Kollam Local

അരിപ്പ ഭൂസമരം : പ്രശ്‌ന പരിഹാരത്തിനായി സര്‍വേ നടത്തും



കൊല്ലം:  അരിപ്പ ഭൂസമരത്തിന്റെ ഭാഗമായി പ്രദേശത്ത് കുടില്‍ കെട്ടി സമരം ചെയ്യുന്നവരുടെ കൃത്യമായ കണക്കുകള്‍ ശേഖരിക്കുന്നതിന് വിശദമായ സര്‍വേ നടത്താന്‍ വനം വകുപ്പ്  മന്ത്രി കെ രാജു നിര്‍ദ്ദേശം നല്‍കി. ഭൂപ്രശ്‌നം പരിഹരിക്കുന്നതിന്  വിവിധ സമര സംഘടനാ പ്രതിനിധികളുമായി കലക്ടറേറ്റില്‍  നടന്ന ചര്‍ച്ചയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.പ്രാഥമിക സര്‍വേകളിലുടെ സര്‍ക്കാരിന് ലഭിച്ച കണക്കുകള്‍ അന്തിമമാക്കുന്നതിന്റെ ഭാഗമാണ് നടപടി. മുന്ന് മാസത്തിനുള്ളില്‍ സര്‍വേ പൂര്‍ത്തിയാക്കണം. സമരരംഗത്തുള്ളവരിലെ  ആദിവാസികള്‍ക്ക് വനാവകാശ നിയമപ്രകാരം  പ്രദേശത്ത്  ഉടന്‍ ഒരേക്കര്‍ വീതം ഭൂമി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്.  ഭൂസമരത്തിലെ പട്ടികജാതി, ഇതര വിഭാഗങ്ങളുടെ കാര്യത്തിലും തുടര്‍ നടപടികളുണ്ടാകും. സമ്പുര്‍ണ പാര്‍പ്പിട പദ്ധതി ലൈഫ് മിഷനില്‍ ഇതിനുള്ള സാധ്യത തേടും. സര്‍വേ പുര്‍ത്തിയാകുന്നതോടെ അര്‍ഹരായ ഭൂരഹിതരുടെ കൃത്യമായ കണക്ക് ലഭിക്കും. നിലവില്‍ ഭൂമി സ്വന്തമായി ഉള്ളവരെ കണ്ടെത്താനും ഒഴിവാക്കാനും കഴിയും. സര്‍വേക്ക് ശേഷം പ്രസിദ്ധീകരിക്കുന്ന ലിസ്റ്റില്‍ പരാതിയും ആക്ഷേപമുണ്ടെങ്കില്‍ പരിഗണിക്കും. തുടര്‍ന്ന് അന്തിമ ലിസ്റ്റ് പുറത്തിറക്കും. ഭൂസമരം പരിഹരിക്കുന്നതിന്  എല്ലാ വിഭാഗങ്ങളുടേയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു.ജില്ലാ കലക്ടര്‍ ഡോ. എസ് കാര്‍ത്തികേയന്‍, റൂറല്‍ പോലിസ് മേധാവി ബി അശോകന്‍, സബ് കലക്ടര്‍ ഡോ. എസ് ചിത്ര, എഡിഎം കെ ആര്‍ മണികണ്ഠന്‍, ഡെപ്യുട്ടി കലക്ടര്‍ ( എല്‍ആര്‍ ) ബി ശശികുമാര്‍, വിവിധ സമരസമിതി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it