Flash News

അലിന്‍ഡ് ഭൂമി വില്‍ക്കില്ല ; പാട്ടക്കരാര്‍ പുതുക്കണമെന്ന് ഉത്തരവുണ്ട് : സിഇഒ



തിരുവനന്തപുരം: കുണ്ടറ അലുമിനിയം ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (അലിന്‍ഡ്) ഭൂമി വില്‍ക്കാന്‍ കമ്പനിക്ക് ഉദ്ദേശ്യമില്ലെന്നു സൊമാനി ഗ്രൂപ്പ് സിഇഒ ആര്‍ ശ്രീകുമാര്‍. കെഎസ്ഇബിയില്‍ നിന്ന് ഓര്‍ഡര്‍ കിട്ടിയാലുടന്‍ യൂനിറ്റ് ഉല്‍പാദനം ആരംഭിച്ചു മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാനാണ് കമ്പനി ശ്രമിക്കുന്നത്. മറിച്ച് ആസ്തി വില്‍ക്കുകയെന്ന ഉദ്ദേശ്യമില്ലെന്നും ശ്രീകുമാര്‍ വ്യക്തമാക്കി. പാട്ടക്കാലാവധി പഴയനിരക്കില്‍ പുതുക്കണമെന്നു ബിഐഎഫ്ആര്‍ (ബോര്‍ഡ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍) ഓര്‍ഡറില്‍ വ്യക്തമാക്കുന്നുണ്ട്. ഫാക്ടറിക്കാവശ്യമായ പ്രവര്‍ത്തന മൂലധനം നല്‍കാന്‍ പ്രൊമോട്ടര്‍ ഗ്രൂപ്പ് തയ്യാറാണെന്നും സിഇഒ അവകാശപ്പെട്ടു. ഭൂമിയുടെ പാട്ടക്കരാര്‍ പുതുക്കിനല്‍കണമെന്ന സൊമാനി ഗ്രൂപ്പിന്റെ അപേക്ഷ റവന്യൂ വകുപ്പ് തള്ളിയിരുന്നു. ഇതോടൊപ്പം അലിന്‍ഡിന്റെ 1,300 കോടി രൂപയോളം വരുന്ന ആസ്തി വില്‍ക്കുകയാണ് സൊമാനി ഗ്രൂപ്പിന്റെ ഉദ്ദേശ്യമെന്ന് എഎഐഎഫ്ആറില്‍ (അപ്പല്ലേറ്റ് അതോറിറ്റി ഓഫ് ഇന്‍ഡസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍ റീകണ്‍സ്ട്രക്ഷന്‍) സര്‍ക്കാര്‍ നല്‍കിയ അപ്പീലിലും പറഞ്ഞിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെ അന്തിമ തീരുമാനം എതിരാവില്ലെന്ന വിലയിരുത്തലിലാണ് കമ്പനി മുന്നോട്ടുപോവുന്നത്. ഇതിന്റെ ഭാഗമായി യന്ത്രങ്ങള്‍ അറ്റകുറ്റപ്പണി നടത്തി കെഎസ്ഇബിയില്‍ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണ്. അതേസമയം, അലിന്‍ഡ് പാട്ടക്കരാര്‍ പുതുക്കിനല്‍കാമെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിലുള്ള യോഗമെടുത്ത തീരുമാനം അട്ടിമറിച്ചു പാട്ടക്കരാര്‍ നല്‍കില്ലെന്നു റവന്യൂ മന്ത്രി ഇ ചന്ദ്രശഖരനും വ്യക്തമാക്കിയിട്ടുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞിട്ടും സൊമാനി ഗ്രൂപ്പ് അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്ന വിജിലന്‍സ് റിപോര്‍ട്ട് കഴിഞ്ഞ ജൂണ്‍ 26നാണ് സമര്‍പ്പിച്ചത്. നിയന്ത്രണത്തിലായിരിക്കെ പാട്ടത്തുക, നികുതി, തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ തുടങ്ങിയ ഇനങ്ങളില്‍ കോടികളുടെ കുടിശ്ശിക അടച്ചിരുന്നില്ല. കുണ്ടറയിലെയും ഹൈദരാബാദിലെയും രണ്ടു യൂനിറ്റുകളും ഒഡീഷയിലെ ഒരു യൂനിറ്റും 1998 മുതല്‍ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഈ വിലയിരുത്തലില്‍ കരാര്‍ പുതുക്കാനുള്ള അനുമതി നേടിയെടുക്കുക എന്നത് ശ്രമകരമായ സാഹചര്യത്തിലാണ് പുതിയ നയവുമായി സിഇഒ രംഗത്തെത്തിയിരിക്കുന്നത്.
Next Story

RELATED STORIES

Share it