത്തുന്നത്  സഞ്ചാരികളെ ആത്മഹത്യ മുനമ്പുകളില്‍  നിന്നും സെല്‍ഫി എടുക്കുന്നതിന് പ്രേരിപ്പിക്കുന്നു. കാണുന്നവര്‍ക്ക് നെഞ്ചിടിപ്പ് ഉണ്ടാക്കുന്ന രീതിയിലുള്ള ചിത്രങ്ങളും വീഡിയോകളുമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്നത് യുവാക്കളില്‍ പതിവാണ്. സെല്‍ഫി സ്റ്റിക്കുകള്‍ ഉപയോഗിച്ചും മരങ്ങളിലും പാറയുടെ മുകളിലും കയറി നിന്നുമാണ് സഞ്ചാരികള്‍ ഫോട്ടോ എടുക്കുന്നത്. സ്വകാര്യ വെബ്‌സൈറ്റികളും കോളേജ് ഫെസ്റ്റുറ്റുകളും  സാഹസിക സെല്‍ഫിയെ പ്രോത്സാഹിപ്പിച്ച് ഓണ്‍ലൈന്‍ ഫോട്ടോഗ്രഫി മത്സരങ്ങള്‍ നടത്തുന്നതും ആത്മഹത്യ മുനമ്പിലെ സെല്‍ഫിക്ക് സഞ്ചാരികളെ പ്രേരിപ്പിക്കുന്നു. യുവാക്കളാണ് കൂടുതലും   സാഹസിക സെല്‍ഫികള്‍ക്ക് മുതിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ തൃപ്പൂണിത്തറ സ്വദേശി  അരുണ്‍ (22) സെല്‍ഫി എടുക്കുന്നതിനിടെ  വാഗമണ്ണിലെ ആത്മഹത്യ മുനമ്പില്‍ നിന്നും 800  അടി താഴ്ച്ചച്ചയിലേയ്ക്ക് വീണ് ദാരുണമായ അന്ത്യം സംഭവിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് വാഗമണില്‍ ലക്ഷങ്ങള്‍ മുടക്കി സുരക്ഷാ വലയങ്ങളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. പരുന്തുംപാറയില്‍ സഞ്ചാരികളെ നിയന്ത്രിക്കാന്‍ ടൂറിസം വകുപ്പിന്റെ ഉദ്യാഗസ്ഥര്‍ ആരും തന്നെയില്ലാത്തതും പോലീസ് ഐഡ് പോസ്റ്റ് ഇല്ലാത്തതും സഞ്ചാരികള്‍ക്ക് ആത്മഹത്യ മുനമ്പ് സന്ദര്‍ശനത്തിനും സാഹസിക സെല്‍ഫിക്കും ലൈസന്‍സാകുന്നു.
Next Story

RELATED STORIES

Share it