ആംആദ്മി സര്‍ക്കാറിന്റെ പരസ്യ ചെലവ് 15 കോടി; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി: ആംആദ്മി സര്‍ക്കാര്‍ വിവിധ മാധ്യമങ്ങളിലായി നല്‍കിയ പരസ്യങ്ങള്‍ക്കു ചിലവഴിച്ച തുക 15 കോടി. മൂന്നു മാസങ്ങള്‍ക്കിടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും പുറത്തിറങ്ങുന്ന മാധ്യമങ്ങള്‍ക്കു നല്‍കിവന്ന സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കാണു 15 കോടിയോളം രൂപ ചിലവഴിച്ചത്.
കേരള, കര്‍ണാടക, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിലും ഡല്‍ഹി സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കി. ഫെബ്രുവരി 10 മുതല്‍ മെയ് 11 വരെയുള്ള കണക്കാണ് വിവരാവകാശ രേഖവഴി പുറത്ത് വന്നത്. നിയമജ്ഞനായ അമന്‍ തന്‍വറാണ് വിവരങ്ങള്‍ ശേഖരിച്ചത്. വാര്‍ത്ത പുറത്തുവന്നതോടെ ഡല്‍ഹി സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം പ്രതിപക്ഷം ഉന്നയിച്ചു.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പെന്‍ഷന്‍ നല്‍കാനും പണമില്ല എന്ന് പറയുന്ന സര്‍ക്കാരാണ് ഇപ്പോള്‍ കോടിക്കണക്കിന് രൂപ അനാവശ്യമായി ചിലവഴിച്ചിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന്‍ പ്രതികരിച്ചു.
ഒറ്റ ഇരട്ട വാഹനങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളുടെ പ്രചരണത്തിന് അഞ്ചു കോടി രൂപയാണു ചിലവഴിച്ചത്. എന്നാല്‍ പബ്ലിസിറ്റി സ്റ്റണ്ടാണ് ഒറ്റ ഇരട്ട സംഖ്യ വാഹന നിയന്ത്രണത്തിലൂടെ ആംആദ്മി ലക്ഷ്യം വച്ചതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.
Next Story

RELATED STORIES

Share it