അരൂരില്‍ പോളിത്തീന്‍ കമ്പനിയില്‍ തീപ്പിടിത്തം; ആറു കോടിയുടെ നഷ്ടം

അരൂര്‍: അരൂര്‍ പുത്തനങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പോളിത്തീന്‍ കമ്പനിയില്‍ അഗ്‌നിബാധ. രണ്ട് ജില്ലകളില്‍ നിന്നുള്ള ഏഴോളം അഗ്‌നിശമന സേന യൂനിറ്റുകള്‍ എത്തിയാണു തീ അണച്ചത്. അരൂര്‍ നടുവിലമുറി ബെനറ്റിന്റേതാണ് കമ്പനി. ഇന്നലെ പുലര്‍ച്ചെ നാലിനായിരുന്നു തീപ്പിടിത്തം. ജില്ലാ ഫയര്‍ ഓഫിസറുടെ നേതൃത്വത്തില്‍ എറണാകുളം, മട്ടാഞ്ചേരി, ശാന്തിനഗര്‍, ക്ലബ് റോഡ്, തൃപ്പൂണിത്തുറ, ആലപ്പുഴ, ചേര്‍ത്തല എന്നിവിടങ്ങളിലെ ഏഴോളം അഗ്‌നിശമന യൂനിറ്റുകള്‍ നടത്തിയ മൂന്ന് മണിക്കൂര്‍ പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് ഷൈന്‍ എന്ന ആളില്‍ നിന്നും ബെനറ്റ് വാങ്ങി നടത്തിവരികയായിരുന്നു കമ്പനി. പ്ലാസ്റ്റിക് കാരിബാഗുകളും പ്ലാസ്റ്റിക് കവറുകളുമാണ് ഇവിടെ നിര്‍മിച്ചിരുന്നത്. സമീപത്തുള്ള വീടുകളില്‍ ചൂട് അനുഭവപ്പെട്ടപ്പോഴാണു കമ്പനിക്ക് തീപിടിച്ചതായി അറിഞ്ഞത്. ഉടന്‍ വൈദ്യുതി ബോര്‍ഡില്‍ നിന്ന് സബ് എന്‍ജിനീയര്‍ മണിക്കുട്ടനും ഓവര്‍സിയറും മറ്റു ജീവനക്കാരും എത്തി കെഎസ്ഇബിയുടെ മൂന്ന് ഫീഡറുകള്‍ ഓഫാക്കി. ജില്ലാ പോലിസ് മേധാവി എസ് സുരേന്ദ്രന്‍, ഡിവൈഎസ്പി എ ജി ലാല്‍, കുത്തിയതോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സജീവ് എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ത്തല സബ്ഡിവിഷനില്‍പ്പെടുന്ന ചേര്‍ത്തല, പട്ടണക്കാട,് മുഹമ്മ, മാരാരിക്കുളം അര്‍ത്തുങ്കല്‍, കുത്തിയതോട്, അരൂര്‍ എന്നീ സ്‌റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥര്‍ സുരക്ഷാ വലയം ഉണ്ടാക്കി അഗ്‌നിശമന സേനയ്ക്ക് സൗകര്യം ഒരുക്കി. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാനുള്ള സാധ്യത മുന്നില്‍ക്കണ്ട് വെള്ളത്തിനു പകരം ഫോമാണ് സേന ഉപയോഗിച്ചത്.  രണ്ട് ടാങ്കറുകളില്‍ കൂടുതല്‍ വെള്ളം എത്തിച്ചാണ് തീ പൂര്‍ണമായും കെടുത്തിയത്.
Next Story

RELATED STORIES

Share it