Flash News

അറവുശാലകള്‍ക്ക് അനുമതി നല്‍കാന്‍ കോടതി നിര്‍ദേശം ; ഉത്തര്‍പ്രദേശ് സര്‍ക്കാരിന് തിരിച്ചടി



അലഹബാദ്: അറവുശാലകള്‍ക്ക് ലൈസന്‍സും നിരാക്ഷേപ സാക്ഷ്യപത്രങ്ങളും നല്‍കാന്‍ യുപി സര്‍ക്കാരിനോട് അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ്. അറവുശാലാ പ്രതിസന്ധി ഉത്തര്‍പ്രദേശിലെ പ്രാദേശിക ചന്തകളിലും ജനപ്രിയ ഭക്ഷ്യകേന്ദ്രങ്ങളിലും ഇറച്ചി ഇല്ലാത്ത സാഹചര്യം സൃഷ്ടിച്ചിരുന്നു.മാര്‍ച്ച് മാസത്തിനു ശേഷം ലൈസന്‍സുകള്‍ പുതുക്കി ലഭിക്കാത്ത അറവുശാലാ ഉടമകള്‍ക്ക് ഹൈക്കോടതി ലഖ്‌നോ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഏറെ ആശ്വാസമായി. ജസ്റ്റിസുമാരായ എ പി ഷാഹി, സഞ്ജയ് ഹര്‍ക്കൗലി എന്നിവരുടെ ബെഞ്ച് യുപി സര്‍ക്കാരിനോട് ജൂലൈ 17ന് ഉത്തരവ് പ്രകാരം എടുത്ത നടപടികള്‍ വ്യക്തമാക്കുന്ന മറുപടി ഫയല്‍ ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. വിധിയനുസരിച്ച് അറവുശാലകള്‍ അടച്ചവര്‍ക്കും പുതിയ ലൈസന്‍സിനും ലൈസന്‍സ് പുതുക്കുന്നതിനുമായി അപേക്ഷിക്കാം. യുപി തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി, അധികാരം ലഭിച്ചയുടനെ അനധികൃത അറവുശാലകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. അനധികൃത അറവുശാലകളെയാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും അംഗീകൃത അറവുശാലകള്‍ക്ക് നേരേയും നടപടികളുണ്ടായി. മാംസ വ്യാപാരികള്‍ സമരത്തിനിറങ്ങിയപ്പോള്‍ ലഖ്‌നോവിലെ പ്രശസ്ത കബാബ് വില്‍പന കേന്ദ്രം ഒരുദിവസം അടച്ചിട്ട് പ്രതിഷേധിച്ചു. അതേസമയം, സംസ്ഥാനത്തെ ഭൂരിഭാഗം അറവുശാലകളും ശുചിത്വക്കുറവ്്, സൗകര്യമില്ലായ്മ എന്നിവ കാരണം അനധികൃത അറവുശാലകള്‍ തന്നെയാണ് എന്നും ആരോപണമുണ്ട്. പൊതുതാല്‍പര്യ ഹരജിയോടൊപ്പം ലൈസന്‍സ് പുതുക്കുന്നതിനായി വ്യക്തികളില്‍നിന്നു ലഭിച്ച റിട്ട് ഹരജികളും ചേര്‍ത്താണ് കോടതി നടപടി.
Next Story

RELATED STORIES

Share it