kozhikode local

അറ്റക്കുറ്റപ്പണി പൂര്‍ത്തിയാക്കിയില്ല; കുടിവെള്ളത്തിന് ജനം നെട്ടോട്ടിത്തില്‍

വടകര: വാട്ടര്‍ അതോറിറ്റി കരാര്‍ ജീവനക്കാരുടെ പണിമടുക്കിനെ തുടര്‍ന്ന് മുടങ്ങിയ കുടിവെള്ള വിതരണം, പണിമുടക്ക് പിന്‍വലിച്ചിട്ടും പഴയപടിയാകാത്തത് ജനങ്ങളെ വലക്കുന്നു. വിവിധ സ്ഥലങ്ങളില്‍ പൊട്ടിക്കിടക്കുന്ന പൈപ്പുകളുടെ മെയിന്റിനന്‍സ് പ്രവൃത്തികള്‍ നടത്താത്തതാണ് കുടിവെള്ള വിതരണം മുടങ്ങിയിരിക്കുന്നത്. ഇതോടെ തീരദേശവാസികളടക്കമുള്ള ജനങ്ങള്‍ ശുദ്ധവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണുള്ളത്.
ദ്രുതഗതിയില്‍ പ്രവൃത്തികള്‍ നടത്തുമെന്ന് പറഞ്ഞ കരാറുകാര്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുന്നതില്‍ കാലതാമസം എടുക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. കഴിഞ്ഞ മാര്‍ച്ച് 16 മുതലാണ് 11 മാസത്തെ കുടിശിക ആവശ്യപ്പെട്ട് കരാറുകാര്‍ സമരം തുടങ്ങിയത്. നേത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അധികൃതര്‍ ചര്‍ച്ചക്ക് വിളിച്ച് സമരം അവസാനിപ്പിക്കാന്‍ തയ്യാറായില്ല. ഇതോടെ സമരം അനിശ്ചിതകാലത്തേക്ക് നീണ്ടു.
നാല് മാസത്തെയെങ്കിലും കുടിശിക തന്നാല്‍ സമരം അവസാനിപ്പിക്കാമെന്നായിരുന്നു കരാറുകാര്‍ പറഞ്ഞത്. സമരം നീണ്ടതോടെ വടകര താലൂക്കില്‍ കുടിവെള്ള വിതരണം നിലച്ചു. പ്രശ്‌നം ഗുരുതരമായതോടെ എംഎല്‍എമാരായ സികെ നാണു, വികെസി മമ്മദ്‌കോയ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ 3ന് തിരുവനന്തപുരത്ത് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസുമായി ചര്‍ച്ച നടത്തി കുടിശിക നല്‍കുന്നത് സംബന്ധിച്ച് തീരുമാനമായിരുന്നു. ഇതേ തുടര്‍ന്ന് കരാറുകള്‍ സമരം പിന്‍വലിക്കുകയും, രാപ്പകലില്ലാതെ അറ്റകുറ്റപ്പണികള്‍ നടത്തി കുടിവെള്ള വിതരണം നടത്തുമെന്നാണ് കരാറുകാര്‍ അറിയിച്ചത്.
എന്നാല്‍ പണിമുടക്ക് പിന്‍വലിച്ച് എട്ടാമത്തെ ദിവസമായിട്ടും പ്രശ്‌നം അതേപടി നിലനില്‍ക്കുകയാണ്. വടകര നഗരസഭയ്ക്ക് കീഴിലുള്ള പല സ്ഥലങ്ങളിലും ഇപ്പോഴും കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ പ്രയാസത്തിലാണ്. വേനല്‍ കടുത്തതോടെ കിണറുകളിലെ വെള്ളമടക്കം വറ്റിയ സാഹചര്യത്തില്‍ ജല അതോറിറ്റി വിതരണം ചെയ്യുന്ന വെള്ളം മാത്രം ആശ്രയിച്ച് കഴിയുന്നവരാണ് ഭൂരിഭാഗം ജനങ്ങളും. മാത്രമല്ല വറ്റാത്ത കിണറുകളിലാണെങ്കില്‍ നേരിയ തോതില്‍ ഉപ്പുരസും കയറി തുടങ്ങിയിട്ടുണ്ട്. ഇതോടെ പൂര്‍ണമായും കുടിവെള്ളം മുട്ടി.
വെള്ളം വിതരണം ചെയ്യാനുള്ള ടാങ്കിലേക്ക് പോകുന്ന പ്രധാന പൈപ്പുകളും, വിതരണ പൈപ്പുകളുമാണ് പൊട്ടിക്കിടക്കുന്നത്. പൈപ്പുകള്‍ പൊട്ടുന്ന പ്രശ്‌നം രൂക്ഷമായ വടകരയിലാണ് കുടിവെള്ള പ്രശ്‌നം ഏറെ ബാധിച്ചിരിക്കുന്നത് തീരദേശവാസികളെയാണ്. പണിമുടക്ക് തുടങ്ങിയത് മുതല്‍ തീരദേശത്ത് കുടിവെള്ള വിതരണം പാടെ നിലച്ചു. കുടിവെള്ളം മുടങ്ങിയ സാഹചര്യത്തില്‍ വിവിധ സംഘടനകളും മറ്റും എത്തിക്കുന്ന വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയേണ്ട സ്ഥിതിയാണ് ഇവിടത്തുകാര്‍ക്ക്. അതേസമയം പലയിടത്തും ഇപ്പോഴും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാവുകയാണ്. രാത്രി കാലങ്ങളില്‍ വരുന്ന വെള്ളം മുഴുവനായി പാഴാവുകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Next Story

RELATED STORIES

Share it