Flash News

ആഘോഷ കിക്കോഫിനൊരുങ്ങി റഷ്യ

ആഘോഷ കിക്കോഫിനൊരുങ്ങി റഷ്യ
X


കണ്ണും കാതും മനസ്സും ഇനി റഷ്യയുടെ വോള്‍ഗ നദിയേയും തഴുകി മോസ്‌കോ പുല്‍മൈതാനിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ലോക ഫുട്‌ബോള്‍ ആരാധകര്‍ക്കിനി ഒരു മാസം നീണ്ടു നില്‍ക്കുന്ന ആവേശപ്പേമാരി. ആ പേമാരിയില്‍ വന്‍ ഉയര്‍ച്ചയും താഴ്ചയും അവര്‍ക്ക്  അനുഭവപ്പെട്ടെന്നിരിക്കാം. എന്നാലും ഭൂമിയിലെ ഓരോ മനുഷ്യനും വിവേചനരഹിതമായി ആ ആവേശപ്പേമാരിയില്‍ തകര്‍ത്താര്‍മാദിക്കും. നാളെ റഷ്യയും സൗദി അറേബ്യയും തമ്മിലുള്ള ഉദ്ഘാടന മല്‍സരത്തോടെ അരങ്ങേറുന്ന ഈ കായിക മാമാങ്കത്തിന് ആവേശം പകരാന്‍ ഫുട്‌ബോള്‍ ലോകത്തിലെ ഇതാഹാസങ്ങളിലൊരാളായ, 2002ല്‍ ബ്രസീലിന് ലോകകപ്പ് സമ്മാനിച്ച സാക്ഷാല്‍ റൊണാള്‍ഡോ, ആഗോള സംഗീതജ്ഞന്‍ റോബി വില്യംസ്, റഷ്യന്‍ ഒപേറ ഗായിക എയ്ഡ എരുഫുല്ലിന എന്നിവരാണ് മോസ്‌കോയിലെ 80,000 ആരാധകര്‍ക്ക്് പ്രത്യേകം സജ്ജീകരിച്ച ലുഷ്‌കിനി സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുക. ഈ ലോകകപ്പിന്റെ 2015 ലെ പ്രിലിമിനറി ഡ്രോ മുതല്‍ 2018 ജൂലൈ 15 വരെയുള്ള ഫുട്‌ബോളിലെ എല്ലാ ഒരുക്കങ്ങളും ഫെലിക്‌സ് മിഖേലാവ് എന്ന ഇവന്റ് മാനേജ്‌മെന്റ് ഡയറക്ടറുടെ കരങ്ങളാല്‍ ഭദ്രമാണ്. അദ്ദേഹത്തിന്റെ കലാസൃഷ്ടിയോടു കൂടിയുള്ള ആശയങ്ങള്‍ ലോക ഫുട്‌ബോള്‍ കാണികള്‍ ഇരും കൈയും നീട്ടി സ്വീകരിച്ചതാണ്. ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് ഓരോ ടീമിന്റെയും ഗ്രൂപ്പ് തിരിച്ചുള്ള ഫൈനല്‍ ഡ്രോ ചടങ്ങ് അരങ്ങേറിയതും. ഇനി നാളെ നടക്കാനിരിക്കുന്ന ലോകകപ്പിന്റെ തിരികൊളുത്തലിനും ലോകം അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്ന്് നിസ്സംശയം പറയാം. ലോകകപ്പിന്റെ കിക്കോഫിന് അര മണിക്കൂര്‍ മുമ്പാണ് ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കുന്നത്. ലൂഷ്‌കിനി സ്റ്റേഡിയത്ത് വര്‍ണ വിസ്മയം തീര്‍ക്കുമ്പോള്‍ അതേ സമയത്ത് തന്നെ റഷ്യന്‍ ചാരുതയെ വാരിപ്പുണരുന്ന റെഡ് സ്‌ക്വയറില്‍ സംഗീതപരിപാടിയും നടക്കും. റോബി വില്യംസ് നയിക്കുന്ന ഈ സംഗീതപരിപാടിയില്‍ റഷ്യയുടെ പാരമ്പര്യത്തെ വിളിച്ചോതുന്ന ആശയവുമായി 500 നര്‍ത്തകീനര്‍ത്തകന്‍മാരും ജിംനാസ്റ്റുകളും ട്രാംപോളിനിസ്റ്റുകളും വേദിയില്‍ അരങ്ങു തകര്‍ക്കും. 1990 കളിലെ പോപ് ഐകണായിരുന്ന റോബി വില്യംസിനൊപ്പം ഇംഗ്ലണ്ടില്‍ നിന്നുള്ള ഒട്ടനവധി ഗായകര്‍ പിന്നണിക്കായി ഒത്തു ചേരും. റോബിയോടൊപ്പം റഷ്യന്‍ സോപ്രാനോ എയ്ഡ ഗാരിഫുല്ലിനയും കൂടി ചേരുന്നതോടെ ഫുട്‌ബോള്‍ ലോകം സംഗീതലഹരിയില്‍ ഉന്‍മാദിക്കുമെന്ന് തീര്‍ച്ച. ഇതുവരെ കഴിഞ്ഞ ലോകകപ്പില്‍ നിന്നും വിഭിന്നമായി നിലവിലെ ലോകകപ്പില്‍ സംഗീതത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കിയാണ് ചടങ്ങ് അലങ്കരിച്ചിരിക്കുക എന്നാണ് ഫിഫ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഒടുവില്‍ കിക്കോഫിന് തൊട്ടു മുമ്പായി വില്‍ സ്മിത്തും നിക്കി ജാമും കോസോവാറും എറാ ഇസ്‌ത്രേഫിയും ചേര്‍ന്ന് ഒരുക്കിയ ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ഗാനമായ ലിവി ഇറ്റ് അപും ഉയരും.
Next Story

RELATED STORIES

Share it