Health

അല്‍ ജൗഫില്‍ നിന്നൊരു രോഗി

അല്‍ ജൗഫില്‍ നിന്നൊരു രോഗി
X











വിദേശികള്‍ ആയുര്‍വേദ ചികില്‍സയിലൂടെ മുക്തി നേടുമ്പോള്‍ നമ്മുടെ നാട്ടുകാര്‍ അറിവില്ലായ്മ കാരണം സ്ഥിരമായി അലോപ്പതി മരുന്നുകള്‍ കഴിച്ചുകൊണ്ടേയിരിക്കുന്നു. ആയുര്‍വേദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇതിനു കാരണം.






dr rahmathullahഡോ. പി റഹ്മത്തുല്ല

യിരം കാതമകലെ നിന്നെത്തിയതായിരുന്നു ആ രോഗി. അല്‍ജൗഫ് എന്ന സൗദി അറേബ്യന്‍ നഗരത്തില്‍നിന്ന്. അയാളുടെ സഹോദരന്‍ സോറിയാസിസ് ബാധിച്ച് ഞങ്ങളുടെ ആശുപത്രിയിലുണ്ടായിരുന്നു. രോഗം ഭേദമായപ്പോഴാണ് വീട്ടുവിശേഷങ്ങള്‍ പറയുന്ന കൂട്ടത്തില്‍ അനുജന്റെ അസുഖത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.
എന്തു കഴിച്ചാലും അതേപടി വിസര്‍ജിക്കുന്ന രോഗമായിരുന്നു ആ സഹോദരന്. അറേബ്യയിലെ പ്രമുഖ ആശുപത്രികളിലെല്ലാം ചികില്‍സിച്ചെങ്കിലും രോഗം മാറാതെ പ്രയാസപ്പെടുന്ന ആ സഹോദരനെ ചികില്‍സിക്കാമോയെന്ന് അദ്ദേഹം ചോദിച്ചു. കഴിക്കുന്ന ഭക്ഷണങ്ങളൊന്നും ശരീരം ആഗിരണം ചെയ്യുന്നില്ലെന്നതാണ് ഈ രോഗത്തിന്റെ മുഖ്യ പ്രശ്‌നം. ഗ്രഹണിയുടെ വകഭേദങ്ങളില്‍ പെടുന്ന ഒന്ന്. രക്തജഗ്രഹണി എന്നാണ് ആയുര്‍വേദത്തില്‍ അതിന്റെ പേര്.
ആദ്യ ഘട്ടത്തില്‍ ഭക്ഷണപദാര്‍ഥങ്ങള്‍ മാത്രമാണ് ശരീരം പുറന്തള്ളുന്നതെങ്കില്‍ രോഗം തീവ്രമാവുന്നതോടെ രക്തസ്രാവവുമുണ്ടാകും. ശരീരത്തിനു വേണ്ട പോഷകങ്ങളൊന്നും ലഭിക്കാതെ രോഗി എല്ലും തോലുമായി ക്രമേണ മരണത്തിലേക്കെത്താനും സാധ്യതയുണ്ട്. കുടലിന്റെ അകത്തെ കോട്ടിങ് നഷ്ടപ്പെടുന്നതാണ് ഇതിനു കാരണമെന്ന് ലളിതമായി പറയാം.
എന്തുകൊണ്ടാണ് ഈ രോഗം വരുന്നതെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ല. യൂറോപ്യന്‍ , അറേബ്യന്‍ രാജ്യങ്ങളില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. റൊട്ടി, മാംസവിഭവങ്ങള്‍ എന്നിവയുടെ അമിതമായ ഉപയോഗം രക്തജഗ്രഹണിക്ക് കാരണമായേക്കാം. അലോപ്പതിയില്‍ ഈ അസുഖത്തിനു സ്ഥിരം ചികില്‍സയില്ല. ഇമ്യൂറാന്‍ എന്ന ഗുളിക സ്ഥിരമായി കഴിക്കുകയാണ് പൊതുവെ നിര്‍ദേശിക്കാറുള്ളത്. എന്നാല്‍, ആയുര്‍വേദചികില്‍സ കൊ  ണ്ട് രോഗം പൂര്‍ണമായി മാറ്റാനാവും.   രോഗത്തെ കുറിച്ച് ഏകദേശ ധാരണ       ലഭിച്ചതിനാല്‍ സഹോദരനെ എത്തിച്ചാല്‍ ശ്രമിക്കാമെന്ന് ഞാന്‍ പറഞ്ഞു.
Arab-man-in-traditional-dress



ഞങ്ങളുടെ അറേബ്യന്‍ രോഗി നാലു വര്‍ഷം മുമ്പാണ് ആദ്യമായി കോട്ടയ്ക്കലിലെ ആശുപത്രിയിലെത്തിയത്. ധരിച്ചിരുന്ന നീണ്ട വസ്ത്രത്തിനകത്ത് മെലിഞ്ഞുണങ്ങിയ ശരീരമായിരുന്നു ആ യുവാവിന്റേത്. 32 വയസ്സാണെങ്കിലും ശരീരം എല്ലും തോലുമായി മാറിയിരുന്നു. രോഗം പറ്റെ കീഴ്‌പ്പെടുത്തിയ അദ്ദേഹത്തിന്റെ തൂക്കം നാല്‍പ്പതു കിലോയിലേക്ക് ചുരുങ്ങി. ആത്മവിശ്വാസമില്ലായ്മ ആ കണ്ണുകളില്‍ നിഴലിക്കുന്നുണ്ടായിരുന്നു.
ആദ്യമായി സ്‌നേഹപാനമാണ് രോഗിക്ക് നിശ്ചയിച്ചത്. ഇതിന്റെ ഭാഗമായി നെയ്യ് നല്‍കി. ഇതു തന്നെയാണ് പ്രധാന ചികില്‍സയും. അതോടൊപ്പം വസ്തി ചെയ്യാന്‍ തുടങ്ങി. മരുന്നുകളും നിശ്ചയിച്ചു. രക്തജഗ്രഹണി ബാധിച്ച് ശരീരം ആകെ ക്ഷീണിച്ച രോഗി മാനസികമായി ഏറെ തളര്‍ന്നിരിക്കും. ഇതു കണക്കിലെടുത്ത് സൈക്കോളജിക്കല്‍ സപ്പോര്‍ട്ടായി ധാര നല്‍കി. രോഗിയുടെ ടെന്‍ഷന്‍ കുറയ്ക്കുന്നതിനാണ് ഇത്.


dhaara ayurvedha



21 ദിവസമാണ് ഞങ്ങള്‍ അദ്ദേഹത്തെ ചികില്‍സിച്ചത്. അവസാനഘട്ടത്തില്‍ ശരീരം നന്നാവാനുള്ള മരുന്നുകളും ആഹാരക്രമവും നിര്‍ദേശിച്ചു. ഞവരക്കിഴിയും ചെയ്തു. കര്‍ശനമായ പഥ്യങ്ങള്‍ നിര്‍ദേശിച്ചു. അതോടൊപ്പം തുടര്‍ന്നു കഴിക്കാനുള്ള മരുന്നുകളും നല്‍കിയിരുന്നു. രോഗം ഏറക്കുറേ ഭേദമായതോടെ 21 ദിവസത്തിനു ശേഷം അദ്ദേഹം അല്‍ജൗഫിലേക്കു തിരിച്ചുപോയി. അവിടെയും മരുന്നു തുടര്‍ന്നിരുന്നു.
മാസങ്ങള്‍ക്കകം രണ്ടാം ഘട്ട ചികില്‍സയ്ക്കു വേണ്ടി ഒരിക്കല്‍ കൂടി ഇവിടെയെത്തി. ആദ്യം ചെയ്ത ചികില്‍സാക്രമങ്ങള്‍ തന്നെ ഏറ്റക്കുറച്ചിലുകളോടെ ആവര്‍ത്തിച്ചു. വീണ്ടും 21 ദിവസത്തെ ചികില്‍സ. അതു കഴിഞ്ഞപ്പോഴേക്കും രോഗം പൂര്‍ണമായും ഭേദപ്പെട്ടിരുന്നു. അതോടെ അദ്ദേഹത്തിന്റെ ശരീരഭാരം 20 കിലോയോളം വര്‍ധിച്ചു. തികച്ചും ആരോഗ്യവാന്‍. എങ്കിലും എന്‍ഡോസ്‌കോപ്പിയിലൂടെ ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാണ് അദ്ദേഹത്തെ നാട്ടിലേക്ക് തിരിച്ചയച്ചത്.
anemia



നാട്ടിലെത്തിയ ശേഷവും അദ്ദേഹം   ഞങ്ങളുമായി നല്ല ബന്ധം തുടര്‍ന്നു. മാത്രമല്ല, ഇതേ അസുഖം ബാധിച്ച മറ്റുള്ളവരോട് ഞങ്ങളെ കുറിച്ചു പറയുകയും അവരെ കോട്ടയ്ക്കലിലെ ആശുപത്രിയിലേക്ക് എത്തിക്കുകയും ചെയ്തു. ഇപ്പോഴും അത് തുടരുന്നു. രോഗബാധിതരുടെ കൂട്ടായ്മയ്ക്കു തന്നെ അദ്ദേഹം രൂപം നല്‍കിയിട്ടുണ്ട്. അതുവഴി ഒട്ടേറെ രോഗികള്‍ ഞങ്ങളെ തേടിയെത്തുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമെ അമേരിക്ക, റഷ്യ എന്നിവിടങ്ങളില്‍ നിന്നും രക്തജഗ്രഹണി ബാധിച്ചവര്‍ എത്താറുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ചികില്‍സയിലുണ്ടായിരുന്ന രണ്ടു റഷ്യക്കാര്‍ രോഗം മാറി നാട്ടിലേക്കു മടങ്ങിയത്.
രക്തജഗ്രഹണി ബാധിച്ചവര്‍ നമ്മുടെ നാട്ടിലുമുണ്ട്. വിദേശികള്‍ ആയുര്‍വേദ ചികില്‍സയിലൂടെ മുക്തി നേടുമ്പോള്‍ നമ്മുടെ നാട്ടുകാര്‍ അറിവില്ലായ്മ കാരണം സ്ഥിരമായി അലോപ്പതി മരുന്നുകള്‍ കഴിച്ചുകൊണ്ടേയിരിക്കുന്നു. ആയുര്‍വേദത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയാണ് ഇതിനു കാരണം. ശരീരം തളര്‍ന്നവരെയും വാതം ബാധിച്ചവരെയുമാണ് ആയുര്‍വേദത്തിലൂടെ ചികില്‍സിക്കുന്നതെന്നോ, ആയുര്‍വേദചികില്‍സ അത്തരം രോഗികള്‍ക്കു മാത്രമാണ് ഫലം ചെയ്യുക എന്നോ ഉള്ള തെറ്റായ ധാരണ സമൂഹത്തിനുണ്ട്. ക്രോണിക് ഡിസീസ് എന്നയിനത്തില്‍പ്പെടുന്ന എല്ലാ രോഗങ്ങള്‍ക്കും ആയുര്‍വേദം ഫലപ്രദമാണെന്ന കാര്യം പലര്‍ക്കുമറിയില്ല. അറേബ്യയിലെയും അമേരിക്കയിലെയും റഷ്യയിലെയും രോഗികള്‍ ഇത് മനസ്സിലാക്കി നമ്മുടെ ചികില്‍സ തേടി കേരളത്തില്‍ വരുന്നു. രോഗം ഭേദമാവുന്നുമുണ്ട്. ആയിരക്കണക്കിനു കിലോമീറ്ററുകള്‍ താണ്ടി, കടല്‍ കടന്ന് അവരെത്തുന്നത് ആയുര്‍വേദത്തിലുള്ള പൂര്‍ണമായ വിശ്വാസം കൊണ്ടു മാത്രമാണ്. എന്നാല്‍, ആയുര്‍വേദത്തിന്റെ ജന്മനാട്ടിലുള്ളവര്‍ ആയുര്‍വേദ ചികില്‍സാക്രമങ്ങളെ മറ്റൊരു വിധത്തില്‍ കാണുന്നുവെന്നത് വിരോധാഭാസം തന്നെയല്ലേ.

(ഡോ. പി റഹ്മത്തുല്ല ബിഎഎംഎസ്, കോട്ടക്കലിലെ ആയുര്‍വേദ മോഡേണ്‍  മെഡിസിന്‍ ആശുപത്രിയിലെ ചികില്‍സകനാണ്)

Next Story

RELATED STORIES

Share it