kannur local

ആഘോഷത്തിനിടെ റോഡ് തടസ്സപ്പെടുത്തി പ്രതിഷേധം

ഇരിട്ടി: പുതുവര്‍ഷാഘോഷത്തിന്റെ മറവില്‍ കരിങ്കല്ലുകളും ചെങ്കല്ലുകളും നിരത്തി തകര്‍ന്ന റോഡിനെതിരേ  പ്രതിഷേധം. കിഴൂര്‍-ഇരിട്ടി ഹൈസ്‌കൂള്‍ വഴി താലൂക്ക് ആശുപത്രിയിലേക്കും നേരമ്പോക്കിലേക്കും വരുന്ന റോഡിലാണ് പ്രതിഷേധക്കാര്‍ കരിങ്കല്ലുകളും ചെങ്കല്ലുകളും നിരത്തി തടസ്സമുണ്ടാക്കിയത്. ഞായറാഴ്ച രാത്രിയില്‍ പുതുവര്‍ഷാഘോഷത്തിനിടെയാണ് ഇത് ചെയ്തതെന്നാണ് അനുമാനം. രാവിലെ ഇതുവഴിയെത്തിയ വാഹനയാത്രക്കാരാണ് റോഡിലെ തടസ്സം കണ്ടത്. കീഴൂരില്‍ നിന്നു ഹൈസ്‌കൂളിലേക്കുള്ള  കുത്തനെയുള്ള കയറ്റത്തില്‍ റോഡ് തകര്‍ന്ന് കിടക്കുന്നതു മൂലം ഇതുവഴി വാഹനങ്ങള്‍ ഏറെ പണിപ്പെട്ടാണ് യാത്ര നടത്തുന്നത്. മാസങ്ങള്‍ക്കു മുമ്പ് കാലവര്‍ഷാരംഭത്തിലാണു റോഡിന്റെ ടാറിങ് പ്രവൃത്തി നടത്തിയിരുന്നത്. ടാറിങ് കഴിഞ്ഞ ഉടനെ മഴ പെയ്തതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ സ്‌കൂള്‍ കയറ്റത്തിലെ റോഡിലെ ടാറിങ് മുഴുവന്‍ കുത്തിയൊഴുകി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു. റോഡ് വീണ്ടും അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാനായി കരാര്‍ നല്‍കിയെങ്കിലും ഇതുവരെ പണി പൂര്‍ത്തിയാക്കാനായില്ല. ഇതുവഴിയുള്ള വാഹനയാത്ര ദുഷ്‌കരമായി തുടരവേയാണ് പ്രദേശവാസികള്‍ റോഡില്‍ കല്ലുകള്‍ നിരത്തിയുള്ള പ്രതിഷേധത്തിന് പുതുവല്‍സര രാത്രി തിരഞ്ഞെടുത്തത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി പി ഉസ്മാന്‍ എന്നിവര്‍ സ്ഥലത്തെത്തി കല്ലുകള്‍ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
Next Story

RELATED STORIES

Share it