malappuram local

അവയവദാനം പ്രോല്‍സാഹിപ്പിക്കാന്‍ പുതുമയോടെ വിദ്യാര്‍ഥികള്‍



എടക്കര: മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുവാന്‍ പ്രോല്‍സാഹിപ്പിക്കുന്നതിന് പുതുമയാര്‍ന്ന ബോധവല്‍ക്കരണം.  മൂത്തേടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് വോളന്റിയര്‍മാര്‍മാരാണ്  രംഗത്ത്. എടക്കര പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ കോല്‍ക്കളിയിലൂടെയാണ് ഇവര്‍ ആളുകളെ അവയവദാനത്തെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ ശ്രമിച്ചത്. മസ്തിഷ്‌ക്ക മരണം സംഭവിച്ചവരുടെ കണ്ണുകള്‍, വൃക്ക, കരള്‍, പാന്‍ക്രിയാസ്, ശ്വാസകോശം,  എല്ലുകള്‍ എന്നിവ ഏതും മറ്റൊരാള്‍ക്കു മാറ്റിവെയ്ക്കാമെന്ന അറിവുകള്‍  വിദ്യാര്‍ഥികള്‍ ബോധവല്‍ക്കരണത്തിലൂടെ ജനങ്ങളില്‍ എത്തിച്ചു. “കൈ പിടിക്കാം ജീവിതത്തിലേക്ക്,  അവയവ ദാനത്തിലൂടെ സന്ദേശം ഉയര്‍ത്തിപ്പിടിച്ചായിരുന്നു വിദ്യാര്‍ഥികളുടെ ബോധവല്‍ക്കരണം. അവയവ ദാനം ഏറ്റവും മഹത്തരമായ ഒരു കര്‍മമാണെന്നു  ബോധ്യപ്പെടുത്തുന്നതോടൊപ്പം മസ്തിഷ്‌ക മരണം സംഭവിച്ച ഒരാളുടെ അവയവങ്ങള്‍  മറ്റുള്ളവര്‍ക്ക് ദാനം ചെയ്യാന്‍ കഴിഞ്ഞാല്‍  അതിലൂടെ ജീവിതം അപകടത്തിലായ ധാരാളം രോഗ ബാധിതരെ ജീവിതത്തിലേക്ക് തന്നെ തിരിച്ചു കൊണ്ട് വരാന്‍ സാധിക്കും. അത്തരത്തില്‍ ഒരു  സുകൃതം ചെയ്യാന്‍ സാമൂഹമനസാക്ഷിയെ  ഉണര്‍ത്തുന്നതിനാണ് വിദ്യാര്‍ഥികള്‍  പരിപാടിക്ക് നേതൃത്വം നല്‍കിയത്. ജീവിച്ചിരിക്കുന്ന അവയവ ദാതാവിനേക്കാള്‍ മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയാണെങ്കില്‍ അവയവ ദാനത്തിന് ശേഷമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാനും കൂടാതെ അവയവ മാറ്റം വളരെ ചെലവ് കുറഞ്ഞതാക്കി മാറ്റാനും സാധിക്കും. അവയവ ദാനത്തെ കുറിച്ച് നിലവിലുള്ള തെറ്റായ ധാരണകള്‍ മാറ്റണമെന്നും കൃത്യ സമയത്തിനുള്ളില്‍  അധികൃതര്‍ക്ക്  വിവരം കൈമാറാന്‍ മരണം സംഭവിച്ച വ്യക്തികളുടെ ബന്ധുക്കള്‍  തയാറാകണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നു. വിദ്യാര്‍ത്ഥികള്‍ അവയവ ദാന സമ്മതപത്രം കൈമാറുകയും  പ്രതിജ്ഞയെടുക്കുകയും ചെയ്തു. അവയവ ദാനത്തിനു പേരു രജിസ്റ്റര്‍ ചെയ്യുന്ന സര്‍ക്കാര്‍ വെബ്‌സൈറ്റ്  മൃതസഞ്ജീവനി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തി. ബോധവല്‍ക്കരണ പരിപാടി എടക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആലീസ് അമ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫിസര്‍ കെ മുഹമ്മദ് റസാഖ്, വോളന്റിയര്‍മാരായ ജിബ, ബബിത, ആതിര, റിംഷാന്‍, ഉബൈജഹാന്‍, അന്‍സാജ്, ഉമ്മര്‍ കോയ  നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it