അസമിലെ ബിജെപി ജയം കോണ്‍ഗ്രസ് നിലപാടുമൂലം; കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം: അജ്മല്‍

ഗുവാഹത്തി: കോണ്‍ഗ്രസ്സിന്റെ അമിത ആത്മവിശ്വാസവും അഹങ്കാരവുമാണ് അസമില്‍ ബിജെപി അധികാരത്തില്‍ വരാന്‍ കാരണമെന്ന് ഓള്‍ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എഐയുഡിഎഫ്) നേതാവ് ബദറുദ്ദീന്‍ അജ്മല്‍. കോണ്‍ഗ്രസ്സിന്റെ പരാജയത്തിനു കാരണം അജ്മലാണെന്ന് കോണ്‍ഗ്രസ് ആരോപണത്തോട് പ്രതികരികക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഒരിക്കലും കോണ്‍ഗ്രസ്സുമായി സഖ്യത്തിനു ശ്രമിച്ചിരുന്നില്ലെന്ന് അവര്‍ നുണപറയുന്നു. അസമില്‍ ബിഹാര്‍ മാതൃകയില്‍ മതേതര സഖ്യത്തിന്റെ സാധ്യതയറിയാന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുടെ അടുത്ത് താന്‍ ദൂതന്‍മാരെ അയച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് സഖ്യ സാധ്യത തള്ളി.
പരാജയത്തിന്റെ പേരില്‍ തന്നെ കുറ്റപ്പെടുത്തുന്നതിനു മുമ്പ് കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണം. കോണ്‍ഗ്രസ്സില്‍ ഏറ്റവും ജനസ്വാധീനമുള്ള നേതാവ് ഹിമന്ത വിശ്വശര്‍മ നിരാശമൂലമാണ് പാര്‍ട്ടി വിട്ടത്. അദ്ദേഹം കോണ്‍ഗ്രസ്സിന്റെ വോട്ട് മറിച്ചു-അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ അജ്മല്‍ മുഖ്യമന്ത്രിയാവുമെന്നും അതുകൊണ്ട് ബിജെപിക്കു വോട്ട് ചെയ്യണമെന്നുമായിരുന്നു ശര്‍മ പ്രചാരണം നടത്തിയത്. തന്നെ ഹിന്ദുക്കള്‍ക്ക് ഭീഷണിയായ നേതാവായാണദ്ദേഹം വിശേഷിപ്പിച്ചത്. തന്റെ പാര്‍ട്ടിയും കോണ്‍ഗ്രസ്സും മുസ്‌ലിം വോട്ടുകള്‍ വിഭജിച്ചെടുത്തതും ചില മുസ്‌ലിം സ്ഥാനാര്‍ഥികള്‍ക്കു ബിജെപി പിന്തുണ നല്‍കിയതുമാണ് തന്റെ പാര്‍ട്ടിയുടെ സീറ്റുകള്‍ 18ല്‍ നിന്ന് 13ആയി കുറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ റാലികളില്‍ സംസാരിച്ചതും തോല്‍വിക്കിടയാക്കി. താന്‍ പലതവണ കോണ്‍ഗ്രസ്സിനു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിനറങ്ങിയിട്ടുണ്ട്. അപ്പോഴൊക്കെ താന്‍ അവര്‍ക്ക് മതേതരവാദിയായിരുന്നു. കോണ്‍ഗ്രസ്സിന്റെ നിഷേധ വോട്ടുകളാണ് ബിജെപിയെ ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുകയും 1971 മാര്‍ച്ച് 24ന് മുമ്പ് സംസ്ഥാനത്തുള്ളവര്‍ക്കു സംരക്ഷണം നല്‍കുകയും വേണമെന്നും ബദറുദ്ദീന്‍ അജ്മല്‍ ആവശ്യപപ്പെട്ടു.
Next Story

RELATED STORIES

Share it