thrissur local

അഴിമതി ആരോപണം : തളിക്കുളം പഞ്ചായത്ത് ഓഫിസില്‍ വിജിലന്‍സ് പരിശോധന



തൃപ്രയാര്‍: തളിക്കുളം ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി. തളിക്കുളം റൂറല്‍ അപ്പാരല്‍ പാര്‍ക്കില്‍ വിവാഹ മണ്ഡപം ക്രമവിരുദ്ധമായി അനുവദിച്ചതിലൂടെ ലക്ഷങ്ങളുടെ അഴിമതി നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് പരിശോധന നടത്തിയത്. തളിക്കുളം സ്വദേശിയായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ടി വി വിനയനാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. തൊഴില്‍ സംരംഭങ്ങള്‍ക്കായുള്ള അപ്പാരല്‍ പാര്‍ക്കില്‍ വിവാഹ മണ്ഡപം അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരി 22ന് കുടിശ്ശികയടക്കം 8 ലക്ഷത്തി 53,534 രൂപ നികുതി അടക്കണമെന്നാവശ്യപ്പെട്ട് അപ്പാരല്‍ പാര്‍ക്ക് നടത്തിപ്പുകാര്‍ക്ക് പഞ്ചായത്ത് സെക്രട്ടറി കത്ത് നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മാര്‍ച്ച് 30ന് 1 ലക്ഷത്തി 44,454 രൂപ മാത്രം നികുതി ഈടാക്കുകയും വിവാഹ മണ്ഡപത്തിന് നാല് നമ്പര്‍ അനുവദിക്കുകയും ചെയ്യുകയായിരുന്നു. ഇതുവഴി ഏഴ് ലക്ഷത്തോളം രൂപയുടെ അഴിമതി നടന്നതായാണ് ടി വി വിനയന്‍ പരാതിയിലൂടെ ഉന്നയിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ തളിക്കുളം ഗ്രാമപ്പഞ്ചായത്ത് ഓഫിസിലെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥന്‍ അരുണ്‍കുമാര്‍ പ്രാഥമിക പരിശോധന നടത്തി. ബന്ധപ്പെട്ട ഫയലിന്റെ പകര്‍പ്പ് പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it