Alappuzha local

അരൂര്‍-അരൂക്കുറ്റി റോഡിന്റെ പുനര്‍നിര്‍മാണം ഇന്നു മുതല്‍



പൂച്ചാക്കല്‍: അരൂര്‍-അരൂക്കുറ്റി റോഡിന്റെ പുനര്‍ നിര്‍മാണം ഇന്നു മുതല്‍ തുടങ്ങും. ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് രാത്രി 8 മുതല്‍ രാവിലെ അഞ്ച് വരെയാണ് നിര്‍മാണം നടത്തുക. രാത്രിയില്‍ അരൂര്‍ ക്ഷേത്രം മുതല്‍ അരൂക്കുറ്റി വരെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെടും. രാത്രി വൈകിവരുന്ന വാഹനങ്ങള്‍ തൈക്കാട്ടുശ്ശേരി പാലം വഴി പോവണം. മഴ തടസ്സമായില്ലെങ്കില്‍ രണ്ടു മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് പദ്ധതി. റോഡിന് സമീപം താമസിക്കുന്നവര്‍ക്ക് ഇത് സമ്പന്ധിച്ച അറിയിപ്പ് അധികൃതര്‍ നല്‍കി. പകല്‍ സമയത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്തില്ല. പതിവായി റോഡ് തകരുന്ന ഭാഗങ്ങളില്‍ ടൈലുകള്‍ പാകും.  റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാവുമ്പോഴാണ് വലിയ ഗര്‍ത്തങ്ങള്‍ രൂപപ്പെടുന്നത്. റോഡിനോട് ചേര്‍ന്ന് കാന നിര്‍മിച്ചാല്‍ വെള്ളക്കെട്ട് പരിഹരിക്കാനാവുമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ റോഡ് ഉയര്‍ത്തി പണിയുന്നതിനാല്‍ വെള്ളം സമീപത്തെ വീടുകളിലേക്കും മറ്റും ഒഴുകാനാണ് സാധ്യത. പൊതുമരാമത്ത് വകുപ്പ് 1.80 കോടി രൂപ ചെലവിലാണ് നിര്‍മാണം നടത്തുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി കുഴികള്‍ രൂപപ്പെട്ട് തകര്‍ന്ന് കിടക്കുകയാണ് അരൂര്‍-അരൂക്കുറ്റി റോഡ്. നിരവധി യാത്രക്കാരാണ് ഇവിടെ അപകടത്തില്‍പ്പെട്ടിടുള്ളത്. റോഡ് പുനര്‍ നിര്‍മിക്കണമെന്നാവശ്യപ്പെട്ട് നിരവധി സമരങ്ങളും നടന്നിട്ടുണ്ട്. വിവിധ സംഘടനകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രക്ഷോഭത്തെ തുടര്‍ന്ന് പല തവണ റോഡ് പുനര്‍ നിര്‍മിച്ചെങ്കിലും വീണ്ടും തകരുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് അരൂക്കുറ്റി, വടുതല, പാണാവള്ളി, പൂച്ചാക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പമാര്‍ഗം എത്താന്‍ കഴിയുന്നതാണ് ഈ റോഡ്. ഒക്ടോബര്‍ 13ന് മന്ത്രി ജി സുധാകരനാണ് അരൂര്‍-അരൂക്കുറ്റി റോഡിന്റ പുനര്‍നിര്‍മാണം ഉദ്ഘാടനം ചെയ്തത്.
Next Story

RELATED STORIES

Share it