Flash News

അസം വ്യാജ ഏറ്റുമുട്ടല്‍ : അശോക് പ്രസാദ് അന്വേഷിക്കും



ന്യൂഡല്‍ഹി: അസമില്‍ രണ്ടുപേരെ സൈന്യം വധിച്ച സംഭവം വ്യാജ ഏറ്റുമുട്ടലിലൂടെയാണെന്ന സിആര്‍പിഎഫ് ഐജി രജനീഷ് റായിയുടെ റിപോര്‍ട്ട് സംബന്ധിച്ച് ജമ്മുകശ്മീര്‍ പോലിസ് മുന്‍ മേധാവി അശോക് പ്രസാദ് അന്വേഷിക്കും. റായി സമര്‍പ്പിച്ച റിപോര്‍ട്ടിലെ വസ്തുതകള്‍ ആവും അശോക് പ്രസാദ് അന്വേഷിക്കുക. ആഭ്യന്തരമന്ത്രാലയമാണ് അന്വേഷണച്ചുമതല അശോകിനെ ഏല്‍പ്പിച്ചത്. നിലവില്‍ മന്ത്രാലയത്തിലെ സാങ്കേതിക ഉപദേശകനാണ് ഇദ്ദേഹം. ഏറ്റുമുട്ടല്‍ നാടകമായിരുന്നുവെന്നു ചൂണ്ടിക്കാട്ടി സൈനികമേധാവി, സിആര്‍പിഎഫ്, സശസ്ത്ര സീമാബല്‍, അസം പോലിസ്, സംസ്ഥാന ചീഫ്‌സെക്രട്ടറി എന്നിവര്‍ക്ക് സിആര്‍പിഎഫിലെ ഐജി രജനീഷ് റായി റിപോര്‍ട്ട് നല്‍കിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി അശോക് ഉടന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ച് ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ചോദ്യംചെയ്യും. ശേഷം പ്രദേശത്തെ സാധാരണക്കാരുടെ മൊഴിയും എടുക്കും. രജനീഷ് റായിയുടെ കണ്ടെത്തല്‍ സത്യമാണെന്നു തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു.ബോഡോ കലാപകാരികളായ ലുകാസ് നര്‍സാരി എന്ന എന്‍ ലാങ്ഫ, ഡേവിഡ് അയലറി എന്ന ദായൂദ് എന്നിവരെ അസമിലെ ഒരു വീട്ടില്‍ നിന്നു പിടികൂടിയ പോലിസ് ഇവരെ കൊലപ്പെടുത്തിയ ശേഷം അത് ഏറ്റുമുട്ടലായി അവതരിപ്പിക്കുകയായിരുന്നുവെന്നാണ് രജനീഷിന്റെ കത്തില്‍ പറയുന്നത്.
Next Story

RELATED STORIES

Share it