kannur local

അസം സ്വദേശിയുടെ ദുരൂഹമരണം ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

ഇരിക്കൂര്‍: ബ്ലാത്തൂര്‍ ടൗണിന് സമീപം വാടകവീട്ടില്‍ ഇതരസംസ്ഥാന തൊഴിലാളി കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. മരണം കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ തെളിഞ്ഞു. ഇതോടെ സംശയത്തിന്റെ പേരില്‍ പോലിസ് കസ്റ്റഡിയിലെടുത്തിരുന്ന എട്ടുപേരെ വിട്ടയച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ടാണ് ചെങ്കല്‍പണയിലെ തൊഴിലാളിയായ അസം ദുബ്രിയിലെ സഹദേവ് റായി(45)യെ കഴുത്ത് മുറിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിനരികില്‍ നിന്ന് ബ്ലേഡും കറിക്കത്തിയും കത്രികയും പോലിസിന് ലഭിച്ചിരുന്നു. കൊലപാതകമാണെന്നായിരുന്നു ആദ്യ നിഗമനം. മൃതദേഹത്തിന്റെ കിടപ്പും ലക്ഷണവും കൊലപാതക സാധ്യതയിലേക്ക് വിരല്‍ചൂണ്ടി. സംഭവവുമായി ബന്ധപ്പെട്ട് സഹദേവ് റായിയുടെ സഹോദരന്‍ ഉള്‍പ്പെടെ എട്ടുപേരെ ഇരിക്കൂര്‍ പോലിസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ബ്ലേഡ് കൊണ്ട് കഴുത്തുമുറിച്ച് ജീവനൊടുക്കിയെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നത്. കൂടാതെ നെഞ്ചില്‍ ആഴത്തിലുള്ള ക്ഷതവും ഉണ്ടായിരുന്നു. കഴുത്തിലേറ്റ മുറിവില്‍നിന്ന് രക്തം വാര്‍ന്ന് ശ്വസനനാളത്തിലിറങ്ങി ശ്വാസം മുട്ടിയാണു മരിച്ചത്.  പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിന്റെ  റിപോര്‍ട്ട് പോലിസ് സര്‍ജന്‍ ടി ഗോപാലകൃഷ്ണ പിള്ള അന്വേഷണ ഉദ്യോഗസ്ഥനായ മട്ടന്നൂര്‍ സിഐ എ വി ജോണിന് കൈമാറി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ മൃതദേഹം പയ്യാമ്പലത്ത് സംസ്‌കരിച്ചു.
Next Story

RELATED STORIES

Share it