Flash News

ആകാശപാതയില്‍ അവ്യക്തത; കേരളത്തെ കുപ്പിയിലാക്കി കേന്ദ്രം

നെഞ്ച് പിളരുന്നകീഴാറ്റൂര്‍ - 6  -  സമദ്  പാമ്പുരുത്തി

ഭരണകൂടത്തിന്റെ കണ്ണും കാതും തുറപ്പിക്കാനായി എന്നതാണ് വയല്‍ക്കിളി ബഹുജനസമരത്തിന്റെ പ്രധാന നേട്ടം. ജനരോഷം ശക്തിയാര്‍ജിച്ചതോടെ കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാത ബൈപാസ് പണിയണമെന്ന കടുംപിടിത്തം സര്‍ക്കാര്‍ ഉപേക്ഷിക്കുമെന്ന പ്രതീതിയുണ്ടായി. വീണ്ടുവിചാരത്തിന് പാര്‍ട്ടിയും തയ്യാറായി. എലിവേറ്റഡ് ഹൈവേ (മേല്‍പ്പാലം) എന്ന ആശയത്തില്‍ ഊന്നിയായിരുന്നു തുടര്‍ ചര്‍ച്ചകള്‍. പുതിയ ആവശ്യത്തെ പാര്‍ട്ടിയും പരോക്ഷമായി പിന്തുണച്ചതോടെ ചര്‍ച്ചയുടെ ഗതി ആ വഴിക്കു നീങ്ങി. കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും പരിസ്ഥിതിക്കും സിപിഎം എതിരല്ലെന്ന സന്ദേശം നല്‍കാനായി.
എന്നാല്‍, കീഴാറ്റൂര്‍ വയലിലൂടെ എലിവേറ്റഡ് ഹൈവേ എന്ന നിര്‍ദേശം വയല്‍ക്കിളികള്‍ അംഗീകരിച്ചിട്ടില്ല. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിലെ അവ്യക്തത തന്നെയാണ് എതിര്‍പ്പിനു കാരണം. മണിക്കൂ—റുകളോളം നീളുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ഇന്ത്യ വലയുമ്പോള്‍ എലിവേറ്റഡ് ഹൈവേയിലൂടെ ഒഴുകുകയാണു ലോകം. വാഹനക്കുരുക്കിന് പേരുകേട്ട ചൈനയും തായ്‌ലന്‍ഡും ഈ മേഖലയില്‍ വിപ്ലവം തന്നെ സൃഷ്ടിച്ചു.
എന്നാല്‍, ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ്ശൃംഖലയുള്ള ഇന്ത്യ ഈ മേഖലയില്‍ ഇഴഞ്ഞുനീങ്ങുകയാണ്. മൊത്തം 43,20,000 കിലോമീറ്ററോളം വരും രാജ്യത്തെ റോഡുകളുടെ നീളം. ഇതില്‍ തന്നെ 1000ഓളം കിലോമീറ്റര്‍ വരുന്നുണ്ട് എക്‌സ്പ്രസ് പാതകള്‍. ചെന്നൈ തുറമുഖം-മധുരവോയല്‍ പാതയാണ് രാജ്യത്തെ ഏറ്റവും വലിയ എലിവേറ്റഡ് എക്‌സ്പ്രസ് വേ. 19 കിലോമീറ്റര്‍ നീളം. പ്രതിദിനം 400 ജീവന്‍ റോഡുകളില്‍ കുരുതികൊടുക്കപ്പെടുമ്പോഴും സുരക്ഷിതവും ജനകീയവുമായ പാതകള്‍ രാജ്യത്തുടനീളം വ്യാപിപ്പിക്കാന്‍ സാധിച്ചിട്ടില്ല.
ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ പ്രയാസമുള്ള കേരളം, ഗോവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ എലിവേറ്റഡ് പാത പണിയാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നു. പിന്നീട് അട്ടിമറിക്കപ്പെട്ടു. താരതമ്യേന ചെലവുകുറഞ്ഞതും സംസ്ഥാനത്തിന് അനുയോജ്യവും കാര്യമായ കുടിയൊഴിപ്പിക്കല്‍ വേണ്ടാത്തതുമായ എലിവേറ്റഡ് ഹൈവേ കേരളത്തില്‍ നടപ്പാക്കാന്‍ ബിജെപി സര്‍ക്കാരും വിമുഖത കാട്ടുകയാണ്. എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമില്ല. നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നവിധം കുറ്റിക്കോല്‍-കൂവോട്-കീഴാറ്റൂര്‍-കുപ്പം ബൈപാസ് മേല്‍പ്പാലമാക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എംഎല്‍എ ജെയിംസ് മാത്യു നിയമസഭയില്‍ ഉപക്ഷേപം അവതരിപ്പിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ കേന്ദ്രത്തിന് കത്തെഴുതി. എലിവേറ്റഡ് ഹൈവേയുടെ സാധ്യത തേടി മുഖ്യമന്ത്രി കേന്ദ്രമന്ത്രിയെ കാണുമെന്നും വാര്‍ത്തകളുണ്ടായി. എന്നാല്‍, പിണറായി-ഗഡ്കരി കൂടിക്കാഴ്ചയില്‍ കീഴാറ്റൂര്‍ പരാമര്‍ശിച്ചതേ ഇല്ല. കേന്ദ്രത്തിന് നല്‍കിയ നിവേദനത്തിലും കീഴാറ്റൂര്‍ ഉണ്ടായിരുന്നില്ല. പകരം, മുഖ്യമന്ത്രിയെ പ്രശംസകൊണ്ട് മൂടുകയായിരുന്നു മോദി സര്‍ക്കാര്‍.
ജനങ്ങളുടെ എതിര്‍പ്പുകള്‍ മറികടന്ന് കേരളത്തില്‍ വികസനപദ്ധതികള്‍ നടപ്പാക്കാന്‍ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി കാട്ടുന്ന അപാര ധൈര്യത്തിനായിരുന്നു അഭിനന്ദനങ്ങളത്രയും. ദേശീയപാത വികസനം മാത്രമല്ല ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കുന്നതിന് സാഹസികമായി ഭൂമിയേറ്റെടുത്തതും ഗഡ്കരി പ്രത്യേകം പറഞ്ഞു. എല്ലാം ശരിയാവുമെന്നും കേന്ദ്രം കേരളത്തിനൊപ്പം ഉണ്ടാവുമെന്നും മുഖ്യമന്ത്രിക്ക് ഉറപ്പുനല്‍കിയാണു മുക്കാല്‍ മണിക്കൂര്‍ നീണ്ട ചര്‍ച്ച അവസാനിച്ചത്. അപ്പോള്‍, എലിവേറ്റഡ് പാത എവിടെ. എതിര്‍പ്പുകള്‍ ഒഴിവാക്കാന്‍ കൊണ്ടുവന്ന ആശയം ചാപിള്ളയാവുമോ? കണ്ടറിയുക തന്നെ വേണം. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരനും പി കെ കൃഷ്ണദാസും നല്‍കിയ നിവേദനം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ പരിഗണനയിലാണ്. വയല്‍ സംരക്ഷിച്ചുകൊണ്ടുള്ള രൂപരേഖ പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് നിര്‍ദേശം നല്‍കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
എന്നാല്‍, കീഴാറ്റൂര്‍ വിഷയത്തില്‍ തങ്ങള്‍ക്കു മുന്നില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നാണ് ദേശീയപാത അതോറിറ്റിയുടെ വാദം. എതിര്‍പ്പുകള്‍ക്കിടയിലും അലൈന്‍മെന്റ്, സര്‍വേ നടപടികള്‍ക്കു ശേഷം കല്ലിട്ടുകഴിഞ്ഞു. ഇനി പന്ത് സംസ്ഥാന സര്‍ക്കാരിന്റെ കോര്‍ട്ടിലാണ്. വിശദ സര്‍വേ, നഷ്ടപരിഹാരത്തുക നിര്‍ണയം തുടങ്ങിയ നടപടിക്രമങ്ങളാണു ശേഷിക്കുന്നത്. അതിനിടെ തളിപ്പറമ്പ് നഗരത്തിലൂടെ എലിവേറ്റഡ് ബൈപാസ് കൊണ്ടുപോവാനുള്ള പരിഷത്തിന്റെ നിര്‍ദേശത്തിനെതിരേ വ്യാപാരികള്‍ രംഗത്തെത്തിയിട്ടുണ്ട്.

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it